ജോസഫ് ചിന്തകൾ 44: ജോസഫ് – ഈശോയെ കാണിച്ചുതരുന്നവൻ

ഇറ്റലിയിലെ ഫ്ലോറൻസ് നഗരത്തിലെ ബസിലിക്കയ്ക്കു (Basilica of Santa Croce) സമീപം വി. യൗസേപ്പിതാവിന്റെ നാമത്തിലുള്ള ഒരു ദൈവാലയമുണ്ട്. അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു ചിത്രമാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം. ഉണ്ണിയേശുവിനെ കരങ്ങളിൽ വഹിച്ചുകൊണ്ട് ലോകത്തിനു കാണിച്ചുകൊടുക്കുന്ന യൗസേപ്പിതാവിന്റെ ചിത്രം.

ലോകത്തിന് രക്ഷകനായ ഈശോയെ കാണിച്ചുകൊടുക്കുക എന്നതായിരുന്നു യൗസേപ്പിതാവിന്റെ ജീവിതദൗത്യം. അ ലക്ഷ്യം പൂർത്തീകരിക്കാനായി എന്തു ത്യാഗം സഹിക്കാനും വെല്ലുവിളികൾ ഏറ്റെടുക്കുവാനും അവൻ സ്വയം സന്നദ്ധനായി. ജാഗ്രതയോടെ അതിനായി നിലകൊണ്ടു. അഭിമാനപൂർവ്വം തന്റെ വളർത്തുപുത്രനെ ലോകത്തിനു കാണിച്ചുകൊടുത്തു.

തന്നിലേയ്ക്കു വരുന്നവരെ ഈശോയിലേയ്ക്കു നയിക്കുന്ന വിശുദ്ധസാന്നിധ്യമാണ് ജോസഫ്. ക്രിസ്തുവിനെ കാട്ടിക്കൊടുക്കുന്ന ഒരു സമൂഹനിർമ്മതി, അതാണ് നവ സുവിശേഷവത്കരണം നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്. ക്രിസ്തുശിഷ്യന്റെ ഏറ്റവും വലിയ ദൗത്യം ലോകത്തിന് ക്രിസ്തുവിനെ നൽകുക, അതിനായി ആത്മാർപ്പണം ചെയ്യുക എന്നതാണ്. തന്നെ ഓർമ്മിക്കാനായി ഒരു വാക്കു പോലും ഉരിയാടാതെ കടന്നുപോയ യൗസേപ്പിതാവിന് ഒരു നിയോഗമേ ഉണ്ടായിരുന്നുള്ളൂ – രക്ഷ ആവശ്യമായ ലോകത്തിന് രക്ഷനെ കാണിച്ചുകൊടുക്കുക. യൗസേപ്പിനെ സമീപിക്കുന്ന ആരും നിരാശയായി മടങ്ങുകയില്ല. ആത്മാർത്ഥമായി അവനെ നോക്കിയാൽ ക്രിസ്തുദർശനം നൽകി യൗസേപ്പിതാവ് നമ്മെ അനുഗ്രഹിക്കും.

ലോകത്തിന് ഈശോയെ കാണിച്ചുനൽകുന്ന യൗസേപ്പിതാവിനെപ്പോലെ നമ്മളെ സമീപിക്കുന്നവർക്ക് ഈശോയെ കാണിച്ചുകൊടുക്കാനുള്ള ധൈര്യവും അഭിമാനവും നമുക്കു സ്വന്തമാക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.