വിശുദ്ധനായി ഉയർത്തപ്പെട്ട ചങ്കിലെ വിപ്ലവ രക്തസാക്ഷി: വി. ഓസ്‌കാര്‍ റൊമേരോ

ക്ലിന്റൺ എൻ സി ഡാമിയൻ

ക്ലിന്റൺ എൻ. സി. ഡാമിയൻ

കലാലയ നാളുകളിൽ തീപ്പൊരി പ്രസംഗങ്ങളിൽ വിപ്ലവം പറഞ്ഞില്ലെങ്കിൽ ശ്രോതാക്കളുടെ കൈയ്യടി ഏറ്റുവാങ്ങുക എന്നത് ദുഷ്കരമാണ്. തിരെഞ്ഞടുപ്പുകൾ തൊട്ട് സംവാദ മത്സരങ്ങൾ വരെ വിപ്ലവം നിറഞ്ഞു നിന്നിരുന്ന സമയം. ആയിടയ്ക്കാണ് എഴുപതുകളുടെ അവസാനത്തിലും എൺപതുകളുടെ തുടക്കത്തിലും കത്തോലിക്കാ സഭയിൽ നിറഞ്ഞു നിന്ന ഒരു വിപ്ലവകാരിയെപ്പറ്റി കേൾക്കുന്നത്.

ഏതോ ഒരു വേദിയിൽ ഒരു വൈദീകന്റെ ആർത്തിരമ്പുന്ന പ്രസംഗത്തിൽ നിന്നാണ്  ആദ്യമായി എൽസാൽവഡോറിലെ ആർച്ചു ബിഷപ്പായിരുന്ന ഓസ്‌കാര്‍ റൊമേരോയെപ്പറ്റി കേൾക്കുന്നത്. തുടർന്ന് വായിച്ചറിഞ്ഞതിനെക്കാൾ സഫാരി ടിവിയിലെ ചരിത്രം ചലച്ചിത്രം എന്ന പരിപാടിയിൽ അദ്ദേഹത്തിന്റെ ജീവചരിത്ര ചലച്ചിത്രത്തെപ്പറ്റി കേട്ട് അത് മുഴുവനും കണ്ടു.

നൂറ്റാണ്ടുകൾക്കപ്പുറത്തുള്ള ജീവിതമില്ലിത്. 1980 ൽ തന്റെ പദവികൾക്കും സ്ഥാനമാനങ്ങൾക്കുമപ്പുറത്ത് തന്റെ കൺമുന്നിൽ എൽ സാൽവഡോർ ഏകാധിപത്യ ഭരണകൂടത്താൽ വേട്ടയാടപ്പെട്ട് കൊല്ലപ്പെടുന്ന കർഷകരും സാധാരണക്കാരുമായ മനുഷ്യരുടെ ജീവിതങ്ങൾക്ക് ഭരണകൂടം ഉത്തരം പറയണമെന്ന് നെഞ്ചുവിരിച്ച് പ്രതികരിച്ച ഇടയൻ. വേണമെങ്കിൽ അദ്ദേഹത്തിന് തന്റെ പദവികളുടെ പിൻബലത്തിൽ ഭരണകൂടത്തെ ഭയന്ന് കഴിഞ്ഞുകൂടാമായിരുന്നു എന്നു തോന്നിട്ടുണ്ട്. എന്നാൽ ആദിമ ക്രൈസ്തവ രക്തസാക്ഷികളുടെ ധീരതയും നിണവും അവരുടെ ക്രിസ്തുവിനായി മുഴുവൻ സമർപ്പണവും തന്നെയാണ് ഓസ്കാർ റെമേറോയെ അനീതിക്കെതിരെ ഗർജിക്കുന്ന സിംഹമാക്കി രൂപാന്തരപ്പെടുത്തിയത്.

ചൊല്ലിക്കൊണ്ടിരുന്ന വി. കുർബ്ബാനയുടെ ഇടയ്ക്ക് ഉയർത്തി പിടിച്ച കാസ്സയിലെക്ക് കൂദാശ വചനങ്ങളാൽ തിരുരക്തമായി രൂപാന്തീകരിക്കപ്പെടുന്ന വേളയിൽ ഫാസിസ്റ്റ്‌ ഭരണകൂടം നിറച്ചു നൽകിയ തോക്കുമായി കൊലയാളി ഇരച്ചു വന്ന് ആ നെഞ്ചിലേയ്ക്ക് വെടിയുണ്ടകൾ തറച്ചീടുമ്പോഴും, ആ നെഞ്ച് പിളർന്ന് ചോര പൊട്ടിയൊലിച്ച്, കയ്യിൽ നിന്നും വഴുതി വീണ് ഇരു ചോരകൾ ഒന്നായി തീർന്ന് തന്റെ ജീവിതം കൊണ്ട് ക്രിസ്തുവിന്റെ രക്തസാക്ഷിയായി തീർന്ന ആർച്ച് ബിഷപ്പ് ഓസ്‌കാര്‍ റൊമേരോ.

ഓസ്‌കാര്‍ റൊമേരോയെ വിശുദ്ധനായി കത്തോലിക്കാ സഭ ഉയർത്തിടുമ്പോഴും ആ രക്തസാക്ഷിത്വം പറഞ്ഞീടുന്നു പദവികൾക്കും സ്ഥാനമാനങ്ങൾക്കുമപ്പുറം തെറ്റിനെ തെറ്റെന്ന് വിളിച്ചോതുവാനും ചൂണ്ടി കാട്ടീടുവാനും ഒരു പക്ഷേ അതിന്റെ പേരിൽ ജീവൻ വെടിഞ്ഞാലും അവിടെയൊരു ക്രിസ്തു രൂപപ്പെടുന്നുവെന്ന്.

തോക്ക് കൊണ്ടല്ല അദ്ദേഹം തന്റെ വിപ്ലവാത്മമകമായ  മറുപടികൾ തീർത്തത്. ഒരു ചെകിട്ടത്തടിച്ചവന് മറുചെകിട് കാട്ടി കൊടുത്താണ്. ക്രിസ്തുവിന്റെ സ്വരമായി ഒരു ജനതയ്ക്കായി നിലകൊണ്ടതിന്, സ്വന്തം ജീവൻ നൽകിയതിന് ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധനായി ഉയർത്തി. വിശുദ്ധി നിറഞ്ഞ രക്തസാക്ഷിത്വ കീരിടം ചൂടിയത്.

ക്രിസ്തു കാലങ്ങൾക്കപ്പുറത്ത് വരും തലമുറകൾക്ക് അനീതിയ്ക്കും അക്രമത്തിനും ചൂഷണങ്ങൾക്കുമെതിരെ പോരാടാൻ നൽകിയ മാതൃക നിറഞ്ഞ വിശുദ്ധ ജീവിതം. ജീവൻ പോയാലും സത്യത്തിനു വേണ്ടി നിലകൊള്ളാൻ പഠിപ്പിച്ചു തന്ന എന്റെ ചങ്കിലെ വിപ്ലവ രക്തസാക്ഷി.

ക്ലിന്റൺ എൻ സി ഡാമിയൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.