ജോസഫ് ചിന്തകൾ 58: വി. യൗസേപ്പിതാവിന്റെ ജപമാല

ഈശോസഭാംഗമായിരുന്ന ഫാ. ആൻ്റോൺ നത്താലി (Fr .Anton Natali) ഒരു വലിയ പ്രേഷിതനും യൗസേപ്പിതാവിന്റെ ഭക്തനുമായിരുന്നു. യൗസേപ്പിതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുന്ന ഒരു അവസരവും അദ്ദേഹം പഴാക്കിയിരുന്നില്ല. തന്റെ പ്രേഷിതപ്രവർത്തനങ്ങളെല്ലാം ഈശോയുടെ വളർത്തുപിതാവിനെയാണ് ആൻ്റോണച്ചൻ ഭരമേല്പിച്ചിരുന്നത്. അച്ചൻ തന്നെ രൂപപ്പെടുത്തിയ വി. യൗസേപ്പിതാവിനോടുള്ള ജപമാല ദിവസവും ജപിച്ചിരുന്നു.

അതിലെ രഹസ്യങ്ങൾ താഴെ പറയുന്നവയാണ്.

1. പിതാവായ ദൈവം തന്റെ ഏറ്റവും പരിശുദ്ധ കന്യകയായ മറിയത്തിന്റെ ഭർത്താവായി വി. യൗസേപ്പിനെ തിരഞ്ഞെടുത്തു എന്നു ധ്യാനിക്കുക.

2. നമ്മുടെ കർത്താവീശോമിശിഹാ തന്റെ വളർത്തുപിതാവായ വി. യൗസേപ്പിനെ സ്നേഹിച്ചു എന്നു ധ്യാനിക്കുക.

3. നമ്മുടെ കർത്താവീശോമിശിഹാ തന്റെ വളർത്തുപിതാവായ വി. യൗസേപ്പിതാവിനെ അനുസരിച്ചു ജീവിച്ചു എന്നു ധ്യാനിക്കുക.

4. നമ്മുടെ കർത്താവീശോമിശിഹാ തന്റെ വളർത്തുപിതാവായ വി. യൗസേപ്പിതാവിനോപ്പം പ്രാർത്ഥിക്കുകയും ജോലി ചെയ്യുകയും ചെയ്തു എന്നു ധ്യാനിക്കുക.

5. നമ്മുടെ കർത്താവീശോമിശിഹാ തന്റെ വളർത്തുപിതാവായ വി. യൗസേപ്പിതാവിനെ സഭയുടെ മദ്ധ്യസ്ഥനായി നൽകി എന്നു ധ്യാനിക്കുക.

പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല ജപിക്കുന്ന രീതിയിൽ തന്നെ ഓരോ ദിവ്യരഹസ്യത്തിനു ശേഷവും ഒരു സ്വർഗ്ഗസ്ഥനായ പിതാവേ, പത്ത് നന്മ നിറഞ്ഞ മറിയമേ, ഒരു ത്രിത്വസ്തുതി – ഈ പ്രാർത്ഥനകൾ ചെല്ലി കാഴ്ചവയ്ക്കുക.

Marie-Therese Isenegger ന്റെ Verehrt Den Heiligen Josef എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി തയ്യാറാക്കിയത്.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.