ജോസഫ് ചിന്തകൾ 45: ജോസഫ് – മാന്യതയുടെ പര്യായം

ഐറീഷ് കവിയും നാടകകൃത്തുമായ ഓസ്കാർ വൈൽഡ് (Oscsr Wilde), മാന്യനെ നിർവചിക്കുന്നത് മറ്റുള്ളവരുടെ വികാരങ്ങളെ ഒരിക്കലും മനഃപൂർവ്വം വ്രണപ്പെടുത്താത്ത വ്യക്തി എന്നാണ്. മാന്യമായ പെരുമാറ്റവും ജീവിതശൈലിയും കുലീനതയുടെ അടയാളമാണ്. ഈ അടയാളം ദൈവപുത്രന്റെ രക്ഷാകരകർമ്മത്തിൽ കൊണ്ടുനടന്ന വ്യക്തിയാണ് യൗസേപ്പിതാവ്.

സാഹചര്യങ്ങൾ അനുകൂലമായപ്പോഴും പ്രതികൂലമായപ്പോഴും മാന്യത കൈവിടാതിരുന്ന വ്യക്തിത്വമായിരുന്നു യൗസേപ്പിതാവിൻ്റേത്. യൗസേപ്പ് നിശബ്ദനായത് മറ്റുള്ളവരുടെ വികാരങ്ങൾ വ്രണപ്പെടുത്താതിരിക്കുന്നതിനായിരുന്നു. അവൻ നിശബ്ദനായത് മറ്റുള്ളവരെ ശ്രവിക്കാനായിരുന്നു. കേൾക്കാനുള്ള സന്നദ്ധത മാന്യതയുടെ ഏറ്റവും വലിയ ലക്ഷണവും ആഭരണവുമാണ്. ദൈവത്തിന്റെയും സഹജീവികളുടെയും മുമ്പിൽ മാന്യത പുലർത്തുക, അതൊരു വിളിയും വെല്ലുവിളിയുമാണ്. ത്യാഗങ്ങളും ആത്മദാനങ്ങളും ഉൾക്കൊള്ളുന്ന വിളി.

ഒരു വ്യക്തിയെയോ സമൂഹത്തെയോ അന്യായമായി അപമാനിക്കാനും ഇകഴ്ത്താനും അധികാരവും കഴിവുകളും ഉപയോഗിക്കാൻ മാർഗ്ഗങ്ങൾ തിരയുന്ന പകൽമാന്യന്മാരുടെ ഈ കാലഘട്ടത്തിൽ, നീതിമാനായ യൗസേപ്പ് പഠിപ്പിക്കുന്ന മാതൃക അകതാരിലും മാന്യത പുലർത്തുക എന്നതാണ്. അത്തരക്കാർക്കേ മനുഷ്യന്റെ നൊമ്പരങ്ങളോടും ബുദ്ധിമുട്ടുകളോടും ക്രിയാത്മകമായി സംവദിക്കാൻ കഴിയുകയുള്ളൂ. വീഴ്ചകൾ സംഭവിച്ചവർക്ക് തിരുത്താൻ അവസരം നൽകുന്നതും മാന്യതയുടെ മറ്റൊരു മറ്റൊരു ലക്ഷണമാണ്.

ദൈവപുത്രന്റെ മനുഷ്യവതാരത്തോടെ മനുഷ്യകുലത്തിൽ ഒരു തേജസ്സ് ഉദയം ചെയ്തു ഭവിച്ചു. ആ പുത്രന്റെ വളർത്തുപിതാവ് തന്റെ മാന്യതയിലൂടെ മാനവികതയ്ക്ക് കൂലീനമായ ഒരു മാതൃക നൽകി. ആ മാതൃക നമുക്കും പിന്തുടരാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.