ജോസഫ് ചിന്തകൾ 355: ജോസഫ് – ദൈവപിതാവ് ശ്രദ്ധിച്ചവനും സംസാരിച്ചവനും

നവംബർ 27 -ന് പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവത്തിന്റെ അത്ഭുത മെഡലിന്റെ 191 വർഷം തികയുമ്പോൾ അത്, പരിശുദ്ധ കന്യകാമറിയം വെളിപ്പെടുത്തിയ വി. കാതറിൻ ലബോറെയുടെ (1806-1876) ജീവിതദർശനം തന്നെയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം.

ഡോട്ടേഴ്സ് ഓഫ് ചാരിറ്റി എന്ന സന്യാസ സഭയിലെ അംഗമായിരുന്ന സി. കാതറിൻ ലബോറ എല്ലാവരിലും ദൈവത്തെ കാണണം. എല്ലാവരിലും ദൈവത്തിന്റെ മുഖം ദർശിക്കണം എന്നു നിഷ്കർഷിച്ചിരുന്നു. സന്യാസാശ്രമത്തിലെ ചാപ്പലിൽ പോകുന്നതിനെപ്പറ്റി കാതറിൻ വിവരിക്കുന്നത് ഇപ്രകാരമാണ്: “ഞാൻ ചാപ്പലിൽ പോകുമ്പോൾ, ഞാൻ എന്റെ നല്ല ദൈവത്തിന്റെ മുമ്പിൽ എന്നെത്തന്നെ പ്രതിഷ്ഠിക്കുകയും അവനോട് ‘കർത്താവേ, ഇതാ ഞാൻ. അങ്ങയുടെ ഇഷ്ടം എനിക്കു തരേണമേ’ എന്നു പറയുകയും ചെയ്യും. അവൻ എന്തെങ്കിലും എനിക്ക് നൽകിയാൽ ഞാൻ വളരെ സന്തുഷ്ടയാവുകയും അവനോട് നന്ദി പറയുകയും ചെയ്യും.

അവൻ എനിക്ക് ഒന്നും നൽകാത്തപ്പോഴും ഞാൻ അവനോട് നന്ദി പറയുന്നു. കാരണം ഞാൻ അത് സ്വീകരിക്കാൻ അർഹയല്ല എന്ന് അവൻ എനിക്കു വെളിപ്പെടുത്തുന്നുവല്ലോ. പിന്നീട് എന്റെ മനസ്സിലൂടെ കടന്നുപോകുന്നതെല്ലാം ഞാൻ അവനോട് പറയും. എന്റെ വേദനകളും സന്തോഷങ്ങളും വിവരിക്കും. ഞാൻ അവനെ ശ്രദ്ധിക്കും. നമ്മൾ അവനെ ശ്രദ്ധിച്ചാൽ അവൻ നമ്മളോടു സംസാരിക്കും. കാരണം നല്ല ദൈവത്തോടൊപ്പം സംസാരിക്കുകയും കേൾക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. എളിമയോടും ആത്മാർത്ഥതയോടും കൂടെ നമ്മൾ അവന്റെ അടുത്തേക്ക് പോകുകയാണെങ്കിൽ അവൻ എപ്പോഴും നമ്മളോടു സംസാരിക്കും.”

വിശുദ്ധ ഗ്രന്ഥത്തിൽ നിശബ്ദനായി പ്രത്യക്ഷപ്പെടുന്ന യൗസേപ്പിതാവ് തന്റെ മനസ്സിലൂടെ കടന്നുപോയ വേദനകളും സന്തോഷങ്ങളുമെല്ലാം ദൈവപിതാവിനെ നിരന്തരം അറിയിച്ചിരുന്നു. പിതാവിനോടുള്ള വാചാലതയായിരുന്നു അവന്റെ മൗനം. വിശുദ്ധ മൗനത്തിലൂടെ ആഴമായ ശ്രദ്ധ യൗസേപ്പിതാവ് പരിശീലിച്ചിരുന്നു. എളിമയോടും ആത്മാർത്ഥതയോടും കൂടെ യൗസേപ്പിതാവ് ദൈവപിതാവിന്റെ മുമ്പിൽ നിലകൊണ്ടിരുന്നതിനാൽ അവന്റെ ഓരോ വിചാരവും ദൈവവുമായുള്ള സംസാരമായി രൂപാന്തരപ്പെട്ടു. സ്വർഗ്ഗീയപിതാവിനെ ശ്രദ്ധിച്ച യൗസേപ്പിതാവിനെ ദൈവവും ശ്രദ്ധിക്കുകയും അവനോടു സംസാരിക്കുകയും ചെയ്തു.

എളിമയോടും ആത്മാർത്ഥതയോടും കൂടെ യൗസേപ്പിതാവിനെപ്പോലെ ദൈവത്തെ ശ്രദ്ധിച്ച് പിതാവിന്റെ ശ്രദ്ധയുടെയും സംസാരത്തിന്റെയും പങ്കാളികളായി നമുക്കും മാറാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.