വി. പോൾ ആറാമൻ പാപ്പ ഇന്ത്യയുടെ പുതിയ സ്വർഗ്ഗീയ മധ്യസ്ഥൻ

ഭാരതത്തിൽ ആദ്യമായി കാലുകുത്തിയ പോൾ ആറാമൻ പാപ്പ വിശുദ്ധ പദവയിലേക്കു ഉയർത്തപ്പെടുമ്പോൾ ഭാരത സഭയ്ക്കു മറ്റൊരു സ്വർഗ്ഗീയ മധ്യസ്ഥനെക്കൂടി ലഭിച്ചിരിക്കുന്നു.

1964 ഡിസംബർ രണ്ടു മുതൽ 5 വരെ മുംബെയിൽ വച്ചു നടന്ന 38 – മത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിൽ പങ്കെടുക്കുന്നതിനാണ് പോൾ ആറാമൻ പാപ്പ ഇന്ത്യയിലെത്തിയത്.

“ഇതു ദൈവഹിതമാണങ്കിൽ ഞാൻ ഭാരതത്തിലേക്കും വരും, ഞാൻ വരും.” ഇന്ത്യൻ സന്ദർശനത്തെക്കുറിച്ചു തീരുമാനമായ രാത്രി 1964 സെപ്റ്റംബർ മുപ്പതാം തീയതി പോൾ ആറാമൻ പാപ്പ കർദ്ദിനാൾ വലേരിയൻ ഗ്രേഷ്യസിനോടു പറഞ്ഞ വാക്കുകളാണിവ.

മുംബെയിലെ സാന്താക്രൂസ് വിമാനത്താവളത്തിലെത്തിയ പാപ്പയെ ഉപരാഷ്ട്രപതി ഡോ. സക്കീർ ഹുസൈൻ, പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി, മഹാരാഷ്ട്ര ഗവർണർ ഡോ. പി.വി ചെറിയാൻ, മുഖ്യമന്ത്രി വി. പി. നായിക്, ഇന്ദിരാ ഗാന്ധി വിജയലക്ഷ്മി പണ്ഡിറ്റ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.

ഭാരതത്തിലേക്കു ആദ്യമായി വന്നപ്പോൾ താൻ അമൂല്യമായി സൂക്ഷിച്ച ഒരു കാസ പോൾ ആറാമൻ സമ്മാനമായി നൽകി. ഭഷ്യക്ഷാമം രൂക്ഷമായിരുന്ന അക്കാലത്തു ഭാരതത്തിനു കൈതാങ്ങായി അൻപതിനായിരം ഡോളർ അന്നത്തെ രാഷ്ട്രപതി ഡോ. എസ്സ് രാധാാകൃഷ്ണനു നൽകുകയുണ്ടായി.

ആദ്യമായി ആറു ഭൂഖണ്ഡങ്ങളിലും യാത്ര ചെയ്ത മാർപാപ്പയാണ് ‘തീർത്ഥാടന പാപ്പ’    (the Pilgrim Pope) എന്നറിയപ്പെടുന്ന പോൾ ആറാമൻ പാപ്പ. പോൾ ആറാമൻ പാപ്പയുടെ ഇന്ത്യൻ സന്ദർശനത്തെക്കുറിച്ചു പീറ്റർ ഹേബിൾത് വൈറ്റ് പോൾ ആറാമൻ (Peter Hebblethwaite, Paul VI) എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു: ‘എല്ലാവർക്കും പാപ്പയുടെ ദയാലുത്വത്തിന്റെയും ചിന്താശീലത്തിന്റെയും കഥകൾ അറിയാവുന്നതാണ്. ഒരു അനാഥക്കുട്ടിക്കു വിശുദ്ധ കുർബാന നൽകാനായി പാപ്പ  മുട്ടുകുത്തി. അനാഥനായ മറ്റൊരു കുട്ടിയെ ആലിംഗനം ചെയ്തു അദ്ദേഹം വിതുമ്പി. ഇന്ത്യയുടെ മത പരാമ്പര്യങ്ങളോടു സൂക്ഷ്മബോധമുണ്ടായിരുന്ന പാപ്പ പരസ്പരം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ക്രിസ്തുവിനു നൂറ്റാണ്ടുകൾക്കു മുമ്പു വിരിചിതമായ ക്രിസ്തുവാഗമനത്തിന്റെ ചൈതന്യം ഭാരതപാരമ്പര്യത്തിലുള്ളതു അദ്ദേഹം ഏറ്റു പാടി “ഞങ്ങളെ അസത്യത്തില്‍ നിന്നും സത്യത്തിലേക്കും, ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും, മരണത്തില്‍ നിന്നും അമരത്ത്വത്തിലെക്കും നയിക്കേണമേ, എല്ലാവര്‍ക്കും ശന്തിയുണ്ടാകട്ടെ.”

ക്രൈസ്തവർ വെറും ന്യൂനപക്ഷമായിരുന്ന ഒരു രാജ്യത്തു വച്ചു ദിവ്യകാരുണ്യ കോൺഗ്രസ്സു നടക്കുന്നതു ആദ്യമായിരുന്നു. 1964 ഇന്ത്യയിൽ ഉണ്ടായിരുന്ന 500 മില്യൺ ജനങ്ങളിൽ കത്തോലിക്കർ വെറും 2.4 മില്യൺ മാത്രമേ ഉണ്ടായിരുന്നുള്ളു. വിശുദ്ധ കുർബാനയിലുള്ള യേശുവിന്റെ യഥാർത്ഥ സാന്നിധ്യം ഉറക്കെ പ്രഘോഷിക്കുക എന്നതായിരുന്നു ഈ ദിവ്യകാരുണ്യ കോൺഗ്രസ്സിന്റെ മുഖ്യ ലക്ഷ്യം. വിശുദ്ധ കുർബാനയെ അധിക്ഷേപിക്കുവാനും അവഹേളിക്കുവാനും ഭാരത സഭയിൽ ധാരാളം  തൽപര കക്ഷികൾ കിടഞ്ഞു പരിശ്രമിക്കുമ്പോൾ വിശുദ്ധ പോൾ ആറാമൻ പാപ്പയുടെ മധ്യസ്ഥ്യം നമുക്കു തേടാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.