ജോസഫ് ചിന്തകൾ 40: ജോസഫ് – നാട്യങ്ങളില്ലാത്ത നല്ല മനുഷ്യൻ

തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ നാം സാധാരണ കേൾക്കുന്ന ഒരു പല്ലവിയാണ്‌, നാട്യങ്ങളില്ലാത്ത നാട്ടുകാരൻ എന്നത്. കാപട്യം ദൈവവും മനുഷ്യനും വെറുക്കുന്ന തിന്മയാണ്. കാപട്യം ജീവിതരീതിയായി മാറുമ്പോൾ മനുഷ്യകർമ്മം അർത്ഥശൂന്യവും പൊള്ളയുമായി മാറും. യൗസേപ്പിന്റെ ജീവിതം നാട്യങ്ങളില്ലാത്ത ജീവിതമായിരുന്നു. എന്തെങ്കിലും മറയ്ക്കാനുള്ളവർക്കാണ് നടനങ്ങൾ ആടേണ്ടി വരിക.

ദൈവത്തിൽ നിന്നും മറ്റു മനുഷ്യരിൽ നിന്നും ഒന്നും മറച്ചുവയ്ക്കാനില്ലാതിരുന്ന ജോസഫ് ഒരു തുറന്ന പുസ്തകമായിരുന്നു, ജീവിതത്തിലും കർമ്മമണ്ഡലങ്ങളിലും. ദൈവസ്വരത്തോട് നിരന്തരം തുറവി കാട്ടിയ യൗസേപ്പിന് ഒരു മുഖമേ ഉണ്ടായിരുന്നുള്ളൂ, ദൈവത്തിന്റെ ഛായ പതിഞ്ഞ തിരുമുഖം.

നമ്മുടെ കാപടത മറ്റുള്ളവർ അറിയുമ്പോൾ മാത്രം വേദനിക്കുന്ന ഒരു സമുഹത്തിലാണ് നാം ജീവിക്കുന്നത്. മറ്റുള്ളവർ അറിഞ്ഞില്ലങ്കിൽ ഏതു തോന്നിവാസവും കാണിക്കാം എന്ന മനോഭാവത്തിൽ മാറ്റം വരണം. ഇത്തരക്കാരെക്കുറിച്ചാണ് മലയാളികളുടെ പ്രിയകവി കുഞ്ഞുണ്ണി മാഷ് “കപടലോകത്തിലെന്നുടെ കാപട്യം സകലരും കാണ്മതാണെന് പരാജയം” എന്നു പാടിയത്.

കാപട്യമുള്ളവരുടെ ജീവിതം വൈരുദ്ധ്യങ്ങള് നിറഞ്ഞതായിരിക്കും. അത്തരക്കാർ, അകത്ത് ഒരു കാര്യം ഒളിപ്പിച്ച്‌ പുറത്ത് മറ്റൊന്നു പ്രകടിപ്പിക്കുന്ന ഇരട്ടമുഖക്കാരായിരിക്കും. നിലപാടുകൾ ഇല്ലാത്തവരോ നിലപാടുകൾ സ്വീകരിക്കാൻ സാധിക്കാത്തവരോ ആയിരിക്കും അവർ. ഫ്രാൻസിസ് പാപ്പയുടെ വാക്കുകളിൽ ക്രിസ്തീയസമൂഹത്തിന്റെ നികൃഷ്ടശത്രുവാണ് കാപട്യം. കപടതയില്ലാതാകുമ്പോൾ ആത്മാർത്ഥതയും സത്യസന്ധതയും നമ്മുടെ കൂടെപ്പിറപ്പുകളാകും.

നാട്യങ്ങളില്ലാത്ത യൗസേപ്പിതാവായിരിക്കട്ടെ നമ്മുടെ ആവേശവും അഭിമാനവും.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.