ജോസഫ് ചിന്തകൾ 159: ജോസഫ് – വിശ്വസ്തനായ ജീവിതപങ്കാളി

മെയ് മാസം പതിനഞ്ചാം തീയതി ലോക കുടുംബദിനമായിരുന്നു. കുടുംബങ്ങളുടെ മഹത്വവും അതുല്യതയും ഓർക്കാനൊരു സുന്ദര സുദിനം. ബന്ധങ്ങൾ ജീവിക്കുന്ന അനന്യ വിദ്യാലയമായ കുടുംബത്തിൽ പരസ്പരസ്നേഹവും ബഹുമാനവും ഉത്തരവാദിത്വവും വിശ്വസ്തതയോടെ നിർവ്വഹിക്കുന്ന ജീവിതപങ്കാളികളാണ് അതിനെ ഉറപ്പുള്ളതാക്കുന്നത്. മക്കളാണ് കുടുംബത്തെ മനോഹരമാക്കുന്നത്.

ഉണ്ണീശോയും പരിശുദ്ധ കന്യകാമറിയും വി. യൗസേപ്പിതാവും അടങ്ങിയ ഭൂമിയിലെ ഏറ്റവും ഉത്തമമായ കുടുംബം തിരുക്കുടുംബമായത് അവർ പൂർണ്ണമായും പരിശുദ്ധാതാവിന്റെ പ്രചോദനത്താലും നിയന്താവിലും ജീവിതം സമർപ്പിച്ചതു വഴിയാണ്. മാനുഷികവികാരങ്ങളെയും വിചാരങ്ങളെയും അതിലംഘിക്കുന്ന ദൈവികവരപ്രസാദം അവരുടെ കുടുംബജീവിതത്തെ തേജസുള്ളതാക്കി മാറ്റി.

യഥാർത്ഥ പിതാവോ, ഭർത്താവോ ആകാൻ ഒരുവൻ ശ്രമിക്കുന്നുവെങ്കിൽ അവൻ ആദ്യം ദൈവത്തെ സ്നേഹിക്കണം. ദൈവസ്നേഹത്തിൽ നിന്നായിരിക്കണം ജീവിതപങ്കാളിയോടുള്ള സ്നേഹം പിറവിയെടുക്കേണ്ടത്. എങ്കിലേ അതു ശാശ്വതമാകുകയുള്ളൂ. ഈ ദൈവസ്നേഹാനുഭവത്തിൽ നിന്നു തന്നെയാണ് മക്കളിലേക്കും തലമുറകളിലേക്കും പൈതൃകവാത്സല്യം പെയ്തിറങ്ങേണ്ടത്.

യൗസേപ്പിതാവ് ഈ അർത്ഥത്തിൽ ഉത്തമനായ ഒരു ജീവിതപങ്കാളിയായിരുന്നു. കുടുംബത്തിനുവേണ്ടി ത്യാഗം സഹിക്കാനുള്ള മനസ്സ് അവനു എപ്പോഴും ഉണ്ടായിരുന്നു. ത്യാഗം ഉണ്ടെങ്കിലേ കുടുംബം മുന്നോട്ടു പോകുകയുള്ളൂ എന്നും കെട്ടുറപ്പുള്ള കുടുംബങ്ങൾക്കേ സമൂഹത്തെ താങ്ങിനിർത്താനാവുകയുള്ളുയെന്നും തിരുക്കുടുബം പഠിപ്പിക്കുന്നു.

കുടുംബങ്ങുടെ മദ്ധ്യസ്ഥനായ യൗസേപ്പിന്റെ പക്കൽ നമ്മുടെ കുടുംബങ്ങളെ സമർപ്പിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.