ജോസഫ് ചിന്തകൾ 300: ജോസഫ് – ഹൃദയകാഠിന്യമില്ലാത്തവൻ

ലത്തീൻ ആരാധനാക്രമത്തിലെ ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായറാഴ്ചയിൽ വചനവിചിന്തനം മർക്കോസിന്റെ സുവിശേഷം പത്താം അദ്ധ്യായം രണ്ടു മുതൽ 16 വരെയുള്ള വാക്യങ്ങളായിരുന്നു. വിവാഹമോചനത്തെ സംബന്ധിച്ചുള്ള പ്രബോധനമായിരുന്നു ആദ്യത്തേത്.

ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ എന്ന് ഫരിസേയര്‍ ചോദിക്കുമ്പോൾ അതിനുള്ള മറുപടിയായി, മോശ എന്താണ് നിങ്ങളോടു കല്‍പിച്ചത്‌ എന്ന് ഈശോ മറുചോദ്യം ഉന്നയിക്കുന്നു. ഉപേക്ഷാപത്രം കൊടുത്ത്‌ അവളെ ഉപേക്ഷിക്കാന്‍ മോശ അനുവദിച്ചിട്ടുണ്ട്‌ എന്ന് ഫരിസേയർ വാദഗതി ഉയിർത്തുമ്പോൾ, നിങ്ങളുടെ ഹൃദയകാഠിന്യം കൊണ്ടാണ്‌ മോശ ഈ നിയമം നിങ്ങള്‍ക്കു വേണ്ടി എഴുതിയത്‌ എന്ന് ഈശോ വസ്തുനിഷ്ഠമായി പ്രഖ്യാപിക്കുന്നു.

ഈശോയുടെ മനുഷ്യവതാര രഹസ്യത്തിന്റെ ആരംഭത്തിൽ മറിയത്തെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി യൗസേപ്പിതാവിനു വേണമെങ്കിൽ മോശയുടെ നിയമമനുസരിച്ച് മറിയത്തിന് ഉപേക്ഷാപത്രം കൊടുത്ത്‌ ഉപേക്ഷിക്കാന്‍ നൈയ്യാമികമായി കഴിഞ്ഞേനേ. അതിന് യൗസേപ്പിതാവ് തയ്യാറാകാതിരുന്നത് അവൻ നീതിമാനും ദൈവവാഗ്ദാനങ്ങളിൽ വിശ്വസ്തനും സർവ്വോപരി ഹൃദയകാഠിന്യമില്ലാത്തവനായിരുന്നതിനാലും ആയിരുന്നു.

കുടുംബബന്ധങ്ങൾ പരിശുദ്ധമായി നിലനിൽക്കാൻ ഹൃദയകാഠിന്യം എടുത്തുമാറ്റിയാൽ മതിയാവുമെന്ന് യൗസേപ്പിതാവ് നമ്മെ പഠിപ്പിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.