അമ്മയുടെ വികൃതിക്കുട്ടിയായിരുന്ന വിശുദ്ധ മാക്‌സി മില്ല്യണ്‍ കോള്‍ബെ

രണ്ടാം ലോകമഹായുദ്ധ കാലത്ത് തടവുകാരനാവുകയും സഹതടവുകാരുടെ ഇടയില്‍ പൗരോഹിത്യ കടമകള്‍ നിര്‍വഹിക്കുകയും പിന്നീട് രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത വിശുദ്ധനാണ് മാക്‌സി മില്ല്യണ്‍ കോള്‍ബെ. പരിശുദ്ധ മറിയത്തോട് പ്രത്യേക സ്‌നേഹവും ഭക്തിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാല്‍ തന്റെ കുട്ടിക്കാലത്ത് സ്വന്തം അമ്മയെ കുറച്ചധികം ബുദ്ധിമുട്ടിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം.

വി. കോള്‍ബെയുടെ ജീവചരിത്രത്തില്‍ ഫാ. ജെറമിയ ജെ. സ്മിത്ത് ഇതേക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് കുസൃതി നിറഞ്ഞ കുട്ടിയായിരുന്നു അദ്ദേഹമെന്നാണ് ഫാ. ജെറമിയ പറയുന്നത്. പലപ്പോഴും അദ്ദേഹത്തിന്റെ കുസൃതിത്തരങ്ങള്‍ അപകടങ്ങളിലേയ്ക്കും അദ്ദേഹത്തെ നയിച്ചുണ്ടത്രേ. അദ്ദേഹത്തിന്റെ ഈ സ്വഭാവം കാരണം ബുദ്ധിമുട്ടിയിരുന്നത്, വിശുദ്ധന്റെ മാതാവും.

എന്നാല്‍ മറ്റൊരു രസകരമായ കാര്യം എന്തെങ്കിലും കുസൃതി കാണിച്ച് കഴിഞ്ഞാല്‍ ഒട്ടും താമസിയാതെ അദ്ദേഹം ഒരു ചൂരല്‍ എടുത്ത് അമ്മയുടെ കൈയില്‍ കൊടുത്ത് ശിക്ഷ ഏറ്റുവാങ്ങാനായി നിന്നു കൊടുക്കും. ഒരിക്കല്‍ വിശുദ്ധന് പത്ത് വയസുള്ളപ്പോള്‍, ആദ്യകുര്‍ബാന സ്വീകരണം കഴിഞ്ഞതിന്റെ അടുത്ത നാളില്‍ വലിയ കുസൃതി അദ്ദേഹം ഒപ്പിച്ചു. ദേഷ്യം വന്ന അമ്മ അദ്ദേഹത്തോട് പറഞ്ഞു’ നീ ഭാവിയില്‍ എങ്ങനെയായി തീരുമെന്ന് ഞാന്‍ ഭയക്കുന്നു’ എന്ന്. ഈ വാക്കുകള്‍ വിശുദ്ധനെ സ്പര്‍ശിച്ചു. അന്നുമുതല്‍ അദ്ദേഹം പരിശുദ്ധ മറിയത്തോട് പ്രാര്‍ത്ഥനയിലൂടെ ചോദിച്ചു തുടങ്ങി, ഞാന്‍ ഭാവിയില്‍ ആരായി മാറുമെന്ന്.

അത്തരമൊരു പ്രാര്‍ത്ഥനയില്‍ പരിശുദ്ധ മറിയം അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ട് വെളിപ്പെടുത്തി, വിശുദ്ധിയ്ക്കും രക്തസാക്ഷിത്വത്തിനും വേണ്ടിയാണ് നീ വിളിക്കപ്പെട്ടിരിക്കുന്നതെന്ന്. പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വന്ന മാറ്റമാണ് അദ്ദേഹത്തെ പൗരോഹിത്യ ജീവിതത്തിലേയ്ക്കും രക്തസാക്ഷിത്വത്തിലേയ്ക്കും വിശുദ്ധ പദവിയിലേയ്ക്കും നയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.