വിശുദ്ധ മദര്‍തെരേസ അയച്ച കത്തുകളുടെ പകര്‍പ്പുകള്‍ പങ്കുവച്ച് കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്‍

വിശുദ്ധ മദര്‍ തെരേസ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്കും തന്റെ ഭാര്യക്കും സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പുകളുടെ ചിത്രങ്ങളുമായി പ്രമുഖ കത്തോലിക്കാ ദൈവശാസ്ത്രജ്ഞനായ സ്‌കോട്ട് ഹാന്‍. വിശുദ്ധ തന്റെ സ്വന്തം കൈപ്പടയില്‍ അയച്ച കുറിപ്പുകളുടെ ചിത്രങ്ങള്‍, മദറിന്റെ ചരമദിനമായ സെപ്റ്റംബര്‍ അഞ്ചിനാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

‘ഇന്നു തിരുസഭ കല്‍ക്കത്തയിലെ വിശുദ്ധ മദര്‍ തെരേസയുടെ തിരുനാള്‍ ആഘോഷിക്കുന്നു. ഈ ദിവസമാണ് (1997 സെപ്റ്റംബര്‍ 5) ദൈവം വിശുദ്ധയെ തന്റെ സന്നിധിയിലേക്ക് തിരികെ വിളിച്ചത്. മരിക്കുന്നതിന് ഒരുവര്‍ഷം മുന്‍പ് സ്‌നേഹനിധിയായ വിശുദ്ധയുടെ സ്വന്തം കൈപ്പടയില്‍ എഴുതിയ ഓരോ കുറിപ്പുകള്‍ എനിക്കും കിംബര്‍ലിക്കും ലഭിക്കുവാന്‍ തക്കവിധം ഞങ്ങള്‍ അനുഗ്രഹീതരായി. വിശുദ്ധ മദര്‍ തെരേസേ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെ!!’

കത്തിലെ ചില എഴുത്തുകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ‘പ്രിയപ്പെട്ട കിംബര്‍ലി, യേശുവിനെ സ്‌നേഹിക്കുന്നതിന്റെ ആനന്ദം നിന്റെ ഹൃദയത്തില്‍ സൂക്ഷിക്കുകയും നീ കാണുന്നവരുമായി പങ്കുവെക്കുകയും ചെയ്യുക, പ്രത്യേകിച്ച് നിന്റെ കുടുംബവുമായി. പരിശുദ്ധ കന്യകാമാതാവിന്റെ സഹായം അപേക്ഷിക്കുക, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ, എം. തെരേസ, എം.സി’ എന്നാണ് വിശുദ്ധ, സ്‌കോട്ട് ഹാന്റെ ഭാര്യയായ കിംബര്‍ലിക്കയച്ച കുറിപ്പില്‍ പറയുന്നത്. ‘പ്രിയപ്പെട്ട സ്‌കോട്ട്, മറിയത്തിലൂടെ യേശുവിന് വേണ്ടി മാത്രമായിരിക്കൂ. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. എം. തെരേസ, എം.സി’ എന്നാണ് സ്‌കോട്ടിനയച്ച കുറിപ്പില്‍ വിശുദ്ധ സൂചിപ്പിച്ചിരിക്കുന്നത്.