ജോസഫ് ചിന്തകൾ 49: ജോസഫ് – ദൈവപ്രമാണങ്ങൾ അചഞ്ചലമായി കാത്തവൻ

ദൈവപ്രമാണങ്ങൾ അചഞ്ചലമായി കാത്ത വി. യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ വഴികാട്ടി.

യൗസേപ്പിതാവിന്റെ വലിയ ഭക്തനായിരുന്ന ഓപ്പുസ് ദേയിയുടെ (Opus Dei) സ്ഥാപകൻ വി. ജോസ് മരിയ എസ്ക്രീവാ യൗസേപ്പിതാവിന്റെ വിശ്വാസത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: “ദൈവകല്പനകളുടെ അർത്ഥം ചിലപ്പോൾ അവ്യക്തമായിരുന്നിട്ടും അല്ലെങ്കിൽ രക്ഷാകാരപദ്ധതിയുടെ ഭാഗമായി ചിലപ്പോൾ അവനിൽ നിന്ന് മറഞ്ഞിരുന്നുവെങ്കിലും അവ അവഗണിക്കാതെ അവൻ ദൈവകല്പനകളെ അചഞ്ചലമായി പാലിച്ചു. അതിനാൽ ജോസഫിന്റെ വിശ്വാസം ഒരിക്കലും തകിടം മറിഞ്ഞില്ല.”

ദൈവകല്പനകളിലും ദൈവവചനത്തിലുള്ള അചഞ്ചലമായ വിശ്വാസമായിരുന്നു യൗസേപ്പിന്റെ ജീവിതത്തിന് തെളിമ നൽകിയത്. മനസ്സിനെ ചഞ്ചലചിത്തമാക്കുന്ന നിരവധി സന്ദർഭങ്ങൾ അവന്റെ ജീവിതത്തിൽ പരമ്പര തീർത്തപ്പോഴും എല്ലാം ദൈവഹിതത്തിന്റെ പൂർത്തീകരണമായി കാണാൻ യൗസേപ്പിന്റെ അകക്കണ്ണ് തുറന്നത് ദൈവപ്രമാണങ്ങളോടുള്ള അചഞ്ചലമായ പ്രതിപത്തിയായിരുന്നു.

ദൈവകല്പകൾ സ്നേഹിക്കുകയും അവയെ വിലമതിക്കുകയും ചെയ്യുന്ന ഒരു ജോസഫൈൻ സമൂഹം (Josephine Community) അതാണ് കാലഘട്ടത്തിന്റെ ആവശ്യം. “ദൈവവചനം ആദരിക്കുന്നവന് ഉത്‌കര്ഷം നേടും” എന്ന സുഭാഷിതവചനം മറക്കാതെ സൂക്ഷിക്കാം. ദൈവപ്രമാണങ്ങളോടുള്ള അചഞ്ചലമായ വിശ്വസ്തത ക്രിസ്തീയകുടുംബങ്ങളുടെ കോട്ടയും കരുത്തുമാണ്. ദൈവപ്രമാണങ്ങളോടു കാണിക്കുന്ന വിധേയത്വവും തുറവിയും ഒരു ഭീരുത്വത്തിന്റെ അടയാളമല്ല. മറിച്ച്, ദൈവം സമ്പത്തായവന്റെ സ്വകാര്യ അഹങ്കാരവും ഭാഗ്യവുമാണ്.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.