ജോസഫ് ചിന്തകൾ 30: ജോസഫിനെ ഹൃദയത്തിൽ വഹിച്ച മാർപാപ്പ

ഈശോയേയും മറിയത്തെയും യൗസേപ്പിനെയും ഹൃദയത്തിൽ വഹിച്ച ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം.

ചെറുപ്പം മുതൽ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ വി. യൗസേപ്പിന്റെ വലിയ ഭക്തനായിരുന്നു. 1925-ൽ മെത്രാൻ പട്ട സ്വീകരണത്തിനൊരുങ്ങുമ്പോൾ ആഞ്ചലോ ജുസെപ്പെ റോങ്കാലി തന്റെ അനുദിന ഡയറിയിൽ ഇപ്രകാരം കുറിച്ചു: “മാമ്മോദീസായിൽ എനിക്കു ലഭിച്ച യൗസേപ്പ് (ജുസെപ്പെ) എന്ന നാമത്തിൽ തന്നെ ദൈവജനത്തെ നയിക്കാനാണ് എപ്പോഴും എന്റെ ആഗ്രഹം. വിശ്വസ്തനായ ഈ പിതാവ് ഈശോയ്ക്കും മറിയത്തിനും ശേഷം എന്റെ ആദ്യത്തെ മദ്ധ്യസ്ഥനും മാതൃകയും ആയിരിക്കും.”

മാർപാപ്പ ആയതിനുശേഷം രണ്ടാം വത്തിക്കാൻ കൗൺസിൽ ആരംഭിച്ചപ്പോൾ ലേ വോചി (Le Voci) എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ 1961 മാർച്ച് മാസം പത്തൊമ്പതാം തീയതി വി. യൗസേപ്പിതാവിനെ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു. 1962 ജനുവരി ആറിന് സാക്രേ ലൗദിസ് (Sacare laudis) എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ എല്ലാ പുരോഹിതന്മാരും, യൗസേപ്പിതാവിന് ഈശോയുമായിയുണ്ടായിരുന്ന ബന്ധത്തിൽ നിന്നു പഠിക്കാൻ പാപ്പ ആഹ്വാനം ചെയ്തു. 1962 നവംബർ പതിമൂന്നാം തീയതി ലത്തീൻ കുർബാന ക്രമത്തിൽ വി. യൗസേപ്പിതാവിന്റെ പേര് ഉൾപ്പെടുത്തിയതും ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയാണ്.

1963 മാർച്ച് പത്തൊമ്പതിന് റോമിലെ വി. പത്രോസിന്റെ ബസിലിക്കയിൽ യൗസേപ്പിതാവിന്റെ പുതിയ ചിത്രം ആശിർവദിച്ചുകൊണ്ട് പാപ്പ പറഞ്ഞു: “ഇന്ന് നാം ബസിലിക്കയിലെ വി. ജോസഫിന്റെ അൾത്താരയിൽ പുതിയ ചിത്രം സമർപ്പിച്ചു. ഏറ്റവും പവിത്രനായ മറിയത്തിന്റെ ജീവിതപങ്കാളിയും യേശുവിന്റെ രക്ഷാധികാരിയുമായ ജോസഫിനോടുള്ള ഭക്തി ക്രൈസ്തവലോകത്തിന്റെ മഹത്തായ ഈ ദൈവാലയത്തിൽ പ്രചരിപ്പിക്കുന്നതിനുവേണ്ടിയാണ് ഈ കർമ്മം നമ്മളിവിടെ നടത്തിയിരിക്കുന്നത്. ഈ വത്സലപിതാവ് തിരുസഭയുടെ സംരക്ഷകനും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ മദ്ധ്യസ്ഥനുമാണ്.”

ഈശോയേയും മറിയത്തെയും യൗസേപ്പിനെയും ഹൃദയത്തിൽ വഹിച്ചാൽ, മനുഷ്യർ അസാധ്യമെന്നു കരുതുന്ന പല കാര്യങ്ങളും നമുക്കും ചെയ്യാൻ സാധിക്കുമെന്ന് ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.