ജോസഫ് ചിന്തകൾ 43: ജോസഫ് – ദൈവസാന്നിധ്യത്തെ സ്നേഹിച്ച മനുഷ്യൻ

വി. യൗസേപ്പിതാവിന്റെ ഏറ്റവും വലിയ ഒരു ഗുണമാണ് ഇന്നത്തെ ചിന്താവിഷയം. ദൈവസാന്നിധ്യത്തെ സ്നേഹിച്ച വ്യക്തിയായിരുന്നു നസറത്തിലെ തച്ചനും ഈശോയുടെ വളർത്തുപിതാവുമായ യൗസേപ്പ്. യൗസേപ്പിതാവിനെ വിശ്വസ്തയുടെയും നീതിയുടെയും അനുസരണത്തിന്റെയും നിശബ്ദതയുടെയും വലിയ മാതൃകയായി നാം മനസ്സിലാക്കുന്നു. അതിനു കാരണം, യൗസേപ്പ് ദൈവസാന്നിധ്യത്തെ സ്നേഹിക്കുകയും ദൈവസാന്നിധ്യത്തിൽ ജോലി ചെയ്യുകയും ചെയ്ത വ്യക്തി ആയതുകൊണ്ടാണ്.

ബനഡിക്ട് പതിനാറാമൻ പാപ്പയുടെ അഭിപ്രായത്തിൽ, ഉറങ്ങുമ്പോഴും ദൈവസാന്നിധ്യ അവബോധത്തിൽ ജീവിച്ച വ്യക്തിയാണ് യൗസേപ്പ്. ഉത്തമഗീതത്തെ ഉദ്ധരിച്ചുകൊണ്ട് ബനഡിക്ട് പാപ്പാ യൗസേപ്പിതാവിനെപ്പറ്റി ഇപ്രകാരം പറയുന്നു: “ഞാനുറങ്ങി. പക്ഷേ, എന്റെ ഹൃദയം ഉണര്ന്നിരുന്നു (ഉത്തമഗീതം 5:2).

ബാഹ്യമായ ഇന്ദ്രിയങ്ങൾ വിശ്രമിക്കുകയാണങ്കിലും ആത്മാവിന്റെ അഗാധതയിൽ അവ തുറവിയും സ്വീകരിക്കുന്നതുമാണ്. വി. യൗസേപ്പിതാവ്, ജീവിക്കുന്ന ദൈവവും അവന്റെ ദൂതനും പറഞ്ഞ കാര്യങ്ങൾ സ്വീകരിക്കാൻ തുറവിയുള്ള ഹൃദയമുള്ള വ്യക്തിയായിരുന്നു. ആന്തരിക മനനവും പ്രവർത്തിയും കൂട്ടിയോജിപ്പിക്കുന്ന വ്യക്തിയായിരുന്നു ജോസഫ്.”

അദമ്യമായ ദൈവസ്‌നേഹവും സഹോദരസ്‌നേഹവുമാണ് ദൈവസാന്നിധ്യം നമ്മിൽ ജനിക്കുന്നതിനു നിദാനം. ദൈവസാന്നിധ്യ അവബോധം മറ്റു മനുഷ്യരെ സ്നേഹിക്കുന്നതിലും ജോലി ചെയ്യുന്നതിലും പ്രതിഫലിക്കുന്നു. ദൈവസാന്നിധ്യത്തെ സ്നേഹിക്കുന്നവൻ അവനുവേണ്ടി ജീവിക്കുന്നില്ല; മറ്റുള്ളവർക്കു വേണ്ടിയാണ് ജീവിക്കുന്നത്. ദൈവസാന്നിധ്യത്തെ സ്നേഹിച്ചുതുടങ്ങുമ്പോൾ പാപവും പാപമാർഗ്ഗങ്ങളും നമ്മിൽ നിന്ന് അപ്രത്യക്ഷമാകും. ആർക്കും സുരക്ഷിതമായ അഭയസ്ഥാനം കൊടുക്കാൻ കഴിയുന്ന സങ്കേതങ്ങളായി നമ്മുടെ ജീവിതം മാറും.

ദൈവസാന്നിധ്യത്തെ സ്നേഹിച്ചുതുടങ്ങുന്ന വ്യക്തികളിൽ ജോസഫിന്റെ ചൈതന്യമുണ്ടെന്ന തിരിച്ചറിവ് ഇന്നത്തെ ദിനത്തെ സമ്പന്നമാക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.