
“ആ രാത്രിയില്‍ മദറിന്റെ ചിത്രമുള്ള കാശുരൂപത്തിൽ നിന്ന് ഒരു പ്രകാശം എന്നെ വന്നു പൊതിയുന്നതായി തോന്നി. അന്നുവരെ എല്ലാവരും ഭയത്തോടെ നോക്കിയിരുന്ന ആ അര്‍ബുദം പിന്നെ എന്നെ അലട്ടിയിട്ടില്ല” – പറയുന്നത് റായ്ജഞ്ചിയിലെ ഗിരിവർഗ്ഗക്കാരിയായ മോനിക്ക ബെസ്ര എന്ന സ്ത്രീയാണ്. മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുവാന്‍ കാരണമായ ആദ്യ അത്ഭുതമായിരുന്നു മോനിക്കയുടേത്.
മദർ തെരേസയുടെ വിയോഗത്തിനു പിന്നാലെ 1998-ലാണ് യുവതിയുടെ വയറ്റിലെ ട്യൂമർ ഭേദമായതായി ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അടിവയറ്റില്‍ ട്യൂമർ ആണെന്ന് കണ്ടെത്തിയതു മുതല്‍ മോനിക്കാ, മദര്‍ തെരേസയുടെ മാദ്ധ്യസ്ഥ്യം പറഞ്ഞു പ്രാര്‍ത്ഥിച്ചിരുന്നു. മദറിന്റെ ചിത്രമുള്ള കാശുരൂപം വയറിന്മേൽ വച്ചായിരുന്നു പ്രാർത്ഥന. ഒരു ദിവസം രാത്രി കാശുരൂപത്തിൽ നിന്നു തീവ്രമായ പ്രകാശം തന്റെ നേർക്കു വരുന്നതുപോലെ തോന്നിയതായി മോനിക്ക ഇപ്പോഴും ഓർമ്മിക്കുന്നു. അടുത്ത ദിവസം ആശുപത്രിയിൽ പരിശോധിച്ചപ്പോൾ ട്യൂമറിന്റെ ലക്ഷണങ്ങള്‍ പോലും അവരില്‍ അവശേഷിച്ചിരുന്നില്ല. ഇത് വൈദ്യശാസ്ത്രത്തിനു കഴിയാത്ത ഒരു അത്ഭുതമായി സ്ഥിരീകരിച്ചു.
ഇക്കാര്യം കൊൽക്കത്തയിലെ രൂപതാധികൃതർ വഴി വത്തിക്കാനിലെത്തി. നാമകരണ നടപടികൾ ആരംഭിച്ചു. മോനിക്കയെ ചികിത്സിച്ച ഡോക്ടർമാർ അടക്കം അനേകം സാക്ഷികളെ വിസ്തരിച്ചു. ഒടുവില്‍ 2002-ല്‍ ഈ അത്ഭുതം സ്ഥിരീകരികുകയും 2003 ഒക്ടോബർ 19-ന് മദർ തെരേസയെ ജോൺപോൾ രണ്ടാമൻ മാർപാപ്പ കത്തോലിക്കാ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തുകയും ചെയ്തു.