ജോസഫ് ചിന്തകൾ 78: ജോസഫ് – ദൈവത്തിനായി സന്തോഷത്തോടെ തിരഞ്ഞെടുപ്പ് നടത്തിയ വ്യക്തി

വത്തിക്കാനിലെ ആരാധനയ്ക്കും കൂദാശകൾക്കുമായുള്ള തിരുസംഘത്തിന്റെ മുൻ തലവൻ കർദ്ദിനാൾ റോബർട്ട് സാറയുടെ പ്രസിദ്ധമായ ഒരു ഗ്രന്ഥമാണ് The Power of Silence: Aganist the Dictatorship of Noise – (നിശബ്ദതയുടെ ശക്തി: ബഹളത്തിന്റെ ഏകാധിപത്യത്തിനെതിരെ) എന്നത്. ഈ ഗ്രന്ഥത്തിൽ “മനുഷ്യൻ തീർച്ചയായും ഒരു തിരഞ്ഞെടുക്കൽ നടത്തണം. ദൈവത്തിനു വേണ്ടിയോ അല്ലെങ്കിൽ ഒന്നുമില്ലായ്മക്കു വേണ്ടിയോ, നിശബ്ദതയ്ക്കു വേണ്ടിയോ അല്ലെങ്കിൽ ബഹളത്തിനു വേണ്ടിയോ” എന്ന് ആഫ്രിക്കയിലെ ഫ്രഞ്ച് ഗിനിയയിൽ നിന്നുള്ള കർദ്ദിനാൾ പറയുന്നു. കർദ്ദിനാൾ സാറായുടെ യുക്തി അനുസരിച്ച്, ദൈവത്തിനായി അത്യധികമായ സന്തോഷത്തോടെ തിരഞ്ഞെടുപ്പ് നടത്തിയ വ്യക്തിയാണ് വി. യൗസേപ്പ്.

യൗസേപ്പിന്റെ ജീവിതം മുഴുവൻ ദൈവികസ്വരത്തെ തിരിച്ചറിഞ്ഞു നടത്തിയ തിരഞ്ഞെടുപ്പാണെന്നു നമുക്കു മനസ്സിലാക്കാം. നിശബ്ദനായിരുന്നതുകൊണ്ട് ഈ തിരഞ്ഞെടുപ്പു നടത്താൻ ഈ പിതാവിന് എളുപ്പമായിരുന്നു.

ജീവിതത്തിലെ കോലാഹലങ്ങൾ ദൈവത്തിൽ ശ്രദ്ധ തിരിക്കാൻ പലവിധത്തിൽ ശ്രമിച്ചുകൊണ്ടിരിക്കും. നിശബ്ദനായ വി. യൗസേപ്പിതാവിന്റെ മാതൃക ദൈവത്തിനായി ജീവിതം മാറ്റിവയ്ക്കേണ്ടതിന്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തുന്നു. “ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാൻ  നിന്റെ മുമ്പിൽ വച്ചിരിക്കുന്നു എന്നതിന്‌ ആകാശത്തെയും ഭൂമിയെയും ഞാനിന്നു നിനക്കെതിരായി സാക്ഷിയാക്കുന്നു. നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവൻ തിരഞ്ഞെടുക്കുക” (നിയമാ. 30:19).

ഭൂമിയിലെ ജീവിതം അനുഗ്രഹപ്രദമാക്കാൻ, ദൈവത്തിനായി തിരഞ്ഞെടുപ്പു നടത്താൻ വി. യൗസേപ്പിതാവ് സഹായിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.