ജോസഫ് ചിന്തകൾ 41: ജോസഫ് – യേശുവാകുന്ന പ്രകാശത്താൽ നയിക്കപ്പെട്ടവൻ

പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ച് ചിത്രകാരനായിരുന്നു ജോര്‍ജ് ഡി ലാ ടൂർ (Georges de La Tour 1593-1652). 1642-ൽ ജോർജ് രചിച്ച വിശ്വപ്രസിദ്ധമായ ഒരു ചിത്രമാണ് സെന്റ് ജോസഫ് ദി കാർപെന്റർ (Saint Joseph the Carpenter) എന്നത്. 1948 മുതൽ ഫ്രാൻസിലെ ലൂവ്രെ മ്യൂസിയത്തിലാണ് (Louvre museum) ഈ ചിത്രത്തിന്റെ സ്ഥാനം.

ബൈബിളിൽ രേഖപ്പെടുത്താത്ത ഒരു വിഷയമാണ് ഈ ചിത്രരചനയുടെ ആധാരം. മരപ്പണിക്കാരനായ യൗസേപ്പിതാവ് ഒരു ഒറ്റത്തടി, ഒരു ആഗർ (തടിയില് ദ്വാരങ്ങളിടുവാന് ഉപയോഗിക്കുന്ന പണിയായുധം) ഉപയോഗിച്ചു തുരക്കുമ്പോൾ ഈശോ കൈയ്യിൽ മെഴുകുതിരി പിടിച്ചുകൊണ്ടു വെളിച്ചം കാണിക്കുന്നു. ആ തിരിനാളം മാത്രമാണ് ആ ചിത്രത്തിലെ വെളിച്ചം. ആ വെളിച്ചത്തിൽ ഈശോയുടെ മുഖം പ്രകാശിക്കുന്നു. ഒറ്റത്തടിയിലുള്ള മരപ്പണി കുരിശിനെയും ക്രിസ്തുവിന്റെ ബലിയേയുമാണ് സൂചിപ്പിക്കുക എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം.

യേശുവാകുന്ന പ്രകാശത്താൽ എന്നും നയിക്കപ്പെട്ടവനായിരുന്നു ജോസഫ്. അവൻ ലോകത്തിന്റെ പ്രകാശമാണെന്ന സത്യം ആദ്യം തിരിച്ചറിഞ്ഞ വ്യക്തിയും ജോസഫായിരുന്നു. ബാലനായ യേശു തിരിനാളം കാണിച്ചുകൊടുക്കുമ്പോൾ, ഈ ചിത്രമനുസരിച്ച് യേശുവിന്റെ മുഖമാണ് കൂടുതൽ പ്രകാശമാനമാകുന്നത്. ക്രിസ്തുവാകുന്ന പ്രകാശത്തെ നോക്കി കർമ്മം ചെയ്യാനാണ് യൗസേപ്പിതാവ് നൽകുന്ന പാഠം.

രണ്ടാമതായി തന്റെ വളർത്തുപുത്രൻ കുരിശു വഹിക്കേണ്ടവനാണെന്ന യാഥാർത്ഥ്യം യൗസേപ്പ് തിരിച്ചറിയുന്നു. കുരിശിന്റെ നിഴലിൽ ഈശോയെ വളർത്തിയ പിതാവ് ഇന്നേ ദിനം നമ്മോടു പറയുന്നത് മറ്റൊന്നുമല്ല, ജീവിതത്തെ പ്രശോഭിതമാക്കാൻ പ്രകാശമായ യേശുവിന്റെ മുഖത്തേയ്ക്കു നോക്കി പഠിക്കുക. പ്രകാശത്തിന്റെ വഴികളിലാണ് കുരിശിന്റെ വഴിക്ക് (രക്ഷയുടെ വഴി) തെളിമ ലഭിക്കുക.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.