കൊല്ലപ്പെട്ട അമ്മയും മകനും – വി. ജൂലിയറ്റും വി. കുര്യാക്കോസും

ഫാ. സാർഗൻ കാലായിൽ, OSB

ഡയക്ലീഷ്യൻ ചക്രവർത്തിയുടെ മതപീഡനകാലത്ത് റോമൻ സാമ്രാജ്യത്തിലെ ഇക്കോണിയായിൽ ജീവിച്ചിരുന്ന ഒരു അമ്മയും മകനുമാണ് ജൂലിയറ്റും കുര്യാക്കോസും. നാലാം നൂറ്റാണ്ടിൽ നടമാടിയിരുന്ന മതപീഡനകാലത്ത് വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച ക്രിസ്തുവിന്റെ ധീരപടയാളികളാണ് ഈ അമ്മയും മകനും.

ഏഷ്യൻ രാജകുടുംബത്തിലെ കുലീനയും സുന്ദരിയും ഒരു നല്ല ക്രൈസ്തവ വിശ്വാസിയുമായിരുന്നു ജൂലിയറ്റ്. വി. പൗലോസും ബർണബാസും സഭ സ്ഥാപിച്ച ഏഷ്യാ മൈനറിലെ ഇക്കോണിയത്തിലാണ് അവൾ ജനിച്ചത്. ജൂലിയറ്റ്, തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും പാവങ്ങളെ സഹായിച്ചും പ്രാർത്ഥനയിലും ജീവിച്ചുപോന്നു. അവളുടെ ഏകമകൻ കുര്യാക്കോസ് ഈ ഒരു ആത്മീയപശ്ചാത്തലത്തിലാണ് വളർന്നുവന്നത്.

ജൂലിയറ്റ്, തന്റെ ഭർത്താവിനെ നഷ്ടപ്പെട്ടതിനുശേഷം മകനെ സ്വന്തം അദ്ധ്വാനത്തിലൂടെ വളർത്തിക്കൊണ്ടു വന്നു. കുര്യാക്കോസിന് മൂന്നു വയസ്സുള്ളപ്പോൾ ക്രൈസ്തവ മതപീഡനം രൂക്ഷമായി തുടങ്ങി. ഈ ഒരവസ്ഥയിൽ നിന്ന് രക്ഷപെടുവാൻ ജൂലിയറ്റ്, കുര്യാക്കോസിനോടും തന്റെ രണ്ട് ആയമാരോടുമൊപ്പം സിറിയയിലെ സെലൂഷ്യയിലേയ്ക്ക് രക്ഷപെട്ടു. അവിടെയും സ്ഥിതി രൂക്ഷമായതിനാൽ അവർ വി. പൗലോസിന്റെ ജന്മസ്ഥലമായ താർസൂസിലേയ്ക്കു പോയി.

നാടുവാഴി അലക്സാണ്ടർ അവരെ പിടികൂടി തടങ്കലിലാക്കുകയും ദേവന്മാരെ ആരാധിക്കുവാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിന് വിസമ്മതിച്ചതിനാൽ ജൂലിയറ്റിനെ പീഡിപ്പിച്ചു. ദേവന്മാരെ ആരാധിച്ചാൽ അവരെ വിട്ടയയ്ക്കാമെന്ന് അലക്സാണ്ടർ ചക്രവർത്തി ഉറപ്പുനൽകി. എന്നാൽ തന്റെ മകന്റെ പ്രായമുള്ള കുട്ടി പോലും ഇത്തരത്തിലുള്ള ദൈവനിന്ദ കാണിക്കില്ലെന്ന് ജൂലിയറ്റ് പറഞ്ഞു. നീ ദേവന്മാരെ ആരാധിക്കുമോ എന്ന ചോദ്യത്തിനു മറുപടിയായി ജൂലിയറ്റ് ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ദേവന്മാർ സൃഷ്ടിക്കപ്പെട്ടത് കല്ലു കൊണ്ടും തടി കൊണ്ടുമാണ്. എന്നാൽ, എന്റെ യഥാർത്ഥമായ ദൈവം യേശുക്രിസ്തുവാണ്. ഞാൻ ഒരു സത്യക്രിസ്ത്യാനിയാണ്.” ഇതുകേട്ട് അവളുടെ മകൻ കുര്യാക്കോസും ഇപ്രകാരം വിളിച്ചുപറഞ്ഞു: “ഞാനും ഒരു ക്രിസ്ത്യാനിയാണ്.”

അലക്സാണ്ടർ പല വിദ്യകളുമുപയോഗിച്ച് കുര്യാക്കോസിനെ തന്റെ ദേവന്മാരിലേയ്ക്ക് ആകർഷിക്കുവാൻ ശ്രമിച്ചുവെങ്കിലും കുര്യാക്കോസ് ഉച്ചത്തിൽ, “ഞാനൊരു ക്രിസ്ത്യാനിയാണ്” എന്ന് വിളിച്ചുപറഞ്ഞു കൊണ്ടേയിരുന്നു.

അതികഠോരമായ പീഡനങ്ങൾക്കുശേഷവും ജൂലിയറ്റ് ക്രിസ്തുവിനെ തള്ളിപ്പറയുവാൻ തയ്യാറായില്ല. അവളുടെ കൺമുമ്പിൽ വച്ച് കുര്യാക്കോസിനെ, അലക്സാണ്ടർ ചവിട്ടുപടിയിലേയ്ക്ക് എറിഞ്ഞുകൊന്നു. ഇതുണ്ട് ജൂലിയറ്റ് ഇപ്രകാരം പ്രാർത്ഥിച്ചു: “എന്റെ കർത്താവേ, സ്വർഗ്ഗീയകിരീടം നേടുവാൻ നീ കുര്യാക്കോസിനെ സ്വീകരിച്ചല്ലോ. എന്റെ രക്ഷകാ, എന്നെയും നീ സ്വീകരിക്കൂ”. ഇതുകേട്ട് ചക്രവർത്തി അവളുടെ ശിരസ്സ് ഛേദിക്കുവാൻ കൽപ്പിച്ചു. ആ രാത്രിയിൽ തന്നെ അവളുടെ പരിചാരികമാർ ജൂലിയറ്റിന്റെയും കുര്യാക്കോസിന്റെയും ശരീരങ്ങൾ താർസൂസിന്റെ അടുത്തുള്ള ഒരു ഗുഹയിൽ ഒളിപ്പിച്ചു.

കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ ഭരണകാലത്ത് ഇരുവരുടെയും ശരീരങ്ങൾ മറവു ചെയ്തിടത്ത് ഒരു പള്ളി സ്ഥാപിച്ചു. ഇവരുടെ തിരുശേഷിപ്പുകൾ സിറിയയിലെ നിട്രൻ താഴ്‌വരയിലുള്ള മേരീസ് ആശ്രമത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഇവരുടെ രക്തസാക്ഷിത്വദിനം ജൂലൈ 15-ന് ആഘോഷിക്കുന്നു. കുര്യാക്കോസ് എന്ന പേരിന്റെ അർത്ഥം ‘കർത്താവിന്റെ’ എന്നാണ്.

ചരിത്രത്തിലെ ക്നാനായ കുടിയേറ്റം കൊടുങ്ങല്ലൂരിലേയ്ക്കു വന്നപ്പോൾ അവിടെ സ്ഥാപിക്കപ്പെട്ട മൂന്നു പള്ളികളിലൊന്ന് വി. കുര്യാക്കോസിന്റെ നാമത്തിലായിരുന്നു. ഈശോ, തന്റെ ശിഷ്യന്മാരെ വചനപ്രഘോഷണത്തിനായി ലോകത്തിന്റെ പല ഭാഗങ്ങളിലേയ്ക്കും അയച്ചു. വി. ജൂലിയറ്റിനെപ്പോലെയും കുര്യാക്കോസിനെപ്പോലെയും നമ്മളും സുവിശേഷത്തിന് സാക്ഷ്യം വഹിക്കണം.

“ചെന്നായ്ക്കളുടെ ഇടയിലേയ്ക്ക് ചെമ്മരിയാടുകളെ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു. അതിനാൽ, നിങ്ങൾ സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുവിൻ. മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിൻ; അവർ നിങ്ങളെ ന്യായാധിപസംഘങ്ങൾക്ക്‌ ഏല്പിച്ചുകൊടുക്കും. തങ്ങളുടെ സിനഗോഗുകളിൽ വച്ച്‌ അവർ നിങ്ങളെ മർദ്ദിക്കും. നിങ്ങൾ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കന്മാരുടെയും സന്നിധിയിലേയ്ക്ക് നയിക്കപ്പെടും. അവിടെ അവരുടെയും വിജാതീയരുടെയും മുമ്പാകെ നിങ്ങൾ സാക്ഷ്യം നല്‍കും. അവർ നിങ്ങളെ ഏല്പിച്ചുകൊടുക്കുമ്പോൾ, എങ്ങനെ പറയണമെന്നോ എന്തു പറയണമെന്നോ നിങ്ങൾ ആകുലപ്പെടേണ്ടാ. നിങ്ങൾ പറയേണ്ടത്‌ ആ സമയത്തു നിങ്ങൾക്കു നല്‍കപ്പെടും. എന്തെന്നാൽ, നിങ്ങളല്ല നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്റെ ആത്മാവാണു സംസാരിക്കുന്നത്‌” (മത്തായി 10:16-20).

“ഒരു പട്ടണത്തിൽ അവർ നിങ്ങളെ പീഡിപ്പിക്കുമ്പോൾ മറ്റൊന്നിലേയ്ക്ക്‌ ഓടിപ്പോകുവിൻ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: മനുഷ്യപുത്രന്റെ ആഗമനത്തിനു മുമ്പ്‌ നിങ്ങൾ ‍ ഇസ്രായേലിലെ പട്ടണങ്ങളെല്ലാം ഇങ്ങനെ ഓടി പൂർത്തിയാക്കുകയില്ല” (മത്തായി 10:23).

“ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാൻ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ ഭയപ്പെടേണ്ടാ. മറിച്ച്‌ ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാൻ ‍കഴിയുന്നവനെ ഭയപ്പെടുവിൻ”(മത്തായി 10:28).

“മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുമ്പിൽ ഞാനും ഏറ്റുപറയും” (മത്തായി 10:32).

ഈ വചനങ്ങൾ നമ്മുടെ ക്രൈസ്തവജീവിതത്തിന് ശക്തിയേകട്ടെ. വി. ജൂലിയറ്റിന്റെയും വി. കുര്യാക്കോസിന്റെയും മാദ്ധ്യസ്ഥശക്തി നമ്മുടെ ക്രൈസ്തവജീവിതത്തിന് പ്രചോദനമാകട്ടെ.

ഫാ. സാർഗൻ കാലായിൽ, OSB

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.