ദൈവം കൂട്ടിനുണ്ടെങ്കില്‍…

ഫാ. ജെൻസൺ ലാസലെറ്റ്
ഫാ. ജെൻസൺ ലാസലെറ്റ്

ഭാര്യ മരിച്ചതില്‍പിന്നെ അയാള്‍ അധികമാരോടും മിണ്ടാറില്ല. വല്ലാത്ത മൂകത. ആ ഒറ്റപ്പെടലില്‍ നിന്നും കരകയറാന്‍ അയാളെടുത്ത തീരുമാനം, 25 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒഴിവാക്കിയ മദ്യപാനത്തിലേയ്ക്കുള്ള മടക്കയാത്രയായിരുന്നു. ‘ഞാനും അവളോടുകൂടെ പോകും’ എന്ന് അയാള്‍ ആവര്‍ത്തിച്ചു പറയാന്‍ തുടങ്ങിയപ്പോള്‍ മക്കള്‍ അപകടം മണത്തു. അവരാണ് അയാളെ ആശ്രമത്തില്‍ എത്തിച്ചത്.

അയാള്‍ക്കുവേണ്ടി നന്നായി പ്രാര്‍ത്ഥിച്ചതിനുശേഷം ഞാന്‍ ചോദിച്ചു: “എന്തുപറ്റി ചേട്ടന്, ഭാര്യ മരിച്ചതിന്റെ ദു:ഖമാണോ? ആ ദു:ഖം മാറാനാണോ വീണ്ടും മദ്യപിച്ചത്?”

“അതെ അച്ചോ. അവള്‍ പോയതില്‍ പിന്നെ വല്ലാത്ത ഏകാന്തത. പെട്ടന്ന് തനിച്ചായതുപോലെ. അച്ചനറിയുമോ, വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ ഞാനൊരു മൃഗമായിരുന്നു. ആദ്യരാത്രി തന്നെ മദ്യപിച്ചാണ് കിടപ്പറയിലെത്തിയത്. അന്ന് ഒഴുകിത്തുടങ്ങിയതാണ് അവളുടെ കണ്ണീര്‍. എനിക്ക് കോപം വന്നാല്‍ പിന്നെ എന്താ ചെയ്യുന്നതെന്ന് എനിക്കു പോലും അറിയില്ല. പാത്രം എടുത്തെറിയുക, ദേഹോപദ്രവം ചെയ്യുക, ചീത്ത വിളിക്കുക…

എന്നാല്‍ അവള്‍ എല്ലാം സഹിച്ചു. 3 മക്കള്‍ക്ക് ജന്മം നല്‍കി. മക്കളെയും എനിക്ക് സ്‌നേഹിക്കാനായില്ല. ഒരിക്കല്‍ മദ്യപിച്ച് വാഹനമോടിക്കുമ്പോള്‍ എനിക്ക് അപകടം പറ്റി. അന്നെനിക്ക് 52 വയസുണ്ട്. അത്യാസന്ന നിലയില്‍ ആശുപത്രിയിലായ എനിക്ക് 48 മണിക്കൂറിനുശേഷമാണ് ബോധം തിരിച്ചുകിട്ടിയത്. വീട്ടിലെത്തിയ എന്നെ ശുശ്രൂഷിച്ചതെല്ലാം അവളായിരുന്നു. ആ ദിവസങ്ങളില്‍ ഞാനവളോട് ചോദിച്ചു: “നിനക്കെങ്ങനെ കഴിയുന്നു എന്നെപ്പോലെ ഒരാളെ സ്‌നേഹിക്കാന്‍?”

അല്പനേരം മിണ്ടാതിരുന്ന അവള്‍ ഇങ്ങനെ പറഞ്ഞു: “നിങ്ങളെ ഞാന്‍ ഒരിക്കലും വെറുത്തിട്ടില്ല. ശരിയാണ്, നിങ്ങളുടെ മദ്യപാനവും മദ്യപിക്കുമ്പോഴുള്ള പ്രകൃതവുമെല്ലാം എന്നെ വിഷമിപ്പിച്ചിട്ടുണ്ട്. എനിക്കൊരു പ്രാര്‍ത്ഥനയേ അന്നും ഇന്നും ഉള്ളൂ; എന്നെങ്കിലും എന്റെ ഭര്‍ത്താവിന് തിരിച്ചറിവ് നല്‍കി എന്റെയും മക്കളുടെയും സ്‌നേഹം മനസിലാക്കാന്‍ കഴിയണേ…”

അല്പനേരത്തെ മൗനത്തിനുശേഷം അയാള്‍ തുടര്‍ന്നു: “എഴുന്നേറ്റ് അവളുടെ കാലുപിടിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിന് കഴിയാത്തതിനാല്‍ അവളുടെ കരം പിടിച്ച് ഞാന്‍ കരഞ്ഞു; മാപ്പപേക്ഷിച്ചു. പുതിയ മനുഷ്യനാകാമെന്ന് വാക്കു കൊടുത്തു. അന്നു മുതല്‍ ഞങ്ങളുടെ ഭവനം സ്വര്‍ഗമായി. എന്നാല്‍ അവള്‍ മരിച്ചതില്‍ പിന്നെ എങ്ങനെയോ പഴയ ജീവിതത്തിലേയ്ക്ക് തിരിച്ചുപോയി.”

കുറച്ചു സമയം പ്രാര്‍ത്ഥിച്ചിട്ട് ഞാനിങ്ങനെ പറഞ്ഞു: “വീണ്ടും മദ്യപിച്ചു തുടങ്ങിയിട്ട് മനസമാധനം ലഭിക്കുന്നുണ്ടോ?”

“ഇല്ലച്ചോ, മദ്യപിച്ചതിനുശേഷം കുറ്റബോധം മാത്രമേയുള്ളു.”

“ചേട്ടായിക്കറിയുമോ, നിങ്ങളുടെ ഭാര്യ സ്വര്‍ഗത്തിലിരുന്ന് വിലപിക്കുന്നുണ്ടാകും. അവള്‍ ചേട്ടായിയുടെ കൂടെയുണ്ടെന്നു കരുതുക. അവള്‍ക്ക് കൊടുത്ത വാക്ക് നിറവേറ്റുന്നതിലൂടെയല്ലേ അവളുടെ ആത്മാവ് സന്തോഷിക്കൂ. അവളില്ലെങ്കിലും മക്കളില്ലേ കൂടെ?എല്ലാത്തിനുമുപരിയായി കൂട്ടിന് ദൈവമുണ്ടെന്ന് വിശ്വസിക്കുക. ദൈവത്തോളം വരില്ലല്ലോ മദ്യം തരുന്ന ആശ്വാസം?”

ഒരു ഉറച്ച തീരുമാനമെടുത്ത അയാള്‍ തുടര്‍ന്ന് പുതിയ ജീവിതം ആരംഭിച്ചു. ജീവിതത്തില്‍ ആര്‍ക്കാണ് തെറ്റ് പറ്റാത്തത്? എന്നാല്‍ ഒരു തിരിച്ചറിവു ലഭിച്ചതിനുശേഷം വീണ്ടും അതേ തെറ്റിന്റെ വഴിയേ സഞ്ചരിച്ചു തുടങ്ങിയാല്‍ നമ്മുടെ നാശത്തിലേയ്ക്കുള്ള വഴി വെട്ടുന്നത് നാം തന്നെയായിരിക്കും. ശരിയാണ്, ക്രിസ്തു വന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ വിളിക്കാനാണ് (Ref: മത്തായി 9:13). എന്നാല്‍ അവന്‍ നല്‍കുന്ന അവസരങ്ങള്‍ പാഴാക്കിക്കളയുമ്പോള്‍ പിന്നെ ആര്‍ക്കാണ് നമ്മെ രക്ഷിക്കാനാകുക?

വി.മത്തായി ശ്ലീഹായുടെ തിരുനാള്‍ മംഗളങ്ങള്‍!
ഫാദര്‍ ജെന്‍സണ്‍ ലാസലെറ്റ്

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.