“പിതാവിന്റെ ഹൃദയത്തോടെ”: വി. യൗസേപ്പിന്റെ വർഷ ചിന്തകൾ

ആമുഖം

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

അനന്തമായ ദൈവകൃപയും ആത്മീയ വരപ്രസാദങ്ങളും വിശ്വാസികളുടെ ജീവിതത്തിലേക്ക് പ്രവഹിക്കുന്ന അവസരങ്ങളാണ് വിശുദ്ധ ഗ്രന്ഥാധിഷ്ഠിതമായി സഭ ആചരിക്കുന്ന വ്യത്യസ്ത ജൂബിലി വർഷങ്ങൾ. സഭാസമൂഹങ്ങളുടെ ആത്മീയജീവിത നവീകരണത്തിന് അനിവാര്യമായ ഇത്തരം സന്ദർഭങ്ങൾ ശ്രദ്ധയോടും നിഷ്ഠയോടും നല്ല ഒരുക്കത്തോടെയും സഭ നടപ്പാക്കുന്ന കാര്യപരിപാടികളാണ്. കേവലം ബാഹ്യമായി നടത്തുന്ന ആചാരാനുഷ്ഠാനങ്ങൾക്കപ്പുറം നമ്മുടെ ക്രിസ്തീയജീവിതത്തിന്റെ ആന്തരീകചൈതന്യം അരക്കിട്ടുറപ്പിക്കുന്നതിനുള്ള ഉപാധികളാണ് ഈ ആത്മീയ ആഘോഷങ്ങൾ. ഈ അടുത്ത കാലത്ത് 2015 ഡിസംബർ 8 മുതൽ ഒരു വർഷക്കാലം “കരുണയുടെ വർഷമായി” സഭാചരിത്രത്തിൽ ആദ്യമായി രണ്ടു മാർപാപ്പാമാർ ഒരുമിച്ചു ചേർന്ന് ഉദ്ഘാടനം ചെയ്യുകയുണ്ടായി. ക്രിസ്തുവിന്റെ കരുണയുടെ കാണപ്പെടുന്ന പ്രതീകങ്ങളായി സഭാസന്താനങ്ങളെ രൂപാന്തരപ്പെടുത്തുക എന്നതായിരുന്നു ഈ വർഷാചരണത്തിന്റെ പ്രധാന ഉദ്ദേശം. ഇതു കൂടാതെ, വി. പൗലോസിന്റെ വർഷം (2008) പുരോഹിത വർഷം (2009) വിശ്വാസ വർഷം (2012) സമർപ്പിത വർഷം (2015) എന്നിങ്ങനെ സാഹചര്യത്തിന്റെ അനിവാര്യത അനുസരിച്ച് വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ആത്മസമര്‍പ്പണത്തോടെ ഒരു സഭയായി ഒരുമിച്ച് നാം പ്രാർത്ഥിച്ചു ധ്യാനിക്കാറുണ്ട്. അങ്ങനെ സഭയുടെ രണ്ടായിരം വർഷത്തെ ചരിത്രത്തിൽ ആദ്യമായി 2020 ഡിസംബർ 8 മുതൽ 2021 ഡിസംബർ 8 വരെയുള്ള ഒരു വർഷക്കാലം യൗസേപ്പിതാവിന്റെ വർഷമായി സഭ കൊണ്ടാടുന്നു. ഈ വർഷാചരണത്തെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ ചിന്തകളും അതിനോടനുബന്ധിച്ചുള്ള സഭയുടെ ആത്മീയ കർമ്മപരിപാടികളും വിശുദ്ധ ഗ്രന്ഥത്തിൽ യൗസേപ്പിതാവിനെക്കുറിച്ചു പറയുന്ന വേദഭാഗങ്ങളുടെ വിശകലനവുമാണ് ഈ ലേഖനം ലക്ഷ്യം വയ്ക്കുന്നത്.

മാർപാപ്പയുടെ അപ്പസ്തോലിക ലേഖനം

“പിതാവിന്റെ ഹൃദയത്തോടെ” (പാത്രിസ് കോര്‍ദെ) എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ ഫ്രാൻസിസ് മാർപ്പാപ്പ 2020 ഡിസംബർ 8 മാതാവിന്റെ അമലോത്ഭവ തിരുനാൾ മുതലുള്ള ഒരു വർഷക്കാലം വി. യൗസേപ്പിന്റെ വർഷമായി ആചരിക്കുന്നതാണെന്ന് പ്രഖ്യാപിച്ചു. വി. പീയൂസ് ഒൻപതാം മാർപാപ്പ യൗസേപ്പിതാവിനെ ആഗോള കത്തോലിക്കാ സഭയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റിയമ്പതാം വാർഷികാഘോഷവേളയിലാണ് ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. പിതൃത്വം കയ്യാളുന്ന എല്ലാവർക്കും മാതൃകയും കുടുംബഭാരം ചുമലിലേറ്റിയിരിക്കുന്ന പിതൃസ്ഥാനീയരായ സർവ്വരും സ്നേഹത്തോടെ സമീപിക്കേണ്ടുന്ന ഒരു നിത്യ മദ്ധ്യസ്ഥനുമായിട്ടാണ് യൗസേപ്പിതാവിനെ ദൈവം നമുക്ക് നൽകിയിരിക്കുന്നത്. യേശുവിനെ ഒരു “പിതാവിന്റെ ഹൃദയത്തോടെ” സ്നേഹിച്ച യൗസേപ്പിതാവിനെ നമ്മുടെ ഹൃദയങ്ങളിൽ മക്കളുടെ മനോഭാവത്തോടെ ഏറ്റുവാങ്ങി വിശ്വാസികൾ യേശുവാഹകരായിത്തീരുന്നതിനുള്ള ഒരു ആഹ്വാനമാണ് ഈ വർഷാചരണത്തിന്റെ പിന്നിലുള്ള ചേതോവികാരം. കൂടാതെ ഇന്നത്തെ ലോകം അഭിമുഖീകരിക്കുന്ന പ്രത്യേകമായ സ്ഥിതിവിശേഷങ്ങളിൽ തിരുക്കുടുംബത്തിന്റെ കാവൽക്കാരനായ യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥതയിൽ നമുക്കാവശ്യമായ ആത്മീയ അനുഗ്രഹങ്ങൾ നേടിയെടുക്കുന്നതിനുള്ള ഒരു അസുലഭ അവസരം കൂടിയാണ് ഇപ്പോൾ കരഗതമായിരിക്കുന്നത്.

തിരുക്കുടുംബത്തിന്റെ സംരക്ഷണവും പരിപാലനവും ദൈവികമായി നിർവഹിച്ച യൗസേപ്പിതാവിന്റെ അസാധാരണ സമർപ്പണം ഇന്നത്തെ കോവിഡ്-19 മഹാമാരിയുടെ കെടുതികളിൽ പെട്ടുഴലുന്ന മനുഷ്യവംശത്തെ കൈപിടിച്ചുയർത്താനായി ആത്മസമർപ്പണം ചെയ്തിരിക്കുന്ന അനേകരെ അനുസ്മരിക്കുന്നതിനുള്ള അവസരമാണെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് മാർപാപ്പ ഈ തിരുവെഴുത്ത് ആരംഭിക്കുന്നത്. ക്രിസ്തീയ വിശ്വാസികൾ മുൻപേ അനുഭവിച്ചറിഞ്ഞ യൗസേപ്പിതാവിന്റെ മനുഷ്യരക്ഷയ്ക്കായുള്ള സഹവർത്തിത്വത്തിന്റെ ആഴവും വ്യക്തിപരമായതുമായ ഒരു വിശകലനമാണ് മാർപാപ്പ ഇവിടെ നടത്തുന്നത്. രക്ഷാകരചരിത്രത്തിലെ നിശബ്ദസാന്നിധ്യമായി അറിയപ്പെടുന്ന യൗസേപ്പിതാവ് നമ്മുടെ ജീവിതത്തിൽ കണ്ടുമുട്ടുന്ന, നമ്മുടെ കുടുംബങ്ങളിൽ വസിക്കുന്ന, തങ്ങളുടെ ജീവിതം വിശ്വസ്തതയോടെ ജീവിക്കാൻ ശ്രമിക്കുന്ന അനേകം  നിശബ്ദജീവിതങ്ങളുടെ ആധികാരിക പ്രതിനിധി കൂടിയാണ്.

അപ്പസ്തോലിക ലേഖനത്തിന്റെ സംഗ്രഹം

ഏഴ് ശീർഷകങ്ങളിലൂടെ യൗസേപ്പിതാവിന്റെ പിതൃത്വത്തിന്റെ വിവിധ മാനങ്ങളെ “പിതാവിന്റെ ഹൃദയത്തോടെ” എന്ന അപ്പസ്‌തോലിക ലേഖനത്തിൽ ഫ്രാൻസിസ് മാർപാപ്പ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇത് ഒരു പിതാവെന്ന നിലയിൽ ക്രിസ്തുവുമായി വി. യൗസേപ്പിനുണ്ടായിരുന്ന ഉറ്റബന്ധത്തിന്റെ അടിസ്ഥാനത്തിൽ മാർപാപ്പ രൂപപ്പെടുത്തിയെടുത്ത ചിന്തകൾ കൂടിയാണ് (ചുവടെ കൊടുത്തിരിക്കുന്ന വിവരണങ്ങൾ മാർപാപ്പയുടെ ആശയങ്ങൾ പൂർണ്ണമായും ഉൾക്കൊണ്ടു കൊണ്ട് ഭാഷാപരമായി ലളിതവൽക്കരിച്ചിട്ടുണ്ട്. ഇത് ഒരു പദാനുപദ വിവരണമോ, വ്യാഖ്യാനമോ അല്ലാത്തതിനാൽ കൂടുതൽ കൃത്യത ആവശ്യമുള്ളവർ മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന അപ്പസ്തോലിക ലേഖനം വായിക്കാൻ ശ്രമിക്കേണ്ടതാണ്).

ഒരു വത്സലപിതാവ്: യേശുവിന്റെ വളർത്തുപിതാവും മറിയത്തിന്റെ ജീവിതപങ്കാളിയും ആയതിനാൽ തന്നെ രക്ഷാകരപദ്ധതിയിൽ നിർണ്ണായകസ്ഥാനമാണ് വി. യൗസേപ്പിനുള്ളത്. വി. കൊച്ചുത്രേസ്യയെപ്പോലെയുള്ള വിശുദ്ധർ തങ്ങളുടെ ആത്മീയ ആവശ്യങ്ങളുടെ നിവർത്തീകരണത്തിനായി പിതൃതുല്യ സ്നേഹത്തോടെ വി. യൗസേപ്പിന്റെ മാദ്ധ്യസ്ഥ്യം തേടിയിരുന്നു. ഈജിപ്തിലെ ഫറവോ രാജാവ് അവിടുത്തെ വലിയ ക്ഷാമകാലത്ത് ഭക്ഷ്യധാന്യത്തിനായി തന്റെ അടുത്ത് വന്നിരുന്നവരോട് പറഞ്ഞത് “ജോസഫിന്റെ അടുത്തേക്ക് ചെല്ലുക, അവൻ നിങ്ങളോട് പറയുന്നതുപോലെ ചെയ്യുക” (ഉല്പ. 41:55) എന്നാണ്. അതുപോലെ പുതിയനിയമത്തിൽ വി. യൗസേപ്പിന്റെ സമീപത്തേക്ക് നമ്മുടെ ആത്മീയ ക്ഷാമകാലത്ത് ദൈവികസമ്പന്നത നേടുന്നതിനായി മദ്ധ്യസ്ഥപ്രാർത്ഥനയുമായി വിശ്വാസികൾക്ക് സമീപിക്കാവുന്നതാണ്.

ആർദ്രതയും സ്നേഹവുമുള്ള പിതാവ്: യേശു അനുദിനം “ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും” (ലൂക്കാ 3:52) വളരുന്നത് നേരിട്ടുകണ്ട പിതാവാണ് വി.യൗസേപ്പ്. ഇസ്രായേൽ ജനത്തെ പിതാവായ ദൈവം അനുദിനം കൈപിടിച്ചു നടത്തിയതുപോലെ ശിശുവായ യേശുവിനെ കൈപിടിച്ചു നടത്താനും അവന്റെ കവിളിൽ തലോടാനും ചുടുചുംബനം നൽകാനും അവനോടൊപ്പമിരുന്നു ഭക്ഷിക്കാനും പാനം ചെയ്യാനും യൗസേപ്പിന് ഭാഗ്യമുണ്ടായി. തന്റെ മകനെക്കുറിച്ചുള്ള ഒരു പിതാവിനടുത്ത മാനുഷിക ആകുലതകളിലും ദൈവപുത്രനെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതികൾ വിവിധ മാർഗ്ഗങ്ങളിലൂടെ യൗസേപ്പിനും വെളിവാക്കപ്പെട്ടിരുന്നു. അതിനാൽ വി. യൗസേപ്പ് നമ്മോട് പറയുന്നത്, നമ്മുടെ ഭയാശങ്കകളിലും ബലഹീനതകളിലും കുറവുകളിലും ദൈവസാന്നിധ്യമുണ്ടെന്നും അത്തരം കാര്യങ്ങളിലൂടെ നമ്മെ വലിയ കാര്യങ്ങൾ ദൈവം പഠിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. ദൈവം മാത്രമേ എല്ലാം പൂർണ്ണമായി അറിയുകയും കാണുകയും ചെയ്യുന്നുവെന്നതിനാൽ ദൈവത്തെ നമ്മിൽ പ്രവർത്തിക്കാൻ അനുവദിക്കുക എന്നതാണ് നമുക്ക് കരണീയമായിട്ടുള്ളത്.

ദൈവിക അനുസരണമുള്ള പിതാവ്: മറിയത്തോടെന്നതുപോലെ യൗസേപ്പിനോടും ദൈവികപദ്ധതികൾ സ്വപ്നത്തിലൂടെ വെളിപ്പെടുത്തപ്പെട്ടപ്പോൾ അനുസരണയോടെ അവൻ അത് ഏറ്റുവാങ്ങി. ജീവിതത്തെക്കുറിച്ചുള്ള തന്റെ സ്വകാര്യസ്വപ്നങ്ങൾ മനുഷ്യകുലത്തിനു വേണ്ടി ദൈവം തന്റെ പുത്രനിലൂടെ കണ്ടുകൊണ്ടിരുന്ന സ്വപ്നങ്ങളോട് യൗസേപ്പ് ചേർത്തുവച്ചു. ദൈവത്തോടും ദൈവികനടത്തിപ്പുകളോടുമുള്ള അനുസരണം തന്റെ ജീവിതത്തിലെ വിഷമതകളെ തരണം ചെയ്യുന്നതിനുള്ള ശക്തിയായി യൗസേപ്പിനോടൊപ്പം എന്നുമുണ്ടായിരുന്നു. നസറത്തിൽ നിന്നും ബേത്‌ലഹേമിലേക്കുള്ള യാത്രയും പിന്നീടുള്ള ഈജിപ്ത് വാസവും തുടർയാത്രകളും സമാനതകളില്ലാത്ത ഭൗതികസഹനങ്ങൾ സമ്മാനിച്ചുവെങ്കിലും ദൈവാശ്രയം കൈമുതലാക്കി അനുസരണയോടെ യൗസേപ്പ് എല്ലാം ഭംഗിയായി പൂർത്തിയാക്കി. മാനുഷികമായി പറഞ്ഞാൽ ദൈവിക അനുസരണത്തിന്റെ ബാലപാഠങ്ങൾ യേശു അഭ്യസിച്ചത് യൗസേപ്പിൽ നിന്നുമായിരുന്നു. യേശുവിന് ഒരു ശിശുവെന്ന നിലയിൽ അനുസരണം അഭ്യസിക്കുന്നതിനുള്ള പാഠശാലയായിരുന്നു യൗസേപ്പിതാവിന്റെ സ്‌കൂൾ.

എല്ലാം സ്വീകരിക്കുന്ന പിതാവ്: മാലാഖയുടെ വാക്കിൽ വിശ്വസിച്ച് വിവാഹനിശ്ചയം കഴിഞ്ഞ മറിയം ഗർഭിണിയാണെന്നറിഞ്ഞിട്ടും ഉപാധികളില്ലാതെ യൗസേപ്പിതാവ് അവളെ തന്റെ ജീവിതസഖിയായി സ്വീകരിക്കുന്നു. ഇവിടെ യഹൂദസമൂഹത്തിൽ നിലനിന്നിരുന്ന നിയമം നടപ്പാക്കുമ്പോൾ കാരുണ്യത്തിന് പ്രാമുഖ്യം നൽകുന്നു. ഇന്ന് നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന വിവിധ അതിക്രമങ്ങൾക്ക് വി. യൗസേപ്പിന്റെ കാലടിപ്പാടുകൾ പിന്തുടർന്ന് നമുക്ക് പരിഹാരം കണ്ടത്താവുന്നതാണ്. ദൈവത്തിന്റെ പദ്ധതികളുടെ വിശാല ചിത്രം വി. യൗസേപ്പിന് അഗ്രാഹ്യമായിരുന്നപ്പോഴും മറിയത്തിന്റെ അന്തസ്സിനും അഭിമാനത്തിനും വലിയ പ്രാധാന്യം കൊടുത്തു. നമുക്ക് മനസ്സിലാക്കാൻ സാധിക്കാത്ത ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ അനുദിനം അരങ്ങേറുമ്പോൾ യൗസേപ്പിനെപ്പോലെ ദൈവാത്തിലാശ്രയിച്ചു മുന്നോട്ട് പോകാൻ കഴിയുന്നില്ലെങ്കിൽ നമ്മുടെ പ്രതീക്ഷകളിലും നിരാശകളിലും മാത്രം തളയ്ക്കപ്പെട്ടു നാം ജീവിക്കേണ്ടിവരും. ദൈവഹിതം സ്വീകരിക്കുമ്പോഴാണ് തന്റെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാകാര്യങ്ങളുടെയും ആഴമായ അർത്ഥമറിയാൻ വി. യൗസേപ്പിന് സാധിക്കുന്നത്. അതുപോലെ ദൈവത്തോട് ചേർന്നുനിൽക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിലെ വൈരുദ്ധ്യങ്ങളെയും തകർച്ചകളെയും മറികടക്കാനുള്ള ശക്തി നമുക്കും ലഭിക്കുന്നത്. സുവിശേഷചൈതന്യമനുസരിച്ചു ജീവിക്കാൻ സാധിക്കുന്ന വിശ്വാസിക്ക് അത്ഭുതകരമായ ആത്മീയ പുനർജന്മത്തിന് അവസരമുണ്ട്. മറ്റുള്ളവരെ അവർ ആയിരിക്കുന്ന അവസ്ഥയിൽ സ്വീകരിക്കാനും അംഗീകരിക്കാനും യൗസേപ്പിന്റെ ജീവിതം നമ്മെ പ്രചോദിപ്പിക്കുന്നു.

സര്‍ഗ്ഗശക്തിയുള്ള ധൈര്യശാലിയായ പിതാവ്: ജീവിതത്തിന്റെ വെല്ലുവിളികളിൽ നിന്നും നമുക്ക് ഒളിച്ചോടുകയോ, മുഖം തിരിഞ്ഞുനിൽക്കുകയോ, ധൈര്യപൂർവ്വം അതിനെ നേരിടാൻ പരിശ്രമിക്കുകയോ ചെയ്യാം. യേശുവിന്റെ ശൈശവത്തിലെ ജീവിതവിവരണം സുവിശേഷത്തിൽ വായിക്കുമ്പോൾ എന്തുകൊണ്ട് ദൈവം കുറച്ചു കൂടി കൃത്യമായും വ്യക്തമായും കാര്യങ്ങൾ വെളിപ്പെടുത്തുന്നില്ല എന്ന ചോദ്യം നമ്മിലുരുവാക്കുന്നു. എന്നാൽ ദൈവം പരിധികളുള്ള മനുഷ്യരിലൂടെയാണ് തന്റെ അപരിമേയമായ രക്ഷാകര പദ്ധതി നടപ്പാക്കുന്നത് എന്ന കാര്യം നാം വിസ്മരിക്കരുത്. യൗസേപ്പ് എന്ന മാനുഷിക “അത്ഭുതം” ഉപയോഗപ്പെടുത്തിക്കൊണ്ടാണ് യേശുവിന്റെയും മറിയത്തിന്റെയും സംരക്ഷണം ദൈവം കൈകാര്യം ചെയ്തത്. ശക്തരുടെയും ബലവാന്മാരുടെയും ഇഷ്ടമനുസരിച്ചാണ് ലോകക്രമം നീങ്ങികൊണ്ടിരിക്കുന്നതെന്ന് യേശുവിന്റെ ജനനസമയത്തെ സംഭവങ്ങളിൽ നിന്നും നമുക്ക് തോന്നാമെങ്കിലും ദൈവം അത്ഭുതകരമായി ബലഹീനരിലൂടെ തന്റെ പദ്ധതി വിജയത്തിലെത്തിച്ചുവെന്ന് ചരിത്രം നമ്മോട് സാക്ഷിക്കുന്നു. യൗസേപ്പിനെപ്പോലെ ദൈവഹിതം സ്വീകരിക്കാൻ നാം തയ്യാറാവുമ്പോൾ നമ്മുടെ പ്രശ്നങ്ങളെ വലിയ അവസരങ്ങളായി ദൈവം പരിവർത്തനപ്പെടുത്തും. ദൈവം നമ്മുടെ ജീവിതത്തിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നുവെന്ന് നാം ചിന്തിക്കുമ്പോഴും നമ്മെ കൂടുതൽ ഉത്തരവാദിത്വബോധത്തിലേക്കും സൃഷ്ടിപരതയിലേക്കും നയിക്കുന്നതിന് ദൈവം “നിശ്ശബ്ദനായി” പ്രവർത്തിച്ചുകൊണ്ടേയിരിക്കും. ഇന്ന് തങ്ങൾ ജനിച്ചുവളർന്ന രാജ്യങ്ങളിലെ പ്രശ്നങ്ങൾ കാരണം ജീവന്റെ പരിപോഷണാർത്ഥം നാടുവിട്ടോടുന്ന എല്ലാ മനുഷ്യരുടെയും പ്രതീകം കൂടിയാണ് സ്വന്തം ദേശത്തു നിന്നും ഈജിപ്തിലേക്ക് പലായനം ചെയ്യുന്ന തിരുക്കുടുംബം. യൗസേപ്പിനെപ്പോലെ ഇന്നത്തെ ലോകത്തിൽ എന്ത് വില കൊടുത്തും ക്രിസ്തുവിനെയും ക്രിസ്തീയമൂല്യങ്ങളെയും സംരക്ഷിക്കുന്നവരായി നമ്മളും മാറണം.

കർമ്മനിരതനായ പിതാവ്: തച്ചനായിരുന്ന യൗസേപ്പ് തന്റെ ജീവിതം പടുത്തുയര്‍ത്തിയത് മരപ്പണിയിലൂടെ ലഭിക്കുന്ന വരുമാനത്തിൽ നിന്നുമായിരുന്നു. ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ പ്രസിദ്ധമായ “റേരും നോവാരും” എന്ന സാമൂഹിക ചാക്രികലേഖനത്തിൽ വി. യൗസേപ്പിന്റെ ജോലിയിലുള്ള സമർപ്പണത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. തന്റെ പുത്രനായ യേശുവിനു അദ്ധ്വാനത്തിന്റെ വിലയും വിയർപ്പു കൊണ്ട് അപ്പം ഭക്ഷിക്കുന്നതിന്റെ ബാലപാഠങ്ങളും ഒരു പിതാവെന്ന നിലയിൽ യൗസേപ്പ് പകർന്നു നൽകി. ജീവിക്കാൻ വേണ്ടി മാന്യമായ ഒരു തൊഴിൽ എന്നത് ഇന്നത്തെ ഏതൊരു യുവാവിന്റെയും യുവതിയുടെയും ആകർഷകമായ സ്വപ്നമാണ്. സമ്പന്നരാജ്യങ്ങളിൽ പോലും തൊഴിലില്ലായ്‌മ രൂക്ഷമായിരിക്കുന്ന ഈ കാലഘട്ടത്തിൽ വി. യൗസേപ്പിന്റെ തൊഴിലിനോടുള്ള സമീപനം നാം മാതൃകയാക്കണം. ജോലി ചെയ്ത് ജീവിക്കുമ്പോൾ നാം ജീവിക്കുന്ന സമൂഹത്തിന്റെ നിർമ്മിതിയിൽ ഉൾച്ചേരുന്നതിനുള്ള ഭാഗ്യമാണ് നമുക്ക് കൈവരുന്നത്. അതുപോലെ തന്നെ ദൈവത്തിന്റെ രക്ഷാകരദൗത്യത്തിൽ പങ്കുപറ്റുന്നതിനുള്ള വലിയ വിളി കൂടിയാണിത്. തൊഴിലില്ലാ സമൂഹങ്ങൾ അരക്ഷിതാവസ്ഥയുടെ വിത്ത് വളരുന്ന വളക്കൂറുള്ള മണ്ണാണെന്ന യാഥാർത്യം നാം മറക്കരുത്. ജോലിയിലേർപ്പെടുന്നവർ ദൈവത്തിന്റെ തന്നെ സൃഷ്ടിപരമായ കർമ്മത്തോട് തന്നാൽ കഴിയും വിധം സഹകരിക്കുകയാണ് ചെയ്യുന്നത്.

ദൈവത്തിന്റെ പ്രതിച്ഛായ ആയ പിതാവ്: പോളീഷ് എഴുത്തുകാരനായ ജാൻ ദൊബ്രസിൻസ്കി തന്റെ “പിതാവിന്റെ പ്രതിച്ഛായ” എന്ന പുസ്തകത്തിൽ യൗസേപ്പിന്റെ ജീവിതം ഒരു കല്പിത കഥാരൂപത്തിൽ വിവരിക്കുന്നു. ഒരു നിഴലിന്റെ സ്മരണയുണർത്തുന്ന ബിംബങ്ങൾ ഉപയോഗിച്ചാണ് ഈ കഥാവിവരണം മുമ്പോട്ട് പോകുന്നത്. യേശുവിനോടുള്ള ബന്ധത്തിൽ സ്വർഗ്ഗപിതാവിന്റെ ഭൂമിയിലെ നിഴലാണ് വി. യൗസേപ്പ്. യേശുവിനെ പരിപാലിക്കുകയും സംരക്ഷിക്കുകയും എപ്പോഴും അവിടുത്തെ അടുത്തിരിക്കുന്നവനുമായ പിതാവാണ് വി. യൗസേപ്പ്. ഒരു ശിശുവിന് ജന്മം നല്‍കിയതുകൊണ്ട് മാത്രം ഒരാൾ പിതാവെന്ന മഹനീയസ്ഥാനം അലങ്കരിക്കാൻ യോഗ്യനാകുന്നില്ല. ആ കുഞ്ഞിന്റെ പരിപാലനം ഉത്തരവാദിത്വത്തോടെ  ഏറ്റെടുക്കുമ്പോഴാണ് അയാൾ യഥാർത്ഥത്തിൽ പിതാവാകുന്നത്. ഇത്തരത്തിൽ മറ്റുള്ളവരുടെ ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന പലരും പിതാക്കന്മാരാണ്. സുവിശേഷത്തെപ്രതി സഭയ്ക്കുവേണ്ടി ആത്മീയപിതാക്കന്മാരുടെ ദൗത്യം ഏറ്റെടുത്തിരിക്കുന്നവരാണ് പുരോഹിതന്മാരും മെത്രാന്മാരും.  ഒരു കുഞ്ഞിന്റെ കഴിവിനനുസരിച്ചു ഉത്തരവാദിത്വബോധത്തോടെ വളരാന്‍ അനുവദിക്കുകയാണ് പിതാക്കന്മാർ ചെയ്യേണ്ടത്. ദൈവം മനുഷ്യനു നൽകിയിരിക്കുന്ന പിടിച്ചുകെട്ടില്ലാത്ത പിതൃസ്നേഹത്തിന്റെ പ്രതിരൂപമായി വി. യൗസേപ്പിനെ കാണാവുന്നതാണ്. യേശുവിനെയും മറിയത്തെയും തന്റെ ജീവിതത്തിന്റെ കേന്ദ്രമാക്കി അവരെ സ്നേഹിക്കുകയാണ് യൗസേപ്പ് ചെയ്തത്. അധികാരം സ്ഥാപിച്ചെടുക്കാൻ പരിശ്രമിക്കുന്ന പിതാക്കന്മാരേക്കാൾ മക്കളെ വളരാനനുവദിക്കുന്ന സ്നേഹനിധികളായ പിതാക്കന്മാരെയാണ് നമുക്കിന്ന് ആവശ്യം. ഒരു കുഞ്ഞിൽ ദൈവം നിക്ഷേപിച്ചിരിക്കുന്ന നന്മകൾ അതിന്റെ പൂർണ്ണതയിൽ ഫലമണിഞ്ഞു കാണുന്നതിനുവേണ്ടി പരിശ്രമിക്കുന്ന നല്ല പിതാക്കന്മാരാകാൻ നാം ശ്രമിക്കണം. യൗസേപ്പിനെപ്പോലെ ദൈവം തന്നെ ഭരമേല്പിച്ചിരിക്കുന്ന ഈ കുഞ്ഞ് എന്റേതല്ല, പിന്നെയോ അതിന്റെ സംരക്ഷകനും പരിപാലകനുമാണ് താനെന്ന് തിരിച്ചറിയാൻ പിതാക്കന്മാർക്ക് കഴിയണം.

വി. യൗസേപ്പിന്റെ വര്‍ഷത്തിലെ പൂര്‍ണ്ണ ദണ്ഡവിമോചന സാദ്ധ്യതകള്‍

യൗസേപ്പിതാവിന്റെ ഈ വർഷത്തിൽ മാർപാപ്പയുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് വത്തിക്കാൻ അപ്പത്തോലിക പെനിറ്റെന്‍ഷ്യറി എന്ന നീതിന്യായ വിഭാഗത്തിൽ നിന്ന് പ്രത്യേക ദണ്ഡവിമോചനം നേടുന്നതിനുള്ള 15 മാർഗ്ഗങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അത് ഏവയെന്ന് പറയുന്നതിന് മുൻപ് സഭയുടെ പഠനങ്ങളിൽ ദണ്ഡവിമോചനം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് ചുരുക്കിപ്പറയാം. പഴനിമയ കാലത്ത് ജൂബിലി വർഷം അനുഗ്രഹത്തിന്റെയും അതേസമയം പലവിധ വിടുതലിന്റെയും സമയമായിരുന്നു. അതുപോലെ തന്നെ ക്രിസ്തു തന്റെ ശിഷ്യന്മാർക്ക് ഭൂമിയിൽ “കെട്ടുന്നതിനും അഴിക്കുന്നതിനുമുള്ള” അധികാരവും നൽകുന്നു. നമ്മുടെ വിവിധങ്ങളായ പാപങ്ങൾക്കും കുറവുകൾക്കും മോചനം അപേക്ഷിച്ചുകൊണ്ട് ദൈവത്തിൽ നിന്ന് പാപത്തിന്റെ ശിക്ഷയിൽ ഇളവ് ലഭിക്കുന്നതിനായി സഭയിലൂടെ പ്രാർത്ഥനാപൂർവ്വം ചില ഭക്താഭ്യാസങ്ങൾ നാം അനുഷ്ഠിക്കുന്നു. സഭാധികാരികൾ അപ്പസ്തോലിക അധികാരത്തോടെ ഇത്തരം അനുഷ്‌ഠാനങ്ങൾ ദൈവാനുഗ്രഹം പ്രാപിക്കുന്നതിനുള്ള മാർഗ്ഗമായി പ്രഖ്യാപിക്കുന്നു.  ഇത് യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ അധികാരത്തോടും നമുക്കായി നേടിയെടുത്ത കൃപാവരത്തോടും ചേർത്ത് മനസ്സിലാക്കേണ്ട സത്യമാണ്. ഇതു കൂടാതെ വിശുദ്ധന്മാരുടെ പുണ്യജീവിതം അനുകരിക്കുന്നതിനും അതിൽ പങ്കുചേരുന്നതിനും അവരിലെ സുകൃതത്തിന്റെ അനുഗ്രഹങ്ങൾ വാങ്ങിയെടുക്കുന്നതിനുമുള്ള ഒരു അവസരം കൂടിയാണ് ഇത്തരം പ്രത്യേക പ്രാർത്ഥനാസമയങ്ങൾ (കത്തോലിക്കാ സഭയുടെ മതബോധനത്തിൽ നമ്പർ 1471 ദണ്ഡവിമോചനം എന്തെന്ന് വിശദീകരിക്കുന്നു. പ്രോട്ടസ്റ്റന്റ് നവീകരണ കാലഘട്ടത്തിൽ ഇതിന്റെ ദുരുപയോഗത്തെക്കുറിച്ച് വലിയ ചർച്ചകൾ നടന്നിരുന്നു. സഭയ്ക്കു പുറത്ത് ഇന്നും തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു സഭാപ്രബോധനമാണിത്).

വത്തിക്കാന്‍ അപ്പസ്‌തോലിക് പെനിറ്റെന്‍ഷ്യറി പ്രഖ്യാപിച്ച ദണ്ഡവിമോചനം ലഭിക്കണമെങ്കിൽ ചില നിബന്ധനകൾ നിർബന്ധമായും പാലിച്ചിരിക്കണം. കുമ്പസാര-ദിവ്യകാരുണ്യ കൂദാശയുടെ യോഗ്യതയോടെയുള്ള സ്വീകരണം, മാര്‍പാപ്പയുടെ പ്രത്യേക നിയോഗങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന (ഇവ മൂന്നും എല്ലാ അവസരങ്ങളിലും ദണ്ഡവിമോചനങ്ങൾക്ക് ബാധകമാണ്). അനുദിനജീവിതത്തിലെ അദ്ധ്വാനങ്ങളെ തൊഴിലാളി മദ്ധ്യസ്ഥനായ വി. യൗസേപ്പിന്റെ സംരക്ഷണത്തിനു സമര്‍പ്പിക്കല്‍, കുടുംബാംഗങ്ങളോടൊത്തുള്ള ജപമാല, എന്നിവയ്‌ക്കൊപ്പം താഴെക്കൊടുത്തിരിക്കുന്ന പതിനഞ്ചു കാര്യങ്ങളിലേതെങ്കിലും ചെയ്യുന്നവര്‍ക്കാണു ദണ്ഡവിമോചനം പ്രഖ്യാപിച്ചിട്ടുള്ളത് (ഇതിൽ ചിലതൊക്കെ പാശ്ചാത്യസഭയെ ഉദ്ദേശിച്ചുള്ളവയുമാണ്).

1) വി. യൗസേപ്പിതാവിന്റെ ജീവിതവിചിന്തനം ഉള്‍ക്കൊള്ളുന്ന ഒരു ഏകദിന ധ്യാനത്തില്‍ സംബന്ധിക്കുക.

2) ഏതെങ്കിലും തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് വി. യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥത്തിൽ പ്രാര്‍ത്ഥിക്കുക.

3) പീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്കായി വി. യൗസേപ്പിതാവിന്റെ ലുത്തിനിയ ചൊല്ലുക (ഇത് ലത്തീൻ റീത്തിൽ ഉള്ളവർക്കു വേണ്ടിയാണ്. ഓരോ സഭയുടെയും പാരമ്പര്യത്തിലുള്ള പ്രാർത്ഥന ഈ നിയോഗത്തിലേക്ക് ചൊല്ലാവുന്നതാണ്).

4) ദൈനംദിന തൊഴിലിനേയും തൊഴിലാളികളെയും വി. യൗസേപ്പിതാവിന്റെ സംരക്ഷണത്തിനു സമര്‍പ്പിച്ചു പ്രാർത്ഥിക്കുക.

5) വി. യൗസേപ്പിതാവിന്റെ മാതൃക പിന്തുടര്‍ന്ന് ഒരു ഭൗതീക കാരുണ്യപ്രവൃത്തി ചെയ്യുക (വിശക്കുന്നവര്‍ക്ക് ഭക്ഷണം, ദാഹിക്കുന്നവര്‍ക്കു ജലം, നഗ്നര്‍ക്കു വസ്ത്രം, ഭവനരഹിതര്‍ക്ക് പാർപ്പിടം, കാരാഗൃഹ സന്ദര്‍ശനം, രോഗീസന്ദര്‍ശനം, മരിച്ചവരെ സംസ്കരിക്കൽ തുടങ്ങിയവയ).

6) ഒരു ആത്മീയ കാരുണ്യപ്രവൃത്തി ചെയ്യുക (അറിവില്ലാത്തവരെ പഠിപ്പിക്കുക, ദുഃഖിതരെ ആശ്വസിപ്പിക്കുക, സന്ദേഹികളുടെ സംശയം തീർക്കുക, തെറ്റു ചെയ്തവരെ തിരുത്തുക, ഉപദ്രവങ്ങൾ ക്ഷമിക്കുക, മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുക തുടങ്ങിയവ).

7) കുടുംബാംഗങ്ങള്‍ക്കൊപ്പം ജപമാല ചൊല്ലുക.

8) വിവാഹനിശ്ചയം ചെയ്തവര്‍ ഒരു മനസ്സോടെ പ്രാർത്ഥിക്കുക.

9) “സ്വര്‍ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥനയെക്കുറിച്ച്  അര മണിക്കൂറെങ്കിലും ധ്യാനിക്കുക.

10) വി. യൗസേപ്പിതാവിന്റെ ഞായറാഴ്ച (ക്രിസ്മസിനു ശേഷമുള്ള ഞായര്‍) വി. യൗസേപ്പ് പിതാവിനോടുള്ള പ്രാര്‍ത്ഥന ചൊല്ലുക.

11) മാര്‍ച്ച് 19-ന് വി. യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ആഘോഷിക്കുക.

12) ഏതെങ്കിലും മാസത്തിലെ 19-ാം തീയതി വി. യൗസേപ്പിനോടുള്ള പ്രാര്‍ത്ഥന ചൊല്ലുക.

13) ഒരു ബുധനാഴ്ച വി. യൗസേപ്പ് പിതാവിനോടുള്ള ആദരസൂചകമായി ഒരു ഭക്തകൃത്യം അനുഷ്ഠിക്കുക. (ലത്തീൻ റീത്തിൽ ബുധനാഴ്ച യൗസേപ്പിതാവിനു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ദിനമാണ്).

14) തിരുക്കുടുംബ തിരുനാളായ ഡിസംബര്‍ 29-ന് വി. യൗസേപ്പ് പിതാവിനോടു പ്രാര്‍ത്ഥിക്കുക.

15) മെയ് 1-നു തൊഴിലാളി മദ്ധ്യസ്ഥനായ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്തിപൂർവ്വം ആചരിക്കുക.

യൗസേപ്പിതാവ് വിശുദ്ധ ഗ്രന്ഥത്തിൽ

പാശ്ചാത്യ-പൗരസ്ത്യസഭകൾക്ക് പുരാതനകാലം മുതൽ തന്നെ  വളരെ സമ്പന്നമായ മരിയ ദൈവശാസ്ത്രം ഉണ്ട്. എന്നാൽ വി. യൗസേപ്പിതാവുമായി ബന്ധപ്പെട്ട് വിവിധ ഭക്താഭ്യാസങ്ങൾ നിലനിന്നിരുന്നുവെങ്കിലും ആധികാരിക ദൈവശാസ്ത്രപഠനങ്ങൾ കുറവായിരുന്നു. അതിനാൽ തന്നെ യൗസേപ്പിതാവിനു പ്രത്യേകമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ വർഷത്തിൽ യേശുവിന്റെ വളർത്തുപിതാവിനെ ആഴത്തിൽ അറിയുന്നതിനും അങ്ങനെ നമ്മുടെ ക്രിസ്തുബന്ധത്തിൽ ദൃഢപ്പെടുന്നതിനും ബോധപൂർവ്വകമായ പരിശ്രമങ്ങൾ ഉണ്ടാവണം. യൗസേപ്പിതാവിനെ അടുത്തറിയുന്നതിനും രക്ഷാകരചരിത്രത്തിലുള്ള സ്ഥാനം മനസ്സിലാക്കുന്നതിനും നമുക്കുള്ള ഏറ്റം വലിയ മാർഗ്ഗം വിശുദ്ധ ഗ്രന്ഥം തന്നെയാണ്. ഇതുവരെയുള്ള സഭയുടെ ഔദ്യോഗിക പ്രബോധനങ്ങൾ എല്ലാം തന്നെ ഇതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയിട്ടുള്ളതാണ്.

യൗസേപ്പിന്റെ ജീവിതത്തെക്കുറിച്ച് യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ടും പിന്നീട് പന്ത്രണ്ടാമത്തെ വയസിൽ ദേവാലയസന്ദർശനവുമായി ചേർത്തുമുള്ള വിവരണം മാത്രമേ നമുക്ക് ലഭ്യമായിട്ടുള്ളൂ. യേശുവിന്റെ പിന്നീടുള്ള ജീവിതത്തിൽ മറിയം പ്രത്യക്ഷപ്പെടുന്ന അവസരങ്ങളിലൊന്നും യൗസേപ്പ് കൂടെയുണ്ടായിരുന്നില്ല എന്നതിൽ നിന്നും നമ്മുടെ കർത്താവിന്റെ പരസ്യജീവിതത്തിന് മുമ്പുതന്നെ യൗസേപ്പ് മരിച്ചിരിക്കാം എന്ന് നമുക്ക് അനുമാനിക്കാം. എന്തായാലും കാനായിലെ കല്യാണവിരുന്നിൽ യേശുവും മാതാവും ശിഷ്യന്മാരും സന്നിഹിതമായിരുന്നപ്പോൾ ജോസഫിനെക്കുറിച്ചു ഒന്നുംതന്നെ പറയുന്നില്ല. യൗസേപ്പിതാവിനെ അൽപം കൂടി അടുത്തറിയുന്നതിന് ചില വേദഭാഗങ്ങൾ നമുക്ക് വിചിന്തനം ചെയ്യാം.

ദൈവദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്നു: മത്തായി സുവിശേഷകൻ ദൈവദൂതന്റെ ദർശനം വി. യൗസേപ്പിനുണ്ടായതിനെക്കുറിച്ചു വിവരിക്കുന്നു (1:18-25). മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. യഹൂദ മതാചാരപ്രകാരം ഒരു പുരുഷനും സ്ത്രീയും സാക്ഷികളുടെ മുമ്പാകെ വിവാഹത്തിനുള്ള സമ്മതം അറിയിച്ചുകഴിഞ്ഞാൽ ഒരുമിച്ചു ജീവിക്കാൻ അനുവാദമില്ലെങ്കിലും നിയമപരമായി അവർ വിവാഹിതരായവരെപ്പോലെയാണ്. മിക്കവാറും ഒരു വർഷം മുമ്പു നടക്കുന്ന ഈ വിവാഹനിശ്ചയത്തിനു ശേഷവും സ്ത്രീ, തന്റെ മാതാപിതാക്കന്മാരോടൊത്ത് വസിക്കുന്നു. ഇങ്ങനെയുള്ള അവസരത്തിലാണ് മറിയം പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്ന വാർത്ത ജോസഫിനു ലഭിക്കുന്നത്. നീതിമാനെന്ന് സുവിശേഷം വിശേഷിപ്പിക്കുന്ന ജോസഫിനെ ഇക്കാര്യം ധർമ്മസങ്കടത്തിലാക്കുന്നു. കാരണം, ഈ അവസ്ഥയിൽ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലണമെന്നാണ് മോശയുടെ നിയമത്തിൽ പറഞ്ഞിരിക്കുന്നത് (നിയമാ. 22:13-24). [റോമൻ ഭരണത്തിലായിരുന്ന ഇസ്രായേലിൽ ഇക്കാലത്ത് മരണശിക്ഷയ്ക്കു പകരം പരസ്യവിചാരണയ്ക്കു ശേഷം വിവാഹമോചനം എന്ന നിയമമായിരുന്നു].

തെറ്റുകാരിയാണെങ്കിൽപ്പോലും മറിയത്തെ “അപമാനിക്കാൻ” ഇഷ്ടപ്പെടാതിരുന്ന ജോസഫ് രഹസ്യമായി അവളെ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു. നിയമത്തോട് കൂറു പുലർത്തുമ്പോഴും കാരുണ്യമുള്ള ഹൃദയത്തിനുടമയായിരുന്നു ജോസഫ്. കൂടാതെ, മറിയത്തിന്റെ “അവിശ്വസ്തത” ലോകമറിഞ്ഞാൽ അവൾക്ക് പിന്നീട് ഒരു വിവാഹത്തിനുള്ള സാധ്യതയുമുണ്ടായിരുന്നില്ല. വി.അക്വിനാസ്, വി.ബേസിൽ തുടങ്ങിയവർ നൽകുന്ന ആത്മീയവ്യാഖ്യാനം ഒരുപക്ഷേ, എന്താണ് സംഭവിച്ചതെന്ന് മറിയം പറഞ്ഞപ്പോൾ ജോസഫിനുണ്ടായ “ദൈവിക ഭയം” ദൈവപുത്രന്റെ വളർത്തുപിതാവ് എന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചിരിക്കാം എന്നാണ്.

ഇതിനെല്ലാം മാറ്റം വരുന്നത് ദൈവദൂതൻ ജോസഫിന് നേരിട്ട് പ്രത്യക്ഷപ്പെടുന്നതോടെയാണ്. സ്വപ്നത്തിൽ മാലാഖ പ്രത്യക്ഷപ്പെട്ടപ്പോൾ ജോസഫിന്റെ ദാവീദുമായിട്ടുള്ള കുലബന്ധവും എന്ത് കാരണത്താലാണ് ജോസഫിനെ ദൈവം തിരഞ്ഞെടുത്തിരിക്കുന്നതെന്നും വ്യക്തമാക്കുന്നു. ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ ജോസഫിന് ഒരു സുപ്രധാന പങ്കു വഹിക്കാനുണ്ടെന്ന് ദൂതന്റെ വാക്കുകൾ വ്യക്തമാക്കുന്നു. നിയമപരമായി ജോസഫിന്റെ മകനെന്ന നിലയിൽ ദാവീദിന്റെ വംശപരമ്പരയ്ക്ക് യേശു അവകാശിയുമായിരിക്കും. അന്നത്തെ സാഹചര്യത്തിൽ മിശിഹാ തങ്ങളെ രാഷ്ട്രീയ അടിമത്വത്തിൽ നിന്നും മോചിപ്പിക്കും എന്നാണ് അവർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ദൂതൻ വ്യക്തമായി പറയുന്നു: ഒന്നാമതായി അവൻ മാനവകുലത്തിന് രക്ഷ പ്രദാനം ചെയ്യും, രണ്ടാമതായി അവൻ പാപത്തിൽ നിന്നും മനുഷ്യനെ മോചിപ്പിക്കും. കാരണം പാപമെന്ന ശത്രു റോമൻ സാമ്രജ്യത്തേക്കാൾ, ഹേറോദേസിനേക്കാൾ അപകടകാരിയാണ്. യൗസേപ്പിന്റെ മകനെന്ന നിലയിൽ ദാവീദിന്റെ വംശപരമ്പരയിലുള്ള യേശുവിന്റെ ജനനവുമായി എല്ലാ കാകാര്യങ്ങളും ബന്ധപ്പെട്ടിരിക്കുന്നു.

യേശുവിന്റെ പന്ത്രണ്ടാം വയസ്സിലെ ദേവാലയ സന്ദർശനം: തിരുക്കുടുംബത്തിന്റെ കഥ പറയുന്ന വേദഭാഗമാണ് ലൂക്കോസിന്റെ സുവിശേഷം രണ്ടാം അദ്ധ്യായത്തിന്റെ അവസാന ഭാഗം (2:41-52).  യേശുവിന്റെ ജനനത്തിനും പരസ്യജീവിതത്തിനുമിടയിലുള്ള മുപ്പതു വർഷത്തെ ജീവിതത്തെക്കുറിച്ചു നമുക്ക് ലഭ്യമായ  ഒരേയൊരു വിവരണവുമാണിത്. യേശുവും കുടുംബവും ഓരോ വർഷവും യഹൂദനിയമനുസരിച്ചുള്ള മതപരമായ കർത്തവ്യങ്ങൾ നിറവേറ്റിയിരുന്നു. അങ്ങനെ പെസഹാ തിരുനാളിനോടനുബന്ധിച്ച് ജറുസലേം ദേവാലയത്തിൽ യേശുവിന്റെ പന്ത്രണ്ടാമത്തെ വയസിൽ തീർത്ഥാടനം നടത്തുന്നു.  യാത്രാസൗകര്യത്തിനു വേണ്ടിയും സുരക്ഷിതത്വം കരുതിയും ആളുകൾ മിക്കപ്പോഴും കൂട്ടമായിട്ടാണ് ദേവാലയത്തിലേക്കു പോയിരുന്നത്. അങ്ങനെ സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടേയുമൊക്കെ സംഘങ്ങൾ രൂപപ്പെട്ടിരിക്കണം. അതുകൊണ്ടാണ് ഒരുപക്ഷേ, മടക്കയാത്രയിൽ യേശുവിനെ ജോസഫിനും മറിയത്തിനും നഷ്ടപ്പെടാൻ കാരണമായതും. എന്നാൽ യേശു തന്റെ സ്വർഗ്ഗീയപിതാവിന്റെ ദൗത്യം നിറവേറ്റുകയായിരുന്നുവെന്ന് സുവിശേഷം സാക്ഷിക്കുന്നു. ഇതിൽ നിന്നും യേശുവിന്റെ ദൈവപിതാവിന്റെ പുത്രൻ എന്നുള്ള വെളിപാടും സന്ദേശവും മറിയത്തിനും ജോസഫിനും മാത്രമല്ല, സുവിശേഷം വായിക്കുന്ന എല്ലാവർക്കും നൽകപ്പെടുന്നു. ക്രിസ്തുവിന്റെ സാന്നിധ്യമാണ് മറിയത്തിന്റെയും ജോസഫിന്റെയും കുടുംബത്തെ തിരുക്കുടുംബമാക്കിയത്.  ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ നേരിട്ടെങ്കിലും അവർ അത് ഒരുമയോടെ നേരിട്ടു. ഇത് എല്ലാ കുടുംബങ്ങൾക്കും മാതൃകയായി നൽകപ്പെട്ടിരിക്കുന്നു.

ഈജിപ്തിലേയ്ക്കുള്ള പലായനം (മത്തായി 2:13-18): ക്രിസ്തുമസിന്റെ വളരെ സന്തോഷകരമായ ദിനങ്ങളുടെ ഇടയിലേയ്ക്ക് ദുഃഖവും സഹനവും കടന്നുവരുന്നു. യേശുവിന്റെ ഈജിപ്ത് വാസത്തിന് ഇസ്രേയലിലെ പ്രധാന നേതാക്കന്മാരുമാരുടെ ജീവിതവുമായുള്ള സാമ്യം വളരെ വ്യക്തമാണ്. ഹേറോദേസിനെപ്പോലെ ഫറവോ, യഹൂദന്മാരുടെ ആൺകുട്ടികളെ കൊല്ലാൻ ശ്രമിച്ചപ്പോൾ ഫറവോയുടെ മകൾ തന്നെയാണ് മോശയെ രക്ഷിക്കുന്നത്. ജനത്തിന്റെ പീഢനത്തിന്റെ കാലഘട്ടത്തിലും രാജകുടുംബത്തിലെ പരിശീലനം മോശയെ പുറപ്പാടിന് നേതൃത്വം കൊടുക്കാൻ പ്രാപ്തനാക്കുന്നു. പുതിയ പുറപ്പാടിന്റെ നായകനായ യേശുവിനും സഹനത്തിന്റെ ഒരു ഈജിപ്തനുഭവം ലഭിക്കുന്നു. അത് എന്തിനുവേണ്ടിയെന്ന് യേശുവിന്റെ ജനനസമയത്ത്  പ്രവചിക്കപ്പെട്ടിട്ടുണ്ട്: “അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് മോചിപ്പിക്കും” (1:21). പിന്നീട് മോശയെ കൊല്ലാൻ ശ്രമിച്ച രാജാവിന്റെ മരണശേഷമാണ് അവന് തിരികെ ചെന്ന് ഇസ്രായേൽ ജനത്തെ വിമോചിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുക്കാൻ സാധിച്ചത്. അതുവരെയും അവൻ ഒളിജീവിതം നയിക്കുകയായിരുന്നു. ഇവിടെ യേശുവിനെ കൊല്ലാൻ ശ്രമിച്ച ഹേറോദേസിന്റെ മരണശേഷമാണ് യേശുവിനും കുടുംബത്തിനും തിരികെയെത്താൻ സാധിക്കുന്നത്.

ഹേറോദേസിന്റെ മരണശേഷം ജോസഫിന് ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്നു. ജോസഫിന് എപ്പോഴും ദൈവിക വെളിപാടുകൾ സ്വപ്നത്തിലൂടെയാണ് ലഭിക്കുന്നത്. വീണ്ടും “സ്വപ്നം,” “ജോസഫ്”, “ഈജിപ്ത്” ഈ വാക്കുകൾ പഴയനിയമത്തിലെ ജോസഫിനെ അനുസ്മരിപ്പിക്കുന്നു. രണ്ടുപേർക്കും യാക്കോബ് എന്ന പിതാവുണ്ട് (ഉൽ. 37: 2-3; മത്താ. 1:16). ഇരുവരും സ്വന്തം നാട്ടിൽ പീഡിപ്പിക്കപ്പെടുമ്പോൾ ഈജിപ്തിലേയ്ക്ക് പോകുന്നു (ഉൽ. 37:36; മത്താ. 2:14). അത് മുഖാന്തിരം ഇരുവരും തങ്ങളുടെ കുടുംബത്തിന്റെ രക്ഷയ്ക്ക് കാരണമാകുന്നു (ഉൽ. 50:20). സ്വപ്നത്തിലൂടെ ദൈവിക വെളിപ്പെടുത്തലുകൾ സ്വീകരിക്കുന്ന ജോസഫുമാർ തങ്ങളുടെ മാത്രമല്ല, തലമുറകളുടെ തന്നെ രക്ഷയ്ക്കും വിമോചനത്തിനും കാരണമാവുന്നു. നന്മയ്ക്കും നന്മ ചെയ്യുന്നവർക്കും മിക്കപ്പോഴും തങ്ങൾ ഉദ്ദേശിക്കാത്തതോ ആഗ്രഹിക്കാത്തതോ ആയ സഹനങ്ങളും അക്കൂട്ടത്തിൽ നേരിടേണ്ടി വരും. എന്നാൽ, എപ്പോഴും അവസാനവിജയം സത്യത്തിനും നന്മയ്ക്കും മാത്രമായിരിക്കും.

ഈജിപ്ത് വാസവും തിരിച്ചു വരവും: ദൈവദൂതന്റെ അറിയിപ്പനുസരിച്ചു ഈജിപ്തിലേക്കു പോയ ജോസഫ് തന്റെ കുടുംബവുമായി  ഹേറോദേസിന്റെ മരണശേഷം ഇസ്രയേലിലേക്ക് തിരികെയെത്തുന്നതിനെക്കുറിച്ചു മത്തായി സുവിശേഷകൻ പറയുന്നു (2:19-23). ഇവിടെയും സ്വപ്നത്തിലൂടെയുള്ള വെളിപാടാനുസരിച്ചാണ് വി. യൗസേപ്പ് പ്രവർത്തിക്കുന്നത്. ഹേറോദേസ് എന്ന നാമത്തിൽ പല ഭരണാധികാരികൾ യൂദയായിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ യേശുവിന്റെ ജനനസമയത്ത് റോമൻ യൂദയായുടെ ഭരണാധികാരിയായിരുന്ന ഹേറോദേസ് ചരിത്രത്തിൽ അറിയപ്പെടുന്നത് “മഹാനായ ഹേറോദേസ്” എന്നാണ്. അതിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളാണ്. അതിൽ തന്നെയും രണ്ടാം ജറുസലേം ദേവാലയത്തിന്റെ പുനർനിർമ്മാണം എടുത്തു പറയത്തക്ക ഒരു നേട്ടമായിരുന്നു. മാത്രമല്ല, റോമൻ സെനറ്റാണ് ഹേറോദേസിനെ യൂദയായുടെ രാജാവായി പ്രഖ്യാപിച്ചത്. യഹൂദർക്ക് ദേവാലയം ഏറ്റം പ്രിയപ്പെട്ടതായതിനാൽ അതിനുവേണ്ടി എന്ത് ചെയ്യുന്നതും മഹത്വരമായ കാര്യമായിരുന്നു.

എന്നാൽ വളരെ ക്രൂരനായ ഭരണാധികാരിയും കൂടിയായിരുന്നു ഇദ്ദേഹം. യേശുവിന്റെ ജനനസമയത്ത് ബേത്‌ലഹേമിലെ ആൺകുട്ടികളെ വധിക്കുന്നത് അതിൽ ഒന്ന് മാത്രമായിരുന്നു. വിഷാദരോഗത്തിന് അടിമയായിരുന്ന ഹേറോദേസിന്റെ മരണം വളരെ ദയനീയമായിരുന്നു. ചരിത്രകാരനായ ജോസിഫസ് (Josephus) അദ്ദേഹത്തിന്റെ മരണം കുടൽമാല പുറത്തുചാടി വൃഷണം അഴുകി അതിവേദനയോടെ ആയിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിനുണ്ടായിരുന്ന രോഗം “ഹേറോദേസിന്റെ അസുഖം” (Herod’s evil) എന്ന പേരിൽ പിന്നീട് വൈദ്യശാസ്ത്രത്തിൽ അറിയപ്പെടാൻ തുടങ്ങി. ജെറിക്കോയിൽ വച്ച്, ആരും താൻ മരിക്കുമ്പോൾ വിലപിക്കില്ല എന്ന ചിന്തയിൽ, സമൂഹത്തിലെ ഉന്നതരായ ആളുകളെ താൻ മരിക്കുമ്പോൾ അവിടെ കൊണ്ടുവന്ന് കൊല്ലണമെന്ന് കല്പിച്ചു. ഇത് കണ്ടു അവരുമായി ബന്ധപ്പെട്ടവർ വിലപിക്കും എന്ന ചിന്തയായിരുന്നു ഇതിന്റെ പിന്നിൽ. എന്നാൽ ആരും ആ കല്പന അനുസരിക്കാൻ തയ്യാറാകാതിരുന്നതിനാൽ മറ്റൊരു ദുരന്തം ഒഴിവായി.

യേശുവിന്റെ ജനനസമയത്തു തന്നെ വലിയ കഷ്ടപ്പാടും പ്രയാസങ്ങളും കുരിശും തിരുക്കുടുംബത്തിൽ സന്നിഹിതമായിരുന്നു എന്ന് ഈ സംഭവങ്ങൾ വെളിവാക്കുന്നു. നസറേത്ത് എന്ന ചെറുഗ്രാമത്തിലാണ് ജോസഫ് പിന്നീട് ജീവിക്കുന്നത്. പഴയനിയമത്തിലെങ്ങും ഇങ്ങനെയൊരു പ്രവചനം കാണുന്നില്ലെങ്കിലും “അവൻ നസറേത്തിൽ നിന്ന് വരും” എന്ന പ്രവചനം പൂർത്തിയാക്കാൻ വേണ്ടിയാണു ഇത് സംഭവിച്ചതെന്ന് സുവിശേഷകൻ പറയുന്നു. ഒരുപക്ഷേ, അങ്ങനെയൊരു പാരമ്പര്യമോ വിശ്വാസമോ ഉദ്ദേശിച്ചായിരിക്കാം സുവിശേഷകൻ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. പണ്ട് കാലങ്ങളിൽ ക്രിസ്ത്യാനികളെ ഇങ്ങനെ അഭിസംബോധന ചെയ്തിരുന്നുവെന്നതിനു ഉദാഹരണമാണ് നമ്മുടെ നാട്ടിൽ തന്നെ യേശുവിന്റെ അനുയായികളെ “നസ്രാണികൾ” എന്ന് വിളിക്കുന്നത്.

യേശു തച്ചന്റെ മകൻ: യേശുവിനെ ഒരു തച്ചന്റെ മകനും മരപ്പണിക്കാരനുമായി സ്വന്തം നാട്ടുകാർ പറയുന്നതിനെക്കുറിച്ചു മർക്കോസ് സുവിശേഷകൻ എഴുതുന്നു (6:1-6). അതിന്റെ അർത്ഥം, യേശു തന്റെ പരസ്യജീവിതം ആരംഭിക്കുന്ന മുപ്പതാം വയസ് സുവരെ പിതാവായ ജോസഫിനെ കുലത്തൊഴിലായ മരപ്പണിയിൽ സഹായിച്ചിരുന്നു എന്നതാണ്. അതിൽ നിന്നുള്ള വരുമാനം കൊണ്ടുതന്നെ ആയിരുന്നിരിക്കണം തന്റെ പുത്രനായ യേശുവിനെ വി. യൗസേപ്പ് വളർത്തിയതും. സുവിശേഷങ്ങളിലോ മറ്റു ചരിത്രരേഖകളിലോ യേശുവിന്റെ ഇക്കാലയളവിലെ ജീവിതത്തെക്കുറിച്ച് ഒന്നുംതന്നെ പറയുന്നില്ല. യേശുവിനെ സ്വന്തം നാട്ടുകാർക്ക് യൗസേപ്പിന്റെയും മറിയത്തിന്റെയും മകനായി നല്ല പരിചയമുണ്ടായിരുന്നു എന്നതിനു തെളിവാണ് ഈ സുവിശേഷഭാഗം.

യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

വി. യൗസേപ്പിന്റെ മദ്ധ്യസ്ഥതയിൽ പ്രാർത്ഥിച്ചുകൊണ്ടാണ്  ഫ്രാൻസിസ് മാർപാപ്പ തന്റെ അപ്പസ്തോലിക ലേഖനം “പിതാവിന്റെ ഹൃദയത്തോടെ” അവസാനിപ്പിക്കുന്നത്. ആ പ്രാർത്ഥനയുടെ പരിഭാഷ ഇവിടെ കൊടുക്കുന്നു.

രക്ഷകന്റെ ദിവ്യകാവല്‍ക്കാരാ, അങ്ങു വാഴ്ത്തപ്പെടട്ടെ!
പരിശുദ്ധ കന്യകയുടെ ജീവിതപങ്കാളിയായ
അങ്ങേ കരങ്ങളില്‍ ദൈവം തന്റെ ഏകജാതനെ ഭരമേല്പിച്ചു.
പരിശുദ്ധ മറിയം അങ്ങില്‍ തന്റെ വിശ്വാസമര്‍പ്പിച്ചു.
ക്രിസ്തു അങ്ങയോടു കൂടി മനുഷ്യനായി.

വാഴ്ത്തപ്പെട്ട യൗസേപ്പേ, അങ്ങില്‍ അഭയം തേടുന്ന ഞങ്ങൾക്ക്
ജീവിതപാതയില്‍ ഒരു പിതാവായും സഹായിയായും തുണയേകണമേ.
ദൈവത്തിൽ നിന്നും കൃപയും കാരുണ്യവും ആത്മധൈര്യവും നേടിത്തന്ന്
എല്ലാ തിന്മകളില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കേണമേ!
ആമ്മേന്‍.

ഉപസംഹാരം

വി. യൗസേപ്പിനെ പീയൂസ് ഒൻപതാം മാർപ്പാപ്പ 1870-ൽ ആഗോളസഭയുടെ സംരക്ഷകനായും രോഗികളുടെ മദ്ധ്യസ്ഥനായും പ്രഖ്യാപിച്ചു. യൗസേപ്പിതാവിന്റെ മരണസമയത്ത് യേശുവും മാതാവും സന്നിഹിതരായിരുന്നു എന്ന വിശ്വാസത്തിൽ നിന്നും നല്ല മരണത്തിനായി വിശ്വാസികൾ വി. യൗസേപ്പ് പിതാവിന്റെ മദ്ധ്യസ്ഥതയിൽ പ്രാർത്ഥിക്കാറുണ്ട്. പീയൂസ് പന്ത്രണ്ടാം മാർപ്പാപ്പ 1955-ൽ മെയ് ഒന്നാം തീയതി തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വി. യൗസേപ്പിന്റെ തിരുനാളായി ആഘോഷിക്കാൻ ആഹ്വാനം ചെയ്തത് തൊഴിലിന്റെ മഹത്വം യൗസേപ്പിതാവ് കാണിച്ചുതന്നിരിക്കുന്നതിനാലാണ്. വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ “രക്ഷകന്റെ സംരക്ഷകന്‍” ആയും യൗസേപ്പിതാവിനെ എടുത്തുകാട്ടുന്നു. ഇന്ന് ലോകമാസകലം കുടുംബത്തിനും സഭയ്ക്കുമെതിരായ പ്രചരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വി. യൗസേപ്പിതാവിലൂടെയുള്ള സമർപ്പണപ്രാർത്ഥന കൂടുതൽ അർത്ഥവത്താണ്. ഈ വർഷം നമ്മുടെ കുടുംബങ്ങൾക്ക് വലിയ അനുഗ്രവർഷമായി പരിണമിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുകയും യൗസേപ്പിതാവിനെപ്പോലെ സമൂഹത്തിൽ നിശബ്ദസേവനം ചെയ്യുന്ന എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നതിനും നമുക്ക് പരിശ്രമിക്കാം.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.