ജോസഫ് ചിന്തകൾ 321: യൗസേപ്പിതാവും വാഴ്ത്തപ്പെട്ട റൂപ്പെർട്ട് മയറും

നവംബർ മൂന്നാം തീയതി ജർമ്മനിയിലെ മ്യൂണിക് നഗരത്തിന്റെ അപ്പസ്തോലൻ വാഴ്ത്തപ്പെട്ട റൂപ്പെർട്ട് മയറിന്റെ ഓർമ്മദിനമാണ്. ഹിറ്റ്ലറിന്റെയും നാസി ഭരണകൂടത്തിന്റെയും തിന്മകൾക്കെതിരെ മ്യൂണിക് നഗരത്തിൽ മുഴങ്ങിയ ധീരശബ്ദമായിരുന്നു ഈ ഈശോസഭാ വൈദികന്റേത്. റൂപ്പർട്ടച്ചൻ ജയിൽ കിടന്ന് അമ്മയ്ക്കെഴുതിയ കത്തിലും അദ്ദേഹത്തിന്റെ പ്രാർത്ഥനയിലും യൗസേപ്പിതാവിന്റെചൈതന്യം നിഴലിച്ചു നിൽക്കുന്നു. അത് രണ്ടുമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം.

1939 നവംബർ മാസത്തിൽ ഹിറ്റ്ലറിന്റെ രഹസ്യപ്പോലീസ് റൂപ്പർട്ട് മയറച്ചനെ അറസ്റ്റു ചെയ്യുകയും ഓറിയാനിയൻബുർഗ് സാക്സൻഹൗസിലെ തടങ്കൽ പാളയത്തിൽ (Orianienburg-Sachsenhausen concentration camp) . തടവിലാക്കുകയും ചെയ്തു. ഒരിക്കൽ മയറച്ചൻ തന്റെ അമ്മയ്ക്ക് ഇപ്രകാരം കത്തെഴുതി: “ഞാൻ എല്ലാവരിൽ നിന്നും എല്ലാത്തിൽ നിന്നും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ലോകത്തിൽ നടക്കുന്ന ഒന്നിനെക്കുറിച്ചും ഞാൻ ഇനി കേൾക്കുകയില്ല. പ്രാർത്ഥിക്കാനും എല്ലാം ബലിയായി അർപ്പിക്കാനും ഞാൻ പരിശ്രമിക്കുന്നു. ഈ നിമിഷം ദൈവം എന്നോട് മറ്റൊന്നും ആവശ്യപ്പെടുകയില്ല.”

ദൈവീക കാര്യങ്ങളിൽ മനസ്സുറപ്പിച്ച ഈ വൈദികദർശനത്തിൽ യൗസേപ്പിതാവിന്റെ ചൈതന്യം ഒളിഞ്ഞുകിടപ്പുണ്ട്. വാഴ്ത്തപ്പെട്ട റൂപ്പർട്ട് മയറിന്റെ പ്രാർത്ഥനയിലും യൗസേപ്പിതാവിനെപ്പോലെ ദൈവികപദ്ധതികൾ സ്വീകരിക്കാനുള്ള അടങ്ങാത്ത ആഗ്രഹം നിഴലിച്ചു നിൽക്കുന്നുണ്ട്.

“ദൈവമേ, നീ ആഗ്രഹിക്കുന്നതു പോലെ സംഭവിക്കട്ടെ.
നീ ആഗ്രഹിക്കുന്നിടത്തേക്കു ഞങ്ങൾ പോകും.
നിന്റെ ഹിതം എന്താണെന്നറിയാൻ ഞങ്ങളെ സഹായിക്കണമേ.

ദൈവമേ, നീ ആഗ്രഹിക്കുന്ന സമയമാണ് ശരിയായ സമയം.
നിന്നിലായിരിക്കുമ്പോൾ പിണക്കത്തിൽ പോലും ആനന്ദമുണ്ട്.
നിന്റെ ഹിതത്തിനായി ഞാൻ എന്റെ ജീവൻ നൽകും.

ഞാൻ നിന്നിൽ ആയിരിക്കുന്നിടത്തോളം
നിന്റെ ഭാരം ലഘൂകരിക്കുന്നതിൽ എനിക്കു വേദനയില്ല
നിനക്കായി എല്ലാം ഉപേക്ഷിക്കുക എന്നത് എന്റെ നേട്ടമാണ്.

ദൈവമേ, നീ ആഗ്രഹിക്കുന്നതിനാൽ അത് നല്ലതാണ്.
നീ ആഗ്രഹിക്കുന്നതിനാൽ എനിക്ക് ധൈര്യമുണ്ട്.
എന്റെ ഹൃദയം നിന്റെ കരങ്ങളിൽ വിശ്രമിക്കട്ടെ.”

ദൈവം ആഗ്രഹിക്കുന്ന വഴികളിൽ സധൈര്യം മുന്നേറാൻ യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥതയും വാഴ്ത്തപ്പെട്ട മയറച്ചന്റെ മാതൃകയും നമ്മെ നയിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.