ജോസഫ് ചിന്തകൾ 57: ജോസഫ് – സമർപ്പിതരുടെ മദ്ധ്യസ്ഥൻ

യൗസേപ്പിതാവും മാതാവും ഉണ്ണിയേശുവിനെ ദൈവാലയത്തിൽ സമർപ്പിച്ച ഈശോയുടെ സമർപ്പണത്തിരുനാൾ ദിനത്തിലാണ് (ഫെബ്രുവരി 2) സഭ സമർപ്പിതർക്കുവേണ്ടി പ്രാർത്ഥിക്കാൻ പ്രത്യേകം മാറ്റിവച്ചിരിക്കുന്ന ദിവസം.

യേശുവിനെ തിരിച്ചറിയാനുള്ള കഴിവും, ജീവിതത്തില് പ്രധാനപ്പെട്ടതെന്ത് എന്ന് കാണാനുള്ള കഴിവുമാണ് സമര്പ്പിതജീവിതത്തിന്റെ ഹൃദയം എന്നാണ് ഫ്രാൻസിസ് പാപ്പയുടെ പ്രബോധനം. ദൈവപുത്രനെയും അവന്റെ ആഗ്രഹങ്ങളെയും തിരിച്ചറിയുകയും ജീവിതത്തിൽ പ്രധാനപ്പെട്ടതെന്താണന്ന് സദാ മനസ്സിലാക്കുകയും ചെയ്ത വി. യൗസേപ്പല്ലാതെ ആരാണ് സമർപ്പിതജീവിതത്തിന്റെ മദ്ധ്യസ്ഥനാകാൻ യോഗ്യതയുള്ളത്.

ഈശോയെ സവിശേഷമായി അനുഗമിക്കാനുള്ള വിളിയാണല്ലോ സമർപ്പണജീവിതത്തിലേയ്ക്കുള്ള വിളി. ഈശോയെ അനുഗമിക്കുക എന്നാൽ ഈശോ പോയിടത്തു പോവുകയും അവിടുന്ന് ചെയ്തതെല്ലാം ചെയ്യുകയും ചെയ്യുക എന്നതുമാണ്. ഈ ഭൂമിയിൽ ദൈവപുത്രന്റെ കാൽച്ചുവടുകളെ ആദ്യം അനുഗമിച്ച യൗസേപ്പല്ലേ ഈശോയെ അനുഗമിക്കുമ്പോൾ സമർപ്പിതർക്ക് ശക്തി പകരേണ്ടത്. ദൈവത്തോട് അടുത്തുനിൽക്കുമ്പോഴാണ് സമർപ്പണജീവിതം ഫലം ചൂടുന്നത്. ദൈവത്തിൽ നിന്ന് സമർപ്പിതർ അകലുമ്പോൾ, മനുഷ്യർ സമർപ്പിതരിൽ നിന്ന് ഓടിയൊളിക്കും. അവിടെ സമര്പ്പണജീവിതം ഫലം പുറപ്പെടുവിക്കുകയില്ല.

ദൈവഹിതത്തിനു സ്വയം സമർപ്പിക്കപ്പെടുകയും ആ സമർപ്പണത്തിലൂടെ തിരുക്കുടുംബത്തിന്റെ സംരക്ഷകനാവുകയും ചെയ്ത യൗസേപ്പിതാവ് സമർപ്പണജീവിതത്തെ സംരക്ഷിക്കുന്ന ഏറ്റവും ശക്തനായ മദ്ധ്യസ്ഥനുമാണന്ന സത്യം ജോസഫ് വർഷത്തിൽ നിരന്തരം നിലനിർത്തണം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.