ഈ ചെറുപ്രാര്‍ത്ഥനയിലൂടെ പരിശുദ്ധ മറിയത്തിന് നമ്മുടെ ഹൃദയങ്ങളെ സമര്‍പ്പിക്കാം

ഈശോയുടെ തിരുഹൃദയത്തിരുനാളിന് പിന്നാലെ തിരുസഭ ആഘോഷിക്കുന്ന തിരുനാളാണ് പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന്റേത്. പരസ്പരം ചേര്‍ന്നിരിക്കുന്ന രണ്ട് ഹൃദയങ്ങളായതിനാല്‍ തന്നെ, പരിശുദ്ധ മാതാവിന്റെ തിരുഹൃദയത്തിന് നല്‍കുന്ന ഭക്തിയും ആദരവും ഈശോയുടെ തിരുഹൃദയത്തിന് കൂടിയാണ് ലഭിക്കുക. അനേകം വിശുദ്ധര്‍ സാക്ഷ്യപ്പെടുത്തിയ ഒരു കാര്യം കൂടിയാണ് പരിശുദ്ധ അമ്മയുടെ തിരുഹൃദയത്തിലേക്ക് നമ്മെ സമര്‍പ്പിച്ച് കഴിഞ്ഞാല്‍ ഈശോയുമായി വളരെ ആഴമേറിയ അടുപ്പം സ്വന്തമാക്കാന്‍ നമുക്ക് കഴിയും എന്നത്.

സെന്റ് വിന്‍സെന്റ് പ്രെയര്‍ മാനുവലില്‍ ഇക്കാര്യം വളരെ വ്യക്തമായി പറയുന്നുണ്ട്. ഒന്നിച്ച് ചേര്‍ന്നിരിക്കുന്ന രണ്ട് ഹൃദയങ്ങളാണ് ഈശോയുടേയും പരിശുദ്ധ മറിയത്തിന്റേതുമെന്നും അതുകൊണ്ട് ഏതെങ്കിലും ഒരു ഹൃദയത്തെ പ്രീതിപ്പെടുത്തുക എന്നത് സാധ്യമല്ലെന്നും പരിശുദ്ധ മറിയത്തിന്റെ ആര്‍ദ്രത നിറഞ്ഞ ഹൃദയത്തിലൂടെയാണ് ഈശോയുടെ തിരുഹൃദയത്തില്‍ അഭയം തേടേണ്ടതെന്നുമാണ് അതില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി, പരിശുദ്ധ മറിയത്തിന്റെ തിരഹൃദയത്തിലേക്ക് സ്വയം സമര്‍പ്പിച്ചുകൊണ്ട് ഈശോയുടെ തിരുഹൃദയത്തിലേയ്ക്ക് പ്രവേശിക്കാനായി ഒരു പ്രാര്‍ത്ഥനയും മാനുവലില്‍ അവതരിപ്പിക്കുന്നുണ്ട്. ഈശോയുമായി ആത്മാര്‍ത്ഥ സൗഹൃദം ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്രാര്‍ത്ഥന ജീവിതത്തിന്റെ ഭാഗമാക്കാം. അതിങ്ങനെയാണ്…

‘ഓ..ദൈവത്തിന്റെ പരിശുദ്ധ അമ്മേ, സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും മഹത്വമുള്ള രാജ്ഞീ, അങ്ങയെ എന്റെ അമ്മയായും അങ്ങയുടെ തിരുക്കുമാരന്റെ സിംഹാസനത്തിന് മുമ്പില്‍ എന്റെ അഭിഭാഷകയായും ഞാന്‍ സ്വീകരിക്കുന്നു. എന്റെ ഹൃദയത്തെ ഞാനിതാ അങ്ങേ തിരുഹൃദയത്തിലേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അപകടസമയങ്ങളിലും എന്റെ മരണസമയത്തും അങ്ങളുടെ കരങ്ങളില്‍ മാത്രമേ അതിന് സുരക്ഷയുള്ളൂ.

എന്റെയീ സമര്‍പ്പണത്തിന് സാക്ഷികളായിരിക്കുന്ന മാലാഖമാരേ, വിധിദിവസത്തില്‍ എനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ നിന്ന് എന്നെ പൊതിഞ്ഞുപിടിക്കണമേ, എന്നെ സന്തോഷിപ്പിക്കണമേ. യഥാര്‍ത്ഥ അനുതാപത്തിന്റെയും നിത്യജീവിതത്തിന് ആവശ്യമായ കൃപാദാനങ്ങളുടെയും സമ്മാനപ്പൊതി ഈശോയിലും പരിശുദ്ധ അമ്മയിലും നിന്ന് എനിക്ക് വാങ്ങിത്തരണമേ.. ആമ്മേന്‍.