ജോസഫ് ചിന്തകൾ 79: ജോസഫ് – മറിയത്തിന്റെ ദൈവമാതൃത്വത്തെ ആദ്യം അംഗീകരിച്ച വ്യക്തി

മറിയത്തെ ദൈവമാതാവായി ആദ്യം അംഗീകരിച്ച മനുഷ്യവ്യക്തി വി. യൗസേപ്പിതാവാണ്. കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് യൗസേപ്പിനോടു സംസാരിക്കുന്ന ആദ്യ സന്ദർഭത്തിൽ നിന്നു തന്നെ ഇത് വ്യക്തമാണ് (മത്തായി 1:18-25). “ജോസഫ്‌ നിദ്രയിൽ നിന്നുണർന്ന് കർത്താവിന്റെ ദൂതൻ കൽപിച്ചതുപോലെ പ്രവർത്തിച്ചു” (മത്തായി 1:24). ഈ വചനം ആരംഭം മുതലേ യൗസേപ്പ്, മറിയത്തെ ദൈവപുത്രന്റെ അമ്മയായി മനസ്സിലാക്കി എന്നതിന്റെ തെളിവായി മനസ്സിലാക്കാം.

കത്തോലിക്കാ സഭ ഓദ്യോഗികമായി അംഗീകരിച്ചിരിക്കുന്ന ഒരു മരിയൻ പ്രത്യക്ഷീകരണമാണ് അയർലണ്ടിലെ നോക്കിലെ മരിയൻ പ്രത്യക്ഷീകരണം (Our Lady of Knock). 1879 ആഗസ്റ്റു മാസം ഇരുപത്തിയൊന്നാം തീയതി പരിശുദ്ധ കന്യകാമറിയം അയർലൻഡിലെ നോക്ക് എന്ന ഗ്രാമത്തിലെ പതിനഞ്ചു ഗ്രാമീണർക്ക് പ്രത്യക്ഷപ്പെട്ടു എന്നാണ് വിശ്വാസം. പരിശുദ്ധ മറിയത്തോടൊപ്പം വി. യൗസേപ്പിതാവും വി. യോഹന്നാനും കൂടെ ഉണ്ടായിരുന്നു. ഈ ദർശനത്തിൽ മറിയമോ മറ്റു രണ്ടു വിശുദ്ധരോ ഒരു സന്ദേശവും നൽകിയില്ല.

മണിക്കൂറുകൾ നീണ്ടുനിന്ന കനത്ത മഴയുടെ സമയത്താണ് ദർശനം ഉണ്ടായത്. വെള്ളവസ്ത്രം ധരിച്ച് നിഷ്പാദുകനായി കൂപ്പുകരങ്ങളോടെ പ്രാർത്ഥനാനിരതനായി നിന്ന യൗസേപ്പിതാവിന്റെ ശിരസ്സ് മറിയത്തിനുനേരെ ആദരവോടെ സ്വല്പം താഴ്ത്തിപ്പിടിച്ചിരിക്കുന്നതു കാണാം. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തെ വി. യൗസേപ്പിതാവ് ബഹുമാനിക്കുന്നതിന്റെ അടയാളമായാണ് വിശ്വാസികൾ ഇതു മനസ്സിലാക്കുന്നത്.

പരിശുദ്ധ കന്യകാമറിയത്തെ സമീപിക്കുന്നവർക്ക് ദൈവമാതൃത്വത്തിന്റെ സംരക്ഷണകവചം ഉണ്ടാകുമെന്ന് മനുഷ്യവംശത്തെ ഓർമ്മിപ്പിക്കുന്ന പാഠപുസ്തമാണ് വി. യൗസേപ്പ്.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.