ജോസഫ് ചിന്തകൾ 52: ജോസഫ് – ഗർഭസ്ഥശിശുക്കളുടെ സംരക്ഷകൻ

വി. യൗസേപ്പിതാവിന് ഏറ്റവും അനുയോജ്യമായ ഒരു വിഷയത്തെക്കുറിച്ചാണ് ഇന്നത്തെ വിചിന്തനം. വി. യൗസേപ്പിതാവ് ഗർഭസ്ഥശിശുക്കളുടെ സംരക്ഷകനാണ്. യൗസേപ്പിതാവിൽ നിക്ഷിപ്തമായ ആദ്യ ഉത്തരവാദിത്വം, ഗർഭിണിയായ ഒരു സ്ത്രീയുടെയും അവളുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെയും സംരക്ഷണമായിരുന്നു. “ദാവീദിന്റെ പുത്രനായ ജോസഫ്‌, മറിയത്തെ ഭാര്യയായി സ്വീകരിക്കാന് ശങ്കിക്കേണ്ടാ. അവള് ഗര്ഭം ധരിച്ചിരിക്കുന്നത്‌ പരിശുദ്ധാത്മാവില് നിന്നാണ്‌” (മത്തായി 1:20).

അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തിലെ സാന്താക്രൂസിലുള്ള വി. യൗസേപ്പിന്റെ ദൈവാലയത്തിൽ രക്ഷകന്റെ സംരക്ഷകൻ (Gurdian of the Redeemer) എന്ന പേരിൽ ഏഴടി ഉയരമുള്ള യൗസേപ്പിതാവിന്റെ ഒരു വെങ്കല പ്രതിമയുണ്ട്. ആറുമാസം പ്രായമുള്ള പൂർണ്ണവളർച്ചയെത്താത്ത ഒരു ഭ്രൂണത്തെ (fetus) കൈകളിലേന്തി ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിനു സമർപ്പിക്കുന്നതാണ് ഈ ശില്പത്തിന്റെ ഇതിവൃത്തം. മറിയത്തെയും ഉദരത്തിൽ വളരുന്ന ഉണ്ണിയേശുവിനെയും സംരക്ഷിക്കാൻ തീരുമാനമെടുത്ത ജോസഫ് രക്ഷാകരചരിത്രത്തിന്റെ ഭാഗമായി. “ജീവൻ” സംരക്ഷണത്തിനുവേണ്ടി നിലപാടെടുക്കുന്നവരിൽ ജോസഫ് എന്ന ദൈവപുത്രന്റെ വളർത്തപ്പന്റെ ഛായ പതിഞ്ഞിട്ടുണ്ട്.

1974-ൽ അമേരിക്കയിലെ വാഷിംഗ്ടൺ ഡി.സി-യിൽ ആരംഭിച്ച “മാർച്ച് ഫോർ ലൈഫ്” ഈ വർഷം സംഘാടകർ ജനുവരി 29-ന് ഓൺലൈനായി ക്രമീകരിച്ചിരിക്കുന്നു. ജോസഫ് വർഷത്തിൽ നടത്തുന്ന ജീവന്റെ ഈ പ്രഘോഷണ മാർച്ചിൽ വാഷിംഗ്ടൺ ഡി.സി-യുടെ തെരുവിനു പകരം ഓരോ വീടും “മാർച്ച് ഫോർ ലൈഫിന്റെ” വേദിയായി മാറും. ഓരോ ഭവനത്തിലുമാണല്ലോ ജീവന്റെ സമൃദ്ധി സംരക്ഷിക്കപ്പേടേണ്ടതും ആഘോഷിക്കപ്പെടേണ്ടതും. മനുഷ്യജീവനെ അതിന്റെ ആരംഭം മുതൽ സംരക്ഷിക്കാൻ പോരാടുന്ന എല്ലാ ജീവൻ പ്രവാചകന്മാരുടെയും സംരക്ഷകരും ജോസഫിന്റെ പിൻതലമുറക്കാർ തന്നെ.

പോളണ്ടിലെ പ്രസിദ്ധമായ കാലിസ് ജോസഫ് ദൈവാലയത്തിൽ (Shrine of St. Joseph Kaliz)1997 ജൂൺ മാസം നാലാം തീയതി ജോൺപോൾ രണ്ടാമൻ പാപ്പ നടത്തിയ വചനസന്ദേശത്തിൽ ഈക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. “ഹേറോദോസിന്റെ ക്രൂരതയിൽ നിന്ന് ഈശോയെ രക്ഷിച്ച നസറത്തിലെ യൗസേപ്പ്, ഗർഭധാരണത്തിന്റെ ആദ്യനിമിഷം മുതൽ സ്വഭാവികമരണം വരെ മനുഷ്യജീവിതം സംരക്ഷിക്കുന്നതിന്റെ മഹത്തായ മാതൃകയാണ്. ദൈവപരിപാലനയുടെ ഈ കൂടാരത്തിൽ ലോകത്തിലുള്ള എല്ലാ കുട്ടികളുടെയും പ്രത്യേകിച്ച് ജനിച്ചിട്ടില്ലാത്ത കുട്ടികളുടെയും ജീവൻ യൗസേപ്പിനു സമർപ്പിക്കാം.”

ഗർഭസ്ഥശിശുക്കളുടെ ജീവനു വെല്ലുവിളി ഉയരുന്ന ഈ കാലഘട്ടത്തിൽ, ദൈവപുത്രന്റെ ഗർഭാവസ്ഥയിൽ സംരക്ഷണമേകിയ യൗസേപ്പിതാവിലേയ്ക്കു നമുക്കു തിരിയാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.