ജോസഫ് ചിന്തകൾ 341: എല്ലാ ക്രിസ്ത്യാനികളും യൗസേപ്പിതാവിന് ഉള്ളവരാകാൻ കാരണം

പതിനേഴ് – പതിനെട്ട് നൂറ്റാണ്ടുകളിലായി (1676- 1751) ഇറ്റലിയിൽ ജീവിച്ചിരുന്ന ഫ്രാൻസിസ്കൻ സന്യാസിയും പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു പോർട്ട് മൗറീസിലെ വി. ലിയോനാർഡ് (Leonard of Port Maurice). കുരിശിന്റെ വഴിയുടെ ശക്തനായ പ്രചാരകനായിരുന്ന വിശുദ്ധൻ, ഈശോയുടെ പീഡാസഹനവും മരണവും നല്ല രീതിയിൽ ജനങ്ങൾ മനസ്സിലാക്കാനുള്ള ഉത്തമ മാർഗ്ഗമായി കുരിശിന്റെ വഴിയെ കണ്ടിരുന്നു. ലിയോനാർഡിന്റെ പ്രഭാഷണഫലമായി ഇറ്റലിയിലുടനീളം അറുനൂറിലധികം കുരിശിന്റെ വഴികൾ പുതുതായി സ്ഥാപിച്ചു എന്ന് ചരിത്രത്തിൽ വായിക്കുന്നു.

യൗസേപ്പിതാവിന്റെയും വലിയ ഭക്തനായിരുന്നു ഈ ഫ്രാൻസിസ്കൻ സന്യാസി. എല്ലാ ക്രിസ്ത്യാനികളും യൗസേപ്പിതാവിനുള്ളവരാണ്. കാരണം ഈശോയും മറിയവും അവനുള്ളവരായിരുന്നു എന്ന ലിയോനാർഡിന്റെ ബോധ്യം, യൗസേപ്പിതാവിനെ സ്നേഹിക്കുകയും അവന്റെ മാദ്ധ്യസ്ഥം തേടുകയും ചെയ്യുന്ന എല്ലാവരെയും സന്തോഷിപ്പിക്കുന്ന ഒന്നാണ്.

ഈശോയെ ദൈവപുത്രനായി ആരാധിക്കുകയും മറിയത്തെ ദൈവമാതാവായി ബഹുമാനിക്കുകയും ചെയ്യുന്നവരാണല്ലോ കത്തോലിക്കാ വിശ്വാസികൾ. യൗസേപ്പിതാവ് ഈ രണ്ടു സത്യങ്ങളും ആദ്യമേ അംഗീകരിച്ച വ്യക്തിയാണ്. ഈശോയും മറിയവും യൗസേപ്പിന്റെ സംരക്ഷണവലയത്തിലായിരുന്നു. ഈശോമിശിഹായുടെ മൗതികശരീരമായ സഭയും അവനുള്ളതാണ്. അവളെ സംരക്ഷിക്കുകയും നയിക്കുകയും ചെയ്യുക എന്നത് യൗസേപ്പിതാവിന്റെയും വലിയ കടമയാണ്. സഭ അവനെ മദ്ധ്യസ്ഥനായി വണങ്ങുന്നതിന്റെയും ഒരു കാരണം ഇതാണ്.

ഈശോയിലും പരിശുദ്ധ മറിയത്തിലും വിശ്വസിക്കുന്നവർ എന്ന നിലയിൽ നാം യൗസേപ്പിതാവിന്റെ സ്വന്തമാണന്ന അവബോധം നമുക്ക് നിരന്തരം സൂക്ഷിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.