ഒടുക്കം ഒരു തുടക്കമാണ്‌

[avatar user=”Justin” size=”120″ align=”left” /]

അവസാനിപ്പിക്കാന്‍ എല്ലാം എളുപ്പമാണ്, ബന്ധങ്ങളും ജീവിതവും കുടുംബവും ദൈവകൃപകളും എല്ലാം ഇല്ലാതാകാനും ഇല്ലാതാക്കാനും ഒരു നിമിഷം മതി. എന്നാല്‍ നിര്‍മ്മിച്ചെടുക്കുക എന്നത് ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്. യൗസേപ്പിന് എല്ലാം ഇല്ലാതാക്കാമായിരുന്നു. എല്ലാവരുടെയും വാക്കു കേട്ട് മറിയത്തെ വേണ്ടെന്നു വച്ചിരുന്നെങ്കില്‍ ഒരു കുടുംബബന്ധം ഇല്ലാതാകുമായിരുന്നു, തനിക്കും തന്റെ ഭാര്യയ്ക്കും ഇപ്പോള്‍ ഒരു കുഞ്ഞിനെ സ്വീകരിക്കാന്‍ പറ്റിയ സമയമല്ലെന്നു തോന്നിയിരുന്നെങ്കില്‍ ആ കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാമായിരുന്നു. ഹെറോദേസ് അന്വേഷിക്കുന്നത് തന്റെ കൈക്കുഞ്ഞിനെയാണെന്നു മനസ്സിലായപ്പോള്‍, ആ കുഞ്ഞിനെ നല്‍കിയാല്‍ എല്ലാ സമ്പാദ്യങ്ങളും തനിക്കു നേടാമെന്നുള്ള ധാരണയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് സമ്പത്തിന്റെ പുറകേ പോകാമായിരുന്നു. ഇന്നത്തെ കുടുംബനാഥന്മാര്‍ക്ക് വരുന്ന വലിയ പിഴവുകളാണ് ഇവ മൂന്നും എന്ന് തിരിച്ചറിയുമ്പോഴാണ് യൗസേപ്പ് എന്ന വ്യക്തി കുടുംബത്തിന്റെ നെടുംതൂണ്‍ ആയി നിന്നത് എങ്ങനെയാണെന്ന് നാം തിരിച്ചറിയേണ്ടതായി വരുന്നത്. പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ വ്യക്തികളെ കൊയൊഴിയുന്നവരെയല്ല അവരുടെ കൈപിടിക്കേണ്ടവരെയാണ് കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുന്നത്.

ജീവിതപങ്കാളിയുടെ വിശ്വസ്തത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ കുടുംബബന്ധം ഇല്ലാതാക്കാന്‍ ഏറ്റവും എളുപ്പമായ അവസ്ഥയായിരുന്നു അദ്ദേഹത്തിനു മുമ്പില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ദൈവത്തിന്റെ വാക്കു കേട്ട് ആ ജീവിതം അദ്ദേഹം സ്വീകരിച്ചു. 1.36 മില്യണ്‍ വിവാഹ മോചനങ്ങള്‍ ഭാരതത്തില്‍ നടക്കുന്നുണ്ട്. ഓരോ മണിക്കൂറിലും എന്ന രീതിയില്‍ ആണ് കുടുബബന്ധങ്ങളിലെ കേസുകള്‍ കോടതികളില്‍ പെരുകുന്നത്. നിസ്സാരമായ വാക്കുതര്‍ക്കങ്ങളുടെ പേരില്‍ പോലും വിവാഹബന്ധങ്ങള്‍ ഇല്ലാതാക്കപ്പെടുന്നു. ഈ സാമൂഹ്യ പരിതസ്ഥിതിയിലാണ് യൗസേപ്പിന്റെ മനസ്ഥൈര്യം നമുക്ക് വെല്ലുവിളിയാകുന്നത്. നഷ്ടപ്പെടുത്തിയാല്‍ തിരിച്ചെടുക്കാവുന്നതല്ല കുടുംബബന്ധമെന്ന് നാം തിരിച്ചറിയുക തന്നെ വേണം. വെഡ്ഡിങ്ങ് ഫോട്ടോഗ്രഫി മാത്രം വിവാഹത്തേക്കാളും വിവാഹദിനത്തിലെ പ്രാര്‍ത്ഥനകളെക്കാളും പ്രാധാന്യം നേടുന്ന കാലത്തില്‍ ഫോട്ടോയ്ക്ക് പുതുമനഷ്ടപ്പെടുന്ന കാലതാമസം മതി ഒരു പ്രൊഫൈല്‍ പിക്ചര്‍ മാറുന്ന ലാഘവത്തില്‍ കുടുംബബന്ധങ്ങള്‍ വേര്‍പെടുത്തി മറ്റൊരു മേല്‍വിലാസം സമൂഹത്തില്‍ എഴുതിവെയ്ക്കാന്‍. എന്നാല്‍ കുടുംബബന്ധങ്ങളുടെ ശാശ്വതമായ നന്മ മനസ്സിലാക്കി പ്രവര്‍ത്തിക്കുക ആണ് യൗസേപ്പ് നമ്മെ പഠിപ്പിക്കുന്നത്.

തന്റെ സാഹചര്യങ്ങളെ പഴിപറഞ്ഞ് കുഞ്ഞിനെ ഉപേക്ഷിക്കാമായിരുന്നു യൗസേപ്പിതാവിന്. മകനോ മകളോ പിറക്കുന്നവനാണ് പിതാവ്, അവരെ കൊലചെയ്യുന്നവരല്ല. ബിബിസി ന്യൂസ് 2017 ഡിസംബറില്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച്, 1.6 കോടി ഗര്‍ഭച്ഛിദ്രങ്ങള്‍ നടത്തപ്പെടുന്നുണ്ട്. ഒരു മനുഷ്യജീവന്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ കുടുംബത്തില്‍ പിറക്കുന്നതിനെ വെറുക്കുന്നവര്‍ പോലും ഇന്നത്തെ കാലത്തുണ്ട്. ജോലിയും, സാഹചര്യങ്ങളും മാത്രം നോക്കി കുഞ്ഞിനെ സ്വീകരിക്കാന്‍ തയ്യാറാകുന്നവര്‍ ദൈവത്തെ മറന്നു പോകുന്നു. എല്ലാം തികയുന്ന കാലം ആര്‍ക്കും സാധിക്കില്ല എന്ന് അവര്‍ വിസ്മരിക്കുന്നു. മക്കള്‍ ദൈവദാനമാണ് അവരെ സ്വീകരിക്കാന്‍ ആവശ്യം നല്ല മനസ്സാണ്, സമ്പത്തും സാഹചര്യങ്ങളും ദൈവം പിന്നീട് അവര്‍ക്കായി ഒരുക്കുന്നതാണ്. അത് ദൈവത്തിന്റെ പ്രവര്‍ത്തിയാണ് നമ്മുടെ മാത്രം അല്ല. അതിനാല്‍ ദൈവത്തില്‍ വിശ്വസിച്ച് മക്കളെ സ്വീകരിക്കുക എന്നത് പ്രാധാന്യം ഉള്ള ഉത്തരവാദിത്വമാണ്.

കുടുംബനാഥന്മാരുടെ ഒരു വലിയ പ്രതിസന്ധിയാണ് കുഞ്ഞുങ്ങളോടൊപ്പമുള്ള സമയം കുറയുക എന്നത്. സമ്പത്തിന്റെ പുറകെയുള്ള നെട്ടോട്ടത്തില്‍ കുഞ്ഞുങ്ങളും കുടുംബാംഗങ്ങളും വിസ്മരിക്കപ്പെടുന്നുണ്ടെന്നത് നാം മറന്നു കൂടാ. ടെലിഗ്രാഫ് ദിനപ്പത്രം 2017 ജൂലൈയില്‍ നല്‍കിയ ഒരു പഠനറിപ്പോര്‍ട്ട് അനുസരിച്ച് പ്രാധാന്യമുള്ള ഒരു ഉത്തരവാദിത്വമായി നിര്‍വചിക്കുന്നത് ഒരു പിതാവ് മക്കളോടൊപ്പം ചിലവഴിക്കുന്ന സമയം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. 2017 ജൂലൈയില്‍ത്തന്നെ പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റി 5,000 യുവാക്കളില്‍ നടത്തിയ പഠനം അനുസരിച്ച് പിതാവ് അധികസമയം കൂടെയില്ലാത്ത കുട്ടികളില്‍ ജനിതകപരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതായി പറയുന്നുണ്ട്. ഇത്തരം ജനിതകപ്രശ്‌നങ്ങള്‍ പിന്നീട് ക്യാന്‍സറിനും അകാലവാര്‍ദ്ധക്യത്തിനും ഇടയാകുന്നതുമാണെന്നത് തിരിച്ചറിയുമ്പോഴാണ് പിതാവിന്റെ സാമിപ്യം കുട്ടിയുടെ വളര്‍ച്ചയെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് നാം മനസ്സിലാക്കുന്നത്. 2008 ല്‍ ന്യൂകാസില്‍ യൂണിവേഴ്‌സിറ്റി അമ്പത് വയസ്സ് പ്രായമായ 11,000 പേരില്‍ നടത്തിയ പഠനത്തില്‍ പിതാവ് കൂടുതല്‍ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിരുന്നവരില്‍ കൂടുതല്‍ ഐ.ക്യു ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

മക്കളെ ഉപേക്ഷിച്ച് സമ്പത്തിന്റെ പുറകേ അല്ല ഓടേണ്ടത്, മക്കളോടും കുടുംബത്തോടും ഒപ്പം ജീവിതത്തെ മുന്നോട്ട് കൊണ്ടു പോകാന്‍ അഭ്യസിക്കണം. അല്ലെങ്കില്‍ നാം നെട്ടോട്ടമോടി തിരിച്ചു വരുമ്പോഴേക്കും, മക്കള്‍ നമ്മെ ഒറ്റയ്ക്കാക്കി ഓട്ടം തുടങ്ങിയിട്ടുണ്ടാകും. ജീവിതം കുറെ കടന്നു പോകുമ്പോള്‍ കൈവിരല്‍ത്തുമ്പുകള്‍ക്കിടയിലൂടെ വാര്‍ന്നു പോകുന്ന നാണയത്തുട്ടുകളേക്കാള്‍ ജീവിതാന്ത്യത്തിലും കൂടെയുണ്ടാകുന്ന മക്കളും കുടുംബാംഗങ്ങളും സമ്പാദ്യമായി കരുതുന്നതാണ് അഭികാമ്യം.

ഫാ. ജെസ്റ്റിന്‍ കാഞ്ഞൂത്തറ എം.സി.ബി.എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.