ജോസഫ് ചിന്തകൾ 50: ജോസഫ് – സ്വർഗ്ഗം നോക്കി നടന്നവൻ

ലോകം ആദരവോടെ വീക്ഷിക്കുന്ന ഒരു അമേരിക്കൻ ഡോക്ടറാണ് ബെഞ്ചമിൻ സോളമൻ കാർസൺ അഥവാ ഡോ. ബെൻ കാർസൺ. 1984 മുതൽ 2013 വരെ ലോകപ്രശസ്തമായ അമേരിക്കയിലെ മേരിലാൻഡിലുള്ള ജോൺസ് ഹോപ്കിൻസ് ആശുപത്രിയിലെ പീഡീയാട്രിക് ന്യൂറോ സർജറി വിഭാഗത്തിന്റെ (Pediatric Neurosurgery) തലവനായിരുന്നു ഡോ. കാർസൺ. മുപ്പത്തിമൂന്നാം വയസ്സിൽ ലോകം കൊതിക്കുന്ന ഉന്നതിയിൽ എത്തിച്ചേർന്ന കാർസൺ 60 ഓണററി ഡോക്ട്രേറ്റുകളുടെയും അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയുടെയും (Presidential Medal of Freedom) സ്വീകർത്താവാണ്.

ഡോ. കാർസന്റെ ഉദ്ധരണിയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം: “ആരെങ്കിലും നിന്റെ വിദ്യാഭ്യാസപശ്ചാത്തലത്തെക്കുറിച്ചു ചോദിച്ചാൽ ധൈര്യത്തോടെ നീ ഇങ്ങനെ പ്രഘോഷിക്കണം – സഭയാണ് എന്റെ കോളേജ്, സ്വർഗ്ഗമാണ് എന്റെ സർവ്വകലാശാല, പിതാവായ ദൈവമാണ് എന്റെ ഉപദേശകൻ, യേശു എന്റെ പ്രിൻസിപ്പൽ, പരിശുദ്ധാത്മാവാണ് എന്റെ അദ്ധ്യാപകൻ, മാലാഖമാരാണ് എന്റെ ക്ലാസ്സ്മേറ്റ്സ്, ബൈബിളാണ് എന്റെ പാഠപുസ്തകം, സാത്താനെ പരാജയപ്പെടുത്തുകയാണ് എന്റെ വിനോദം, ആത്മാക്കളെ തേടുകയാണ് എന്റെ കര്ത്തവ്യം, നിത്യത നേടുകയാണ് എന്റെ ഡിഗ്രി, ആരാധനയും സ്തുതിയുമാണ് എന്റെ മുദ്രാവാക്യം.”

വി. യൗസേപ്പിതാവിന്റെ ജീവിതം സൂക്ഷ്മമായി പരിശോധിച്ചാൽ ഇത് അക്ഷരാർത്ഥത്തിൽ ശരിയാണ്. സ്വർഗ്ഗം നോക്കി നടന്നവനായിരുന്നു യൗസേപ്പിതാവ്. ദൈവപിതാവിന്റെ ആഹ്വാനങ്ങളെ തുറവിയോടെ അവൻ സ്വീകരിച്ചു. നിത്യത നേടുക എന്നതായിരുന്നു നസറത്തിലെ ആ തച്ചന്റെ ഏറ്റവും വലിയ ആഗ്രഹം. മനഷ്യരുടെ അപമാനങ്ങളെക്കാൾ മനഃസാക്ഷിയുടെ സ്വരത്തിന് അവൻ വില കൽപിച്ചു. പല രീതികളിൽ വന്ന പ്രലോഭങ്ങളെ വളർത്തുപുത്രനായ യേശുവിനെ മനസ്സിൽ ധ്യാനിച്ചു പരാജയപ്പെടുത്തുക യൗസേപ്പ് വിനോദമാക്കി.

ജോസഫ് വർഷത്തിൻ്റെ അമ്പതാം ദിവസം സ്വർഗ്ഗമായിരിക്കട്ടെ നമ്മുടെ ലക്ഷ്യം. സ്വർഗ്ഗം നോക്കി നടന്ന യൗസേപ്പിതാവായിരിക്കട്ടെ നമ്മുടെ വഴികാട്ടി.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.