വി. മാക്സിമില്യൻ കോൾബേ

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ഇരുൾമൂടിയ ഒരു കാലഘട്ടത്തിൽ വലിയൊരു പ്രകാശകിരണമായി അനേകരെ പ്രചോദിപ്പിച്ച വി. മാക്സിമില്യൻ കോൾബെയുടെ തിരുനാളാണ് ആഗസ്റ്റ് പതിനാലിന്. ഹിറ്റ്ലറിന്റെ കുപ്രസിദ്ധമായ ഔഷ്വിറ്റ്സ് എന്ന മരണത്തടവറയിൽ, കൊല്ലാൻ വിധിക്കപ്പെട്ട ഒരു മനുഷ്യനുവേണ്ടി തന്റെ നാല്പത്തിയേഴാം വയസ്സിൽ ജീവൻ ബലികഴിച്ച ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യൻ. രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ നാത്‌സികൾ നടത്തിയ മനുഷ്യക്കുരുതിയിൽ യൂറോപ്പിൽ ഏറ്റവും കൂടുതൽ ജൂതന്മാരുടെ ജീവനെടുത്ത മരണത്താഴ്‌വരയായിരുന്നു ഔഷ്വിറ്റ്സ്. കോൾബെയുടെ ജീവിതത്തിൽ നിന്നും പ്രസരിക്കുന്ന പ്രകാശത്തിന്റെ പ്രതീകമായി, അദ്ദേഹം കൊല്ലപ്പെട്ട തടവറയിൽ ഒരു മെഴുതിരി ഇപ്പോഴും ജ്വലിച്ചുനിൽക്കുന്നു.

റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പോളണ്ടിലെ സ്ടുൻസ്‌ക വോള എന്ന പട്ടണത്തിൽ ജൂലിയസിന്റെയും മരിയയുടെയും അഞ്ചുമക്കളിൽ രണ്ടാമനായി 1894 ജനുവരി 8-ന് കോൾബെ ജനിച്ചു. തന്റെ മൂത്ത സഹോദരന്റെ പാത പിന്തുടർന്ന് ഫ്രാൻസിസ്കൻ ആശ്രമത്തിൽ ചേർന്ന് 1914-ൽ മാക്സിമില്യൻ മരിയ കോൾബെ എന്ന പേരിൽ നിത്യവ്രതം സ്വീകരിച്ചു. തുടർന്ന് റോമിൽ നിന്ന് തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ഡോക്‌ടര്‍ ബിരുദം സമ്പാദിച്ചു. വി. ഫ്രാൻസിസ് സേവ്യറിനെപ്പോലെ വലിയൊരു മിഷനറി ആകാനാഗ്രഹിച്ച് ചൈനയിലെ ഷാൻഹായിലും ജപ്പാനിലെ നാഗസാക്കിയിലും പോയെങ്കിലും അനാരോഗ്യം കാരണം പോളണ്ടിലേയ്ക്ക് തിരികെപ്പോന്നു. മടക്കയാത്രയിൽ കൊച്ചിയിൽ കുറച്ചുനാൾ താമസിച്ചുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ പറയുന്നു.

കോൾബെ ആരംഭിച്ച അച്ചടിശാലയിലൂടെ നാത്‌സികൾക്കെതിരെ എഴുതുന്നുവെന്നാരോപിച്ച് 1939 സെപ്റ്റംബർ 19-ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പിന്നീട് 1941 മെയ് 28-ന് മറ്റനേകം തടവുകാരോടൊത്ത് ഔഷ്വിറ്റ്സിൽ എത്തിച്ചു. സഹതടവുകാരെ ധൈര്യപ്പെടുത്തി, അവരോടൊത്ത് പ്രാർത്ഥിച്ചു, അവരുടെ കുമ്പസാരം കേട്ട് കോൾബെ എല്ലാവരെയും സഹായിച്ചു. അങ്ങനെയിരിക്കെ തടവുചാടിയ ഒരാൾക്കു പകരം പത്തുപേരെ വധിക്കാനായി ക്യാമ്പിന്റെ കമാണ്ടറായ കാൾ ഫ്രിച്ച് ഉത്തരവിട്ടു. ഫ്രാൻസിചെക് ഗ്യോവ്നിചെക് എന്ന തടവുകാരൻ ഭാര്യയെയും തന്റെ മക്കളെയും വിളിച്ചു നിലവിളിച്ചപ്പോൾ കോൾബെ മുമ്പോട്ട് വന്നു പറഞ്ഞു: “ഈ മനുഷ്യന്റെ സ്ഥാനം ഞാൻ ഏറ്റെടുക്കാം.” കമാണ്ടർ പ്രത്യുത്തരിച്ചു: “ആവശ്യം അംഗീകരിച്ചിരിക്കുന്നു.” പട്ടിണിക്കിട്ട് കൊല്ലാൻ വിധിച്ച അവരിൽ കോൾബെ ഒഴികെയുള്ളവർ രണ്ടാഴ്ചയ്ക്കുള്ളിൽ മരിച്ചു. മരണത്തെ ഭയമില്ലാതിരുന്ന കോൾബെയെ സമീപിക്കാൻ മരണത്തിനു ഭയമായിരുന്നു. പിന്നീട് മാരകമായ ഫിനോൽ കുത്തിവച്ചാണ് അദ്ദേഹത്തെ കൊന്നത്. മാതാവിനെ അതിയായി സ്നേഹിച്ചിരുന്ന കോൾബെ, സ്വർഗ്ഗാരോപണ തിരുനാളിന് ഒരുദിവസം മുമ്പ്, 1941 ആഗസ്റ്റ് 14-ന് തന്റെ നിത്യസമ്മാനത്തിനായി സ്വർഗ്ഗത്തിലേയ്ക്ക് പോയി (കൂടുതൽ വിശദീകരണത്തിന് ജനുവരി 31, ഫെബ്രുവരി 20, ആഗസ്റ്റ് 5 തീയതികളിലെ വിചിന്തനം കാണുക).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.