അത്ഭുതങ്ങൾ ചെയ്യാത്ത ‘പുണ്യാളൻ’

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരുപക്ഷേ, നിങ്ങളും അത് ശ്രദ്ധിച്ചിട്ടുണ്ടാകും. സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന “പുണ്യാളൻ.” ഫിയാത്ത് മിഷന്റെ നേതൃത്വത്തിൽ ലിജോ എബ്രഹാമും കൂട്ടരും ചേർന്നൊരുക്കിയ ഷോർട്ട് ഫിലിം പരമ്പരയാണിത്.

ഇതിലെ പുണ്യാളൻ അത്ഭുതങ്ങൾ ചെയ്യുന്നവനല്ല. മറിച്ച്, ബോധ്യങ്ങളും ഉൾക്കാഴ്ചകളും പകർന്ന് ജീവിതം കൂടുതൽ പ്രകാശപൂരിതമാക്കാൻ സഹായിക്കുന്ന ഒരു സാധാരണക്കാരൻ. അസീസി പുണ്യാളന്റെ ഇടപെടലിലൂടെ ലഭിക്കുന്ന ഉൾക്കാഴ്ചകളാണ് ഈ പരമ്പര വിഷയമാക്കുന്നത്. പുണ്യാളനുമായി അടുക്കുന്നവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ നർമ്മരസത്തോടു കൂടിയും കാലികപ്രാധാന്യമനുസരിച്ചുമാണ് ഈ പരമ്പരയിൽ അവതരിപ്പിക്കുന്നത്.

വിശുദ്ധരെക്കുറിച്ചും അവരുടെ മാദ്ധ്യസ്ഥശക്തിയാൽ സംഭവിക്കുന്ന അത്ഭുതങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ധാരാളം ടെലിവിഷൻ സീരിയലുകളും സിനിമകളും സമീപകാലത്ത് അനേകരെ ആകർഷിച്ചിട്ടുണ്ട്. പ്രമുഖ ടെലിവിഷൻ ചാനലുകൾ പോലും പ്രൈം ടൈമിൽ ഇത്തരം വിശുദ്ധരെക്കുറിച്ചുള്ള പരമ്പരകൾ പ്രക്ഷേപണം ചെയ്തിട്ടുമുണ്ട്. എന്നാൽ ആ പരമ്പരകളിൽ കൂടുതലും വിശുദ്ധർ വഴി സംഭവിക്കുന്ന അത്ഭുതങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ഇതിൽ നിന്നും വേറിട്ടുനിൽക്കുകയാണ് ‘പുണ്യാളൻ’ എന്ന പരമ്പര. ഇതിലെ പുണ്യാളനോട് അടുക്കുന്നവരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് ഏറ്റവും വലിയ അത്ഭുതങ്ങൾ.

വി. യൂദാ തദ്ദേവൂസിന്റെ തിരുനാളിനോടനുബന്ധിച്ച് കേരളത്തിലെ പ്രമുഖ ദൈവാലയങ്ങളിലേയ്ക്ക് പ്രാർത്ഥനകൾ ഒഴുകിക്കൊണ്ടിരിക്കുന്ന സമയമാണല്ലോ ഇത്. കോവിഡിന്റെ പശ്ചാത്തലത്തിൽ വിശ്വാസികൾക്ക് ഈ തീർത്ഥാടനകേന്ദ്രങ്ങളിലേയ്ക്ക് എത്താൻ കഴിയാത്തതിന്റെ വേദനയും ഉത്ക്കണ്ഠയും പലരും പങ്കുവയ്ക്കുകയുണ്ടായി. അവരുടെ സങ്കടം മുൻവർഷങ്ങളിലേപ്പോലെ ഈ തീർത്ഥാടനകേന്ദ്രങ്ങളിൽ പോകാനും നേർച്ചകാഴ്ചകൾ അർപ്പിക്കാനും കഴിയുന്നില്ലല്ലോ എന്നതായിരുന്നു.

എന്തുകൊണ്ടാണ് നമ്മൾ വി. യൂദാ തദേവൂസിനെ കൂടുതൽ ഇഷ്ടപ്പെടുന്നത്? വിശുദ്ധന്റെ മാദ്ധ്യസ്ഥത്തിലൂടെ അസാധ്യകാര്യങ്ങൾ ലഭിക്കുന്നതുകൊണ്ടോ അതോ വിശുദ്ധന്റെ ജീവിതം ഇഷ്ടപ്പെട്ടിട്ടോ? എനിക്ക് ഉറപ്പാണ് അത്ഭുതങ്ങളാണ് ഈ വിശുദ്ധനിലേയ്ക്ക് നമ്മെ കൂടുതൽ ആകർഷിക്കുന്നത്‌. എന്നാൽ, ചിലപ്പോഴെങ്കിലും നമ്മൾ ആഗ്രഹിച്ച കാര്യങ്ങൾ വിശുദ്ധനോടുള്ള പ്രാർത്ഥനകളിൽ സഫലമായില്ലെങ്കിൽ മറ്റു വിശുദ്ധരെ തേടിപ്പോകുന്നവരുമുണ്ടല്ലോ?

ക്രിസ്തുവിന്റെ രൂപം നെഞ്ചോടു ചേർത്തുവച്ച് ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച വിശുദ്ധനാണ് യൂദാസ് ശ്ലീഹാ. അനേകം വൈദ്യന്മാർക്ക് സുഖപ്പെടുത്താൻ കഴിയാതിരുന്ന, എഡേസായിലെ രാജാവിന്റെ കുഷ്ഠരോഗം, ക്രിസ്തുവിന്റെ രൂപമുള്ള തൂവാല ഉയർത്തി സുഖപ്പെടുത്തിയവനാണ് ഈ വിശുദ്ധൻ. വിശുദ്ധന്റെ ഇടപെടൽ മൂലം രാജാവ് ക്രിസ്തുവിശ്വാസിയായി മാറി എന്ന് നാം വിശ്വസിക്കുന്നു.

താലന്തുകളുടെ ഉപമയിൽ കൂടുതൽ താലന്തുകൾ നേടിയ ഭൃത്യന്മാരെ യജമാനൻ അഭിനന്ദിക്കുന്നതായി സുവിശേഷത്തിൽ കാണുന്നു (Ref: മത്തായി 25: 14-30). ദൈവം നൽകിയ ഏറ്റവും വലിയ താലന്ത് പൂർവ്വികരിൽ നിന്നും നമുക്ക് ലഭിച്ച വിശ്വാസമല്ലാതെ മറ്റെന്താണ്? ജീവിതത്തിലെ ഏതു പ്രതിസന്ധിയിലും ഈ വിശ്വാസത്തിനുവേണ്ടി നിലകൊണ്ട് ആവശ്യമെങ്കിൽ, രക്തസാക്ഷിത്വം വരിക്കുക എന്നുള്ളതാണ് ഒരു വ്യശ്വാസിയുടെ പരമപ്രധാനമായ ദൗത്യം.

വി. യൂദാ തദേവൂസിന്റെയും വി. ശിമയോന്റെയും തിരുനാൾ മംഗളങ്ങൾ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.