ജോസഫ് ചിന്തകൾ 350: യൗസേപ്പിതാവും വിശ്വാസപരിശീലനവും

വരുംതലമുറക്ക് വിശ്വാസം പകർന്നുകൊടുക്കുന്നതിലെ സുപ്രധാനമായ ഒരു കണ്ണികളാണ് മതാദ്ധ്യാപകർ. ഇടവകതലത്തിൽ ഒരു വിശ്വാസിക്കു ചെയ്യാന് കഴിയുന്ന ഏറ്റവും മഹത്തായ ഒരു പ്രേഷിതവേലയാണ് വിശ്വാസപരിശീലനം നല്കുക എന്നത്.

കുട്ടികളിൽ ദൈവികസ്മരണ ഉണർത്തുകയും അത് അവരിൽ എന്നും നിലനിർത്തുകയും ചെയ്യുന്നതിൽ നിർണ്ണായകപങ്ക് വഹിക്കുന്നവരാണ് വിശ്വാസപരിശീലകർ. ചുരുക്കത്തിൽ ദൈവത്തെ പകർന്നുനൽകുന്ന വിശുദ്ധകർമ്മമാണത്. രക്ഷാകരചരിത്രം അതിന്റെ പൂർണ്ണതയിൽ ഇളംതലമുറക്ക് മനസ്സിലാക്കിക്കൊടുക്കുന്ന വിശുദ്ധ പാരമ്പര്യത്തിന്റെ സൂക്ഷിപ്പുകാരും സംരക്ഷകരുമാണ് മതാദ്ധ്യാപകർ.

മനുഷ്യരിൽ ദൈവീകസ്മരണ ഉണർത്തുകയും നിലനിർത്തുകയും ചെയ്യുന്ന ദൈവീകസാന്നിധ്യമാണ് വി. യൗസേപ്പിതാവ്. ആ നല്ല പിതാവിനെ ആഗ്രഹത്തോടെ സമീപിക്കുന്ന ആരിലും ദൈവീകസ്മരണ ഉണരുകയും അവ അവരിൽ നിലനിൽക്കുകയും ചെയ്യും. യൗസേപ്പിന്റെ പക്കൽ ചെന്നാല്‍ അവനെപ്പറ്റി സംസാരമില്ല മറിച്ച് ദൈവത്തെക്കുറിച്ചും ദൈവിക ഇടപെടലുകളെക്കുറിച്ചുമാണ് നാം കേൾക്കുന്നത്. ദൈവത്തിന്റെ മായാത്ത മുദ്ര തന്നെ സമീപിക്കുന്നവരിൽ പതിപ്പിക്കുക എന്നത് അവന്റെ ജീവിതനിയോഗമായിരുന്നു. സ്വർഗ്ഗത്തിൽ നിന്നും ഇന്നും അവനത് തുടരുന്നു.

വിശ്വാസപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ തീർച്ചയായും മാതൃകയാക്കേണ്ട ഒരു വ്യക്തിയാണ് യൗസേപ്പിതാവ്. ദൈവീകസ്മരണ ഉണർത്തുകയും നിലനിർത്തുകയും ചെയ്യുന്ന സാന്നിധ്യം മാത്രമായിരുന്നില്ല അവൻ. ബാലനായ യേശുവിന് യഹൂദനിയമത്തിന്റെ ചട്ടങ്ങളും പാരമ്പര്യങ്ങളും വിശ്വസ്തതയോടെ പകർന്നുകൊടുത്ത തീക്ഷ്ണമതിയായ ഒരു വിശ്വാസപരിശീലകനും കൂടി ആയിരുന്നു. ഒരു വിശ്വാസപരിശീലകന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളായ ദൈവഭക്തിയും തീക്ഷ്ണതയും വിശുദ്ധ പാരമ്പര്യങ്ങളോടുള്ള വിശ്വസ്തതയും യൗസേപ്പിതാവിൽ രൂഢമൂലമായിരുന്നു.

യൗസേപ്പിതാവിന്റെ പക്കലെത്തി വിശ്വാസപരിശീലനത്തെ ചിട്ടപ്പെടുത്താനും മാതൃകയാക്കാനും മതാദ്ധ്യാപകർക്കു സാധിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.