ജോസഫ് ചിന്തകൾ 354: ജോസഫ് – ദൈവചിന്തയിൽ ജീവിതം ചിട്ടപ്പെടുത്തിയവൻ

അൾത്താര ബാലന്മാരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വി. ജോൺ ബെർക്കുമാൻസിന്റെ (1599-1621) തിരുനാൾ 1969 വരെ നവംബർ 26 -ാം തീയതി ആയിരുന്നു. പിന്നീട് അത് ആഗസ്റ്റ് മാസം പതിമൂന്നാം തീയതിയിലേക്കു മാറ്റി. കേവലം 22 വയസ് സുവരെ മാത്രം ജീവിച്ച, ബെൽജിയത്തു നിന്നുള്ള ഒരു ഈശോസഭാ വൈദികാർത്ഥിയായിരുന്നു ജോൺ. കുട്ടികളുടെ പ്രിയപ്പെട്ട വിശുദ്ധനായ ജോണിന്റെ ഒരു ജീവിതദർശനമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം.

“നമ്മുടെ യഥാർത്ഥ മൂല്യം, മനുഷ്യർ നമ്മെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നതിലല്ല. മറിച്ച് നമ്മൾ യഥാർത്ഥത്തിൽ എന്താണ്, ദൈവത്തിന് നമ്മെക്കുറിച്ച് എന്തറിയാം എന്നതിലാണ് അടങ്ങിയിരിക്കുന്നത്.”

ദൈവം നമ്മെക്കുറിച്ച് എന്തു ചിന്തിക്കും എന്നതല്ല മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ചിന്തയാണ് പലപ്പോഴും നമ്മുടെ പ്രവർത്തികളുടെ മാനദണ്ഡം. മറ്റുള്ളവരെ പ്രീതിപ്പെടുത്താനുള്ള നെട്ടോട്ടത്തിനൊടുവിൽ സ്വന്തം ജീവിതത്തെ സംതൃപ്തമുള്ളതാക്കാൻ മനുഷ്യർ പരാജയപ്പെടുന്നു. യൗസേപ്പിതാവിന്റെ ജീവിതത്തിൽ മറ്റുള്ളവർ തന്നെക്കുറിച്ച് എന്തു വിചാരിക്കും എന്ന ചിന്ത അല്പം പോലും അലട്ടിയിരുന്നില്ല. ദൈവവിചാരവും ദൈവചിന്തയും മാത്രമായിരുന്നു ആ പുണ്യജീവിതത്തെ നയിച്ചിരുന്നത്. മനുഷ്യരുടെ പ്രീതി സമ്പാദിക്കുക എന്നത് അവന്റെ ജീവിതനിഘണ്ടുവിൽ ഉണ്ടായിരുന്നില്ല.

മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ചിന്ത പലപ്പോഴും നമ്മെ യാന്ത്രികരാക്കി മാറ്റും. ദൈവവിചാരം ഭരണം നടത്തുന്ന ജീവിതത്തിൽ എന്നും സ്വഭാവികത ജീവിതദർശനമായിരിക്കും. ജീവിതത്തിന്റെ സ്വഭാവികത വീണ്ടെടുക്കാനായി യൗസേപ്പിതാവിന്റെ മാതൃക നമുക്കു സ്വന്തമാക്കാം. ദൈവതിരുമുമ്പിലും മനുഷ്യരുടെ മുമ്പിലും സ്വഭാവികത നഷ്ടപ്പെടുത്താത്തവർക്കു മാത്രമേ ആത്മീയപക്വതയിലേക്കു വളരാൻ കഴിയൂ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.