ജോസഫ് ചിന്തകൾ 324: ജോസഫ് – പ്രകാശത്തിന്റെ ഫലങ്ങളാൽ നിറഞ്ഞവൻ

ദൈവം ഭൂമിയിൽ നല്ലതായി ആദ്യം കണ്ട വെളിച്ചത്തിന്റെ (ഉല്‍ 1:4) ഉത്സവമായ ദീപാവലിയാണ് ഇന്ന്. ഇരുട്ടിനെതിരെയുള്ള പ്രകാശത്തിന്റെ വിജയത്തെയും തിന്മയുടെ മേൽ നന്മയുടെ വിജയവുമാണ് ഈ ഉത്സവത്തിലൂടെ ജനങ്ങൾ ആഘോഷിക്കുന്നത്.

ലോകത്തിന്റെ പ്രകാശമായ ഈശോയെ ഹൃദയത്തിലും മനസ്സിലും സ്വീകരിച്ച യൗസേപ്പിതാവിന്റെ ജീവിതത്തിൽ എന്നും ദീപാവലിയായിരുന്നു. പ്രകാശമായവനെ സ്വീകരിച്ച് സ്വയം പ്രകാശമായി മാറിയ വ്യക്തിയായിരുന്നു യൗസേപ്പിതാവ്. പ്രകാശത്തിന് സംരക്ഷണമൊരുക്കുക എന്നതും അവന്റെ ജീവിതനിയോഗമായിരുന്നു. കഷ്ടപ്പാടുകളും അലച്ചിലുകളും അവന്റെ ജീവിതത്തിൽ പരമ്പര തീർത്തെങ്കിലും പ്രകാശമായവനിൽ നിന്ന് അവന്റെ ദൃഷ്ടി മാറിയില്ല. അതിനാൽ ജിവിതത്തിലൊരിക്കലും ആ ദിവ്യനാളത്തിന്റെ ശോഭ മങ്ങിപ്പോയതുമില്ല. യൗസേപ്പിനെ സമീപിച്ചവരൊക്കെ അവന്റെ വെളിച്ചത്തിൽ നിത്യപ്രകാശമായവനെ തിരിച്ചറിഞ്ഞു.

പ്രകാശത്തിന്റെ ഫലം സകല നന്മയിലും നീതിയിലും സത്യത്തിലുമാണ് പ്രത്യക്ഷപ്പെടുന്നത്‌ (എഫേ. 5:9) എന്ന് തിരുവചനത്തിൽ നാം വായിക്കുന്നു. നന്മയും നീതിയും സത്യവും നിറഞ്ഞ ജീവിതത്തിലൂടെ നസറത്തിലെ നല്ല അപ്പൻ പ്രകാശത്തിന്റെ ഫലം പുറപ്പെടുവിച്ചതു പോലെ വെളിച്ചത്തിന്റെ ഫലങ്ങളാൽ നമുക്കും നിറയപ്പെടാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.