ജോസഫ് ചിന്തകൾ 357: ജോസഫ് – പ്രതീക്ഷയോടെ കാത്തിരുന്നവൻ

തിരുപ്പിറവി, പ്രതീക്ഷയുടെ ആഘോഷമാണ്. ആഗമനകാലം പ്രതീക്ഷയോടെ കാത്തിരിക്കേണ്ട കാലമാണെന്ന് സഭ പഠിപ്പിക്കുന്നു. “സഭ ഓരോ വർഷവും ആഗമനകാലത്തിൽ ആരാധനാക്രമം ആഘോഷിക്കുമ്പോൾ, പുരാതനകാലം മുതലേ മിശിഹായെ പ്രതീക്ഷിച്ചിരിക്കുന്നതിനെയാണ് അവൾ വെളിപ്പെടുത്തുന്നത്. രക്ഷകന്റെ ആദ്യവരവിൽ ജനം സുദീർഘമായി ഒരുങ്ങിയതു പോലെ, വിശ്വാസികൾ അവന്റെ രണ്ടാമത്തെ ആഗമനത്തിനായി – അവരുടെ അദമ്യമായ ആഗ്രഹം നവീകരിക്കുന്നു” (CCC 524).

പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ യൗസേപ്പിതാവിനെ ദൈവപുത്രന്റെ മനുഷ്യവതാരത്തിന്റെ രഹസ്യത്തിന്റെ വിശ്വസ്തദാസനും ആഗമനകാലത്തിന്റെ മാതൃകയുമായി ഓർമ്മിപ്പിക്കുന്നു. അതിനുള്ള കാരണം യൗസേപ്പിതാവ് പ്രതീക്ഷയോടെ കാത്തിരുന്നതിനാലാണ്.

ആഗമനകാലം പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിന്റെ കാലമാണ്. വിശ്വാസത്തോടെ ഈശോയുടെ വരവിനായി കാത്തിരിക്കുമ്പോൾ നസറത്തിലെ യൗസേപ്പിന്റെ ഓർമ്മ നമുക്ക് പ്രതീക്ഷ നൽകുന്ന ഒന്നാണ്. ദൈവപുത്രന്റെ മനുഷ്യവതാരത്തിൽ വിശ്വസ്തദാസൻ ആകാനായിരുന്നു അവന്റെ ജീവിതനിയോഗം. യജമാനനു വേണ്ടി, അവന്റെ സന്ദേശത്തിനു വേണ്ടി കാത്തിരിക്കുക എന്നത് ദാസന്റെ കടമയാണ്. ദൈവവാഗ്ദാനങ്ങളുടെ നിറവേറലിനായി യൗസേപ്പ് പ്രതീക്ഷയോടെ കാത്തിരുന്നു. മാനുഷികമായ ചിന്തകളും പ്രയാസങ്ങളും അവന്റെ കാത്തിരിപ്പിന് വിഘാതം നിന്നില്ല.

കാത്തിരിക്കാൻ ആരെങ്കിലുമുണ്ട് എന്ന ചിന്ത നൽകുന്ന സുരക്ഷിതത്വബോധം വലുതാണ്. നമ്മുടെ ദൈവം കാത്തിരിക്കുന്ന ദൈവമാണ്. മനുഷ്യവംശത്തിനു വേണ്ടി കാത്തിരിക്കാനാണ് ദൈവപുത്രൻ മനുഷ്യനായത്. മനുഷ്യനു വേണ്ടി കാത്തിരിക്കുന്ന ദൈവപുത്രന്റെ വരവിനായി നമുക്ക് പ്രതീക്ഷയോടെ ഒരുങ്ങാം. ദൈവത്തിനും സഹോദരങ്ങൾക്കും വേണ്ടി കാത്തിരിക്കാൻ സമയമില്ലാത്ത ഒരു തലമുറ കാലഘട്ടത്തിന്റെ നൊമ്പരമാണ്.

പ്രതീക്ഷയില്ലെങ്കിൽ കാത്തിരിപ്പ് ഭാരം നിറഞ്ഞതായി ഭവിക്കും. ദൈവീക ഇടപെടലുകൾക്കായി പ്രതീക്ഷയോടെ രാപാർക്കാനും സഹോദരങ്ങളുടെ നന്മയ്ക്കായി പ്രതീക്ഷയോടെ ഉണർന്നിരിക്കാനും യൗസേപ്പിതാവ് നമ്മെ സഹായിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.