ജോസഫ് ചിന്തകൾ 60: ജോസഫ് – ദൈവത്തിലേയ്ക്ക് ഹൃദയം തുറന്നവൻ

ഹൃദയം സ്നേഹത്തിന്റെ ഏറ്റവും വലിയ പ്രതീകവും ഇരിപ്പിടവുമാണ്. അജ്ഞാതമായതു പലതും അവിടെ പ്രവേശിക്കും എന്ന് ഭയമുള്ളതിനാൽ ഹൃദയം തുറന്നുകാട്ടാൻ നമ്മളിൽ പലരും ഭയപ്പെടുന്നു. എന്നിരുന്നാലും പ്രയോജനകരമെന്ന് നമുക്കറിയാവുന്ന കാര്യങ്ങളിലേയ്ക്ക് ഹൃദയം തുറക്കാൻ നാം എന്തിനാണ് ഭയക്കുന്നത്.? തന്റെ ഹൃദയത്തിലേയ്ക്കുള്ള വാതിലുകൾ ദൈവത്തിനായും അതുവഴി സഹജീവികൾക്കായും വിശാലമായി തുറന്നുകൊടുത്ത സ്വതന്ത്രമായ വ്യക്തിത്വത്തിന്റെ ഉടമയാണ് ജോസഫ്.

ഹൃദയം തുറക്കാനായി ഒന്നാമതായി വേണ്ടത് ദൈവഹിതത്തിനു കീഴ്പ്പെടാനുള്ള കൃപയാണ്. രണ്ടാമതായി, ദൈവം തന്റെ അനന്തകരുണയിൽ നമുക്കു നൽകിയ കൃപകളുടെ ഫലങ്ങളെ തിരിച്ചറിയുക, അതിന് നന്ദിയുള്ളവരായിക്കുക എന്നതാണ്. ഇപ്രകാരം ചെയ്തതിനാൽ യൗസേപ്പിതാവ് സർവ്വശക്തന് തന്റെ ഹൃദയത്തെ ജ്വലിപ്പിക്കാൻ അനുവാദം നൽകി. അതുവഴി സ്വർഗ്ഗത്തിനും ഭൂമിക്കും വിലപ്പെട്ട എല്ലാ കൃപകളും കാരുണ്യങ്ങളും ആ ഹൃദയത്തില്‍ നിറഞ്ഞുതുളുമ്പി. ഈശോയുടെ തിരുഹൃദയത്തിന്റെയും മറിയത്തിന്റെ വിമലഹൃദയത്തിന്റെയും ഏറ്റവും നല്ല പങ്കാളിയായി സ്നേഹം നിറഞ്ഞ യൗസേപ്പിന്റെ ഹൃദയം മാറി.

“ഇതാ, ഞാന് വാതിലില് മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ട് വാതില് തുറന്നാല് ഞാന് അവന്റെ അടുത്തേയ്ക്കു വരും. ഞങ്ങള് ഒരുമിച്ചു ഭക്ഷിക്കുകയുംചെയ്യും” (വെളി. 3:19-20). യൗസേപ്പ് ഹൃദയവാതിൽ ദൈവത്തിനായി തുറന്നപ്പോൾ ഈശോയെയും മറിയത്തിനെയും അവനു ലഭിച്ചു. ദൈവഹിതത്തിലേയ്ക്ക് ഹൃദയം തുറക്കാൻ വിസമ്മതിക്കുമ്പോൾ ദൈവത്തിന്റെ ഈ ഭൂമിയിലെ ഏറ്റവും വലിയ നിധികളായ യേശുവിനെയും മറിയത്തെയും സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് നാം നഷ്ടമാക്കുന്നത്.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.