ജോസഫ് ചിന്തകൾ 314: ജോസഫ് – അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥൻ

ഒക്ടോബർ ഇരുപത്തിയെട്ടാം തീയതി അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ വി. യൂദാ ശ്ലീഹായുടെ തിരുനാൾ ആഘോഷിക്കുന്നു. ഈ ദിനം യൗസേപ്പിതാവിനെ അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായി കാണാനാണ് എനിക്കിഷ്ടം.

മനുഷ്യർ അസാധ്യമെന്നു കരുതുന്ന ദൗത്യങ്ങളായിരുന്നു സ്വർഗ്ഗീയപിതാവ് യൗസേപ്പിതാവിനെ ഭരമേല്പിച്ചിരുന്നത്. അവയോട് സഹകരിക്കണമെങ്കിൽ അസാധാരണമായ ദൈവാശ്രയബോധവും ദൈവീകപദ്ധതികളിലുള്ള ദൃഢവിശ്വാസവും ആവശ്യമായിരുന്നു. മനുഷ്യദൃഷ്ടിയിൽ അസാധ്യമായ കാര്യങ്ങൾ വിശ്വസ്തതയോടെ യൗസേപ്പിതാവ് പിന്തുടർന്നപ്പോൾ വെല്ലുവിളികളും അപമാനങ്ങളും ഏറ്റുവാങ്ങാൻ അവൻ സ്വയം തയ്യാറായി. സ്വർഗ്ഗം പോലും അവന്റെ വിശ്വസ്തതയെ ബഹുമാനിക്കുകയും ഉന്നതസ്ഥാനം നൽകി അലങ്കരിക്കുകയും ചെയ്തു.

ദൈവപിതാവിന്റെ വിശ്വസ്തനായ പ്രതിനിധിയും ഈശോയോടും മറിയത്തോടും ഹൃദയ ഐക്യത്തിൽ ജീവിച്ച വ്യക്തി എന്ന നിലയിലും ഏത് അസാധ്യതകൾക്കു മുമ്പിലും യൗസേപ്പിതാവിന്റെ പക്കൽ ഉത്തരമുണ്ട്. തിരുസഭ എപ്പോഴെല്ലാം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുവോ അപ്പോഴെല്ലാം യൗസേപ്പിതാവിന്റെ പക്കൽ പോകുന്നതിന്റെയും കാരണവും ഇതു തന്നെ.

നമ്മുടെ അസാധ്യതകൾക്കു നടുവിൽ യൗസേപ്പിതാവെന്ന അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനെ മറക്കാതിരിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.