ജോസഫ് ചിന്തകൾ 352: നിങ്ങൾ എന്റെ പക്കലെത്തിയാൽ ഉണ്ണീശോയെ ഞാൻ നിങ്ങൾക്കു നൽകാം

കേരളത്തിലെ പ്രമുഖ കത്തോലിക്കാ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായ മുതലക്കോടം സെൻ്റ് ജോർജ് ഫൊറേനാ പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന വി. യൗസേപ്പിതാവിന്റെ തിരുസ്വരൂപമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം.

യൗസേപ്പിതാവിന്റെ ഇടത്തെ കരത്തിൽ, വിടർത്തിയ കരങ്ങളുമായി ഇരിക്കുന്ന ഉണ്ണീശോയുടെ മാറിടത്തിൽ തന്റെ വലതുകൈ പിടിച്ചുനിൽക്കുന്ന യൗസേപ്പിതാവ്. ഉയിർപ്പിനു ശേഷം ഈശോയുടെ പിളർക്കപ്പെട്ട പാർശ്വം കണ്ട തോമാശ്ലീഹായുടെ, ‘എന്റെ കർത്താവേ, എന്റെ ദൈവമേ’ എന്ന വിശ്വാസപ്രമാണം പോലെ ഉണ്ണീശോയുടെ മാറിടത്തിൽ കൈ അമർത്തി യൗസേപ്പിതാവും നിശബ്ദമായി ഒരു വിശ്വാസപ്രമാണം നടത്തുന്നു – “ഇതാ ലോകത്തിന്റെ രക്ഷകനായ ഈശോമിശിഹാ. അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എന്റെ അടുക്കൽ വരുവിൻ. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായ ഈശോയെ നിങ്ങൾക്കു ഞാൻ നൽകാം. എന്റെ ഹൃദയരക്തം ഒഴുക്കി മുദ്ര വയ്ക്കുന്ന വിശ്വാസപ്രമാണമാണത്.”

നിങ്ങൾ എന്റെ പക്കലെത്തിയാൽ നിങ്ങളെ ഇരു കരങ്ങളും നീട്ടി സ്വീകരിക്കാനായി കാത്തുനിൽക്കുന്ന ഉണ്ണീശോയെ ഞാൻ നൽകാം എന്ന് ദൈവപുത്രന്റെ മാറിടത്തിൽ കൈവച്ച് യൗസേപ്പിതാവ് ഉറപ്പു തരുന്നു. ദൈവപുത്രന്റെ മാറിടത്തിൽ കൈ വച്ച് ഉറപ്പു തരാൻ യോഗ്യതയും ചങ്കൂറ്റവുമുള്ള പിതാവാണ് യൗസേപ്പ് താതൻ. ആ പിതൃസന്നിധിയിൽ നമുക്ക് പ്രത്യാശയും ശരണവും ലഭിക്കും.

ദിവ്യത്വവും ആത്മവിശ്വാസവും പ്രസരിക്കുന്ന രണ്ടു മുഖങ്ങളാണ് ഈ തിരുസ്വരൂപത്തിൽ കാണാൻ സാധിക്കുന്നത്. യൗസേപ്പിതാവിന്റെ കരങ്ങളിൽ ദൈവപുത്രനായ ഈശോ എത്രമാത്രം സുരക്ഷിതത്വവും സ്വാതന്ത്ര്യവും അനുഭവിച്ചിരുന്നു എന്നതിന്റെ പ്രഘോഷണമാണ് വിടർത്തിയ ഉണ്ണീശോയുടെ കരങ്ങൾ. യൗസേപ്പിതാവിന്റെ പക്കലെത്തിയാൽ ദൈവമക്കൾക്കടുത്ത സ്വാതന്ത്ര്യവും സംതൃപ്തിയും നമുക്കും ലഭിക്കുമെന്ന് ഈശോ പഠിപ്പിക്കുന്നു.

ഈശോയെ നമുക്കു നൽകുന്ന യൗസേപ്പിതാവിന്റെ പക്കൽ അഭയം തേടാൻ നമുക്ക് ഉത്സാഹമുള്ളവരാകാം.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.