പുതുവര്‍ഷം അനുഗ്രഹപൂര്‍ണ്ണമാക്കാന്‍ വി. യൗസേപ്പിനെ മാതൃകയാക്കാം

2021 വര്‍ഷത്തെ നമ്മുടെ വഴികാട്ടിയായി നീതിമാനായ ഒരു മനുഷ്യന്‍ നമ്മുടെ കൂടെയുണ്ട്, മാര്‍ യൗസേപ്പ് പിതാവ്. അദ്ദേഹം തന്റെ ജീവിതത്തിലൂടെ ചില പാഠങ്ങളും നമ്മെ പഠിപ്പിക്കുന്നുണ്ട്. അതില്‍ ആദ്യത്തേത് ദൈവത്തിന്റെ അമൂല്യമായ സൃഷ്ടിയാണ് താന്‍ എന്ന സത്യം ഒരിക്കലും മറക്കാതെ സൂക്ഷിക്കുക എന്നതാണ്. രണ്ടാമതായി, നാം ആയിരിക്കുന്ന തനിമയില്‍ സന്തോഷം കണ്ടെത്തുക. നമുക്ക് ലഭിക്കുന്ന നിയോഗങ്ങള്‍ വലിയ ഉത്തരവാദിത്വമാണന്നു തിരിച്ചറിയുക. നമുക്കു മാത്രം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന നിയോഗങ്ങള്‍. ചിലപ്പോള്‍ നമ്മുടെ തിരഞ്ഞെടുക്കല്ലുകള്‍ നമ്മളെത്തന്നെ മുറിവേല്‍പ്പിക്കും അപ്പോഴും അവയെ ആശ്ലേഷിക്കുക, അവയില്‍ നിന്നു പഠിക്കുക, മുമ്പോട്ടു പോവുക. വിജയം സുനിശ്ചയം.

ചില സന്ദര്‍ഭങ്ങളില്‍ നമുക്കാവശ്യമുള്ളതും നാം നല്ലതെന്നു ചിന്തിക്കുന്നതും ലഭിക്കാതിരിക്കുന്നത് ഒരനുഗ്രഹമാണന്നു തിരിച്ചറിയുക. ദൈവാശ്രയമുള്ളവന്റെ മുമ്പില്‍ ഒരു വാതിലടയുമ്പോള്‍ അനേകം വാതിലുകള്‍ നമുക്കായി തുറക്കുന്നതു കാണാന്‍ കഴിയുമെന്നു യൗസേപ്പിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ പ്രശ്നങ്ങള്‍ക്കു പകരമായി എപ്പോഴും ദൈവം തന്ന അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. എപ്പോഴും ഏറ്റവും ശ്രേഷ്ഠമായതു ചെയ്യുക. ദൈവം നമ്മളില്‍ നിന്നു പ്രതീക്ഷിക്കുന്നതു ഏറ്റവും നല്ലതാണ്.

പ്രാര്‍ത്ഥനയാണ് ഏറ്റവും ശക്തമായ ആയുധം. ആപത്കാലങ്ങളില്‍ ഏറ്റവും ശക്തനായ സഹായി പ്രാര്‍ത്ഥനയാണ്. കാര്യങ്ങള്‍ അതീവ ഗൗരവമായി എടുത്ത് ജീവിതത്തിന്റെ തനിമ നഷ്ടപ്പെടുത്താതിരിക്കുക. എല്ലായിടത്തും പ്രലോഭനങ്ങള്‍ ഉണ്ട്, അവയോടു അരുതേ പറയാന്‍ പരിശീലിക്കുക. അയല്‍ക്കാരന്‍ ആരു തന്നെ ആയാലും സഹായിക്കാന്‍ അമാന്ദിക്കരുത്. ഉയര്‍ച്ച താഴ്ചകള്‍ ഒരുപക്ഷേ, നമ്മളെ തേടി വന്നേക്കാം അപ്പോഴെല്ലാം ദൈവത്തില്‍ ആശ്രയിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.