ജോസഫ് ചിന്തകൾ 344: ജോസഫ് – ഈശോയുടെ ഹൃദയം ചോദിച്ചു വാങ്ങിയവൻ

കുടുംബങ്ങളുടെ പുണ്യവതിയും തിരുക്കുടുംബ സന്യാസിനീ സഭയുടെ (Congregation of Holy Family –CHF) സ്ഥാപകയുമായ വി. മറിയം ത്രേസ്യയാണ് ജോസഫ് ചിന്തയിൽ ഇന്ന് നമ്മുടെ വഴികാട്ടി. കുടുംബങ്ങളെ നസറത്തിലെ തിരുക്കുടുംബം പോലെ മാറ്റിയെടുക്കാൻ കുറുക്കുവഴികൾ പറഞ്ഞുതന്നിരുന്ന അമ്മ, കുടുംബങ്ങളെ കൂടെക്കൂടെ ഉപദേശിച്ചിരുന്നത് ഇപ്രകാരമാണ്: “നിങ്ങള് നല്ലവരാകാന് നിങ്ങളുടെ ഹൃദയം ഈശോയ്ക്കു കൊടുക്കുക. പകരം ഈശോയുടെ ഹൃദയം ചോദിച്ചുവാങ്ങുക.”

നല്ലവനായ യൗസേപ്പിതാവ് തന്റെ ഹൃദയം ഈശോയ്ക്കു കൊടുക്കുകയും പകരം ഈശോയുടെ ഹൃദയം ചോദിച്ചുവാങ്ങുകയും ചെയ്ത വ്യക്തിയായിരുന്നു. ദൈവം തന്റെ പ്രിയപുത്രന്റെ വളർത്തുപിതാവാകാൻ സമ്മതം ചോദിച്ച സമയം മുതൽ ഈശോയ്ക്കു വേണ്ടി തന്റെ ഹൃദയം കൊടുക്കാൻ അവൻ സന്നദ്ധനാവുകയും പകരം ഈശോയുടെ ദിവ്യ ഹൃദയം ചോദിച്ചുവാങ്ങുകയും ചെയ്തു.

മനുഷ്യാവതാര രഹസ്യത്തിലെ കഷ്ടപ്പാടുകളോട് മറുമുറുപ്പു കൂടാതെ സഹകരിക്കാൻ യൗസേപ്പിതാവിനു സാധിച്ചത് ഈശോയുടെ ദിവ്യഹൃദയം ചോദിച്ചുവാങ്ങിയതിനാലാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഈശോയുടെ തിരുഹൃദയം സ്വന്തമാക്കിയിരുന്നതിനാൽ നിശബ്ദനാകുവാൻ യൗസേപ്പിതാവിന് എളുപ്പമായിരുന്നു. സ്വർഗ്ഗത്തിന്റെ ഹൃദയം കീഴടക്കിയ നീതിമാന്റെ പക്കൽ എത്തിയാൽ ഈശോയ്ക്ക് നമ്മുടെ ഹൃദയം കൊടുക്കുകയും ഈശോയുടെ ഹൃദയം ചോദിച്ചുവാങ്ങുകയും ചെയ്യാം എന്ന സത്യം നമുക്കു മറക്കാതിരിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.