ദാനധര്‍മ്മത്തിന് ഇടത്തരം സാമ്പത്തിക സ്ഥിതി തടസമാകുന്നുണ്ടോ? പരിഹാരം ഇതാ

അതിസമ്പന്നരുടെയും പാവപ്പെട്ടവരുടെയും ഇടയില്‍ നിലകൊള്ളുന്ന കൂട്ടരാണ് ഇടത്തരക്കാര്‍. അവര്‍ക്ക് അവരുടെ കാര്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയില്ല. എന്നാല്‍, ഉദാരമായി ചെലവഴിക്കാനുള്ള പണമില്ലാതാനും. അത്തരക്കാരെ അലട്ടുന്ന ഒരു ചിന്തയാണ് പാവങ്ങള്‍ക്ക് എന്തെങ്കിലും ഉദാരമായി ദാനം നല്‍കാന്‍ തങ്ങള്‍ക്ക് സാധിക്കുന്നില്ല, തങ്ങളുടെ സാമ്പത്തികസ്ഥിതി അതിന് അനുവദിക്കുന്നില്ല എന്നത്. എന്നാല്‍ ഇത്തരക്കാര്‍ക്ക് മാതൃകയാക്കാന്‍ സാധിക്കുന്ന ഒരു വിശുദ്ധനുണ്ട്.

വി. കൊച്ചുത്രേസ്യയുടെ പിതാവായ വി. ലൂയിസ് മാര്‍ട്ടിന്‍ ഇത്തരത്തിലുള്ള ആളായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന ഇടത്തരം സാമ്പത്തികമുള്ള കുടുംബനാഥന്‍. എളിമയില്‍ ജീവിച്ചുകൊണ്ട്, സ്വയം വിനീതനായിക്കൊണ്ട് തന്നേക്കാള്‍ താഴ്ന്നവരെ കൈപിടിച്ചുയര്‍ത്താന്‍ അദ്ദേഹം നിരന്തരം ശ്രമിച്ചിരുന്നു.

എന്തുകൊണ്ടാണ് താങ്കള്‍ ദിവസവും രാവിലെ ആറിന്റെ കുര്‍ബാനയ്ക്ക് പോകുന്നത് എന്ന ചോദ്യത്തിന് വി. ലൂയിസ് മാര്‍ട്ടിന്‍ നല്‍കിയിരുന്ന ഉത്തരം ആ കുര്‍ബാനയ്ക്കാണ് പാവങ്ങളും തൊഴിലാളികളും വരുന്നതെന്നായിരുന്നു. അതുപോലെ തന്നെ യാത്രകളില്‍ ഏറ്റവും താഴ്ന്ന ക്ലാസ് മാത്രമേ അദ്ദേഹം തിരഞ്ഞെടുത്തിരുന്നുള്ളൂ. അതും പാവങ്ങളോട് ഇടപഴകുന്നതിനായിട്ടായിരുന്നു. അതുപോലെ തന്നെ ആരെങ്കിലും എന്തെങ്കിലും സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അറിഞ്ഞാല്‍ സ്വന്തമായുള്ള എന്തെങ്കിലും വിറ്റിട്ടായാലും അദ്ദേഹം അവരെ ഉടനടി സഹായിച്ചിരുന്നു.

ഒരിക്കല്‍ ദേവാലയമുറ്റത്ത് വച്ച് ഒരു വ്യക്തി ഭക്ഷണത്തിന് പണം ചോദിച്ചപ്പോള്‍ ലൂയിസ് ആ വ്യക്തിയെ തന്റെ വീട്ടിലേക്ക് വിളിച്ച് ഭക്ഷണം കൊടുക്കുകയും അദ്ദേഹം യാത്രപറഞ്ഞ് ഇറങ്ങിയപ്പോള്‍ തന്നെ അനുഗ്രഹിക്കണം എന്നുപറഞ്ഞ് ആ മനുഷ്യന്റെ മുന്നില്‍ മുട്ടുകുത്തുകയും ചെയ്തിട്ടുണ്ട്.

ഇടത്തരക്കാരാണെന്ന കാരണത്താല്‍ ആരെയെങ്കിലും ഉദാരമായി സഹായിച്ചതുകൊണ്ട് തങ്ങള്‍ ദാരിദ്ര്യത്തിലാകുമെന്ന് ചിന്തിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നാണ് വി. ലൂയിസ് മാര്‍ട്ടിന്റെ ജീവിതം പഠിപ്പിക്കുന്നത്. അതുപോലെ തന്നെ പാവങ്ങളോട് കൂട്ടുചേരുന്നതും അവരോട് അനുകമ്പയോടെ പെരുമാറുന്നതും ദാനധര്‍മ്മത്തിന് തുല്യമാണെന്നും അദ്ദേഹം കാട്ടിത്തരുന്നു. ഇത്തരം പ്രവര്‍ത്തികളെല്ലാം നമ്മുടെ കുടുംബത്തിന്റെ ഭൗതികവും ആത്മീയവുമായ വളര്‍ച്ചയ്‌ക്കേ കാരണമാകുകയുള്ളൂ എന്നും അദ്ദേഹം തന്റെ പ്രവര്‍ത്തിയിലൂടെ തെളിയിച്ചിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.