ജോസഫ് ചിന്തകൾ 296: യൗസേപ്പിതാവും മുഖ്യദൂതന്മാരും

മുഖ്യദൂതന്മാരുടെ തിരുനാൾ ദിനമായ സെപ്റ്റംബർ 29 -ന് അവരെ കൂട്ടിയാകട്ടെ ഇന്നത്തെ ജോസഫ് ചിന്ത. ബൈബിളിൽ പേരെടുത്തു പരാമർശിക്കുന്ന മൂന്ന് മുഖ്യദൂതന്മാരാണ് മിഖായേൽ, ഗബ്രിയേൽ, റഫായേൽ എന്നിവർ.

മിഖായേൽ എന്ന പേരിന്റെ അർത്ഥം ‘ദൈവത്തെപ്പോലെ ആരുണ്ട്’ എന്നാണ്. എന്താണ്, ഇത് അർത്ഥമാക്കുക? ദൈവമാണ് ഏറ്റവും മഹോന്നതൻ എന്നാണ്. തിന്മയിൽ നിന്നു സഭയെ സംരക്ഷിക്കുന്ന ഉത്തരവാദിത്വം മിഖായേൽ ദൂതനാണ്. ദൈവികസിംഹാസനത്ത നിഷേധിച്ച ലൂസിഫറിനെ സ്വർഗ്ഗത്തിൽ നിന്നു പുറത്താക്കിയതിൽ മിഖായേൽ മാലാഖക്ക് സുപ്രധാന പങ്കുണ്ട്.

ഗബ്രിയേൽ എന്ന പേരിന്റെ അർത്ഥം ‘ദൈവം എന്റെ യോദ്ധാവ്’ എന്നാണ്. അതായത് അടിസ്ഥാനപരമായി ദൈവം എന്റെ സംരക്ഷകൻ എന്നർത്ഥം. രക്ഷാകരചരിത്രത്തിലെ സുപ്രധാനമായ രണ്ടു ജനനങ്ങളെപ്പറ്റി അറിയിക്കാൻ ഭാഗ്യം ലഭിച്ച ദൂതനാണ് പുതിയ നിയമത്തിൽ ആദ്യം പേര് പരാമർശിക്കുന്ന ഗബ്രിയേൽ ദൂതൻ.

‘ദൈവം സുഖപ്പെടുത്തുന്നു’ എന്നാണ് റഫായേൽ എന്ന പേരിന്റെ അർത്ഥം. തോബിത്തിന്റെ പുസ്തകത്തിലാണ് റഫായേൽ മാലാഖയെ നാം കാണുക. തോബിത്തിനെ സുഖപ്പെടുത്താനും സാറയിൽ നിന്നു പിശാചിനെ ബഹിഷ്ക്കരിക്കാനും റഫായേൽ ദൂതൻ സഹായിക്കുന്നു. കൊച്ചു തോബിയാസിന് ജീവിതത്തിന്റെ നിർണ്ണായകഘട്ടങ്ങളിൽ നിർദ്ദേശങ്ങൾ നല്‍കാന്‍ സഹായിക്കാനും റഫായേൽ മാലാഖ കൂട്ടിനുണ്ട്.

മൂന്ന് മുഖ്യദൂതന്മാരുടെയും സ്വഭാവസവിശേഷതകൾ ഈശോയുടെ വളർത്തുപിതാവിൽ ഒന്നുചേർന്നിരിക്കുന്നു. ദൈവമാണ് തന്റെ ജീവിതത്തിലെ ഏറ്റവും മഹോന്നതൻ എന്ന് യൗസേപ്പിതാവ് തിരിച്ചറിഞ്ഞിരുന്നു. ദൈവവഴി മാത്രമേ ജീവിതത്തിൽ മഹത്വം കൊണ്ടുവരുകയുള്ളൂ എന്ന് അവൻ ഉറച്ചുവിശ്വസിച്ചിരുന്നു. സാത്താന്റെ കുത്തിത്തിരിപ്പുകൾ മുളയിലെ പിഴുതെറിയാൻ അവനു ശക്തിയുണ്ട്. അതിനാലാണ് വി. യൗസേപ്പിതാവിനോടുള്ള പ്രാർത്ഥനയിൽ നാം ഇപ്രകാരം പ്രാർത്ഥിക്കുന്നത്, “അന്ധകാരശക്തികളോട് ഞങ്ങൾ ചെയ്യുന്ന യുദ്ധത്തിൽ സ്വർഗ്ഗത്തിൽ നിന്ന് ഞങ്ങളെ കൃപയോടെ സഹായിക്കണമേ” എന്ന്.

ദൈവത്തെ തന്റെ സംരക്ഷകനായി യൗസേപ്പിതാവ് കണ്ടപ്പോൾ ദൈവപിതാവ് തന്റെ പ്രിയപുത്രന്റെ സംരക്ഷണം യൗസേപ്പിതാവിനു കൈമാറി എന്നതാണ് രക്ഷാകരചരിത്രം. “ഉണ്ണീശോയെ മരണകരമായ അപകടത്തിൽ നിന്ന് രക്ഷിച്ചതുപോലെ ഇപ്പോൾ ദൈവത്തിന്റെ തിരുസഭയെ ശത്രുവിനെ കെണിയിൽ നിന്നും എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ” എന്ന യാചന, യൗസേപ്പിതാവ് നമ്മളെ സംരക്ഷിക്കും എന്നതിന്റെ വലിയ ഉറപ്പാണ്.

ദൈവം സുഖപ്പെടുത്തുന്നു എന്ന റഫായേൽ മാലാഖയുടെ പേര് യൗസേപ്പിതാവ് ജീവിതത്തിൽ അന്വർത്ഥമാക്കി. കാരണം യൗസേപ്പിതാവിന്റെ സാന്നിധ്യവും സംരക്ഷണവും തിരുക്കുടുംബത്തിനു സൗഖ്യം നൽകുന്ന അനുഭവമായിരുന്നു.

മുഖ്യദൂതന്മാരുടെ തിരുനാൾ ദിനത്തിൽ ദൈവത്തെപ്പോലെ ആരുണ്ട് എന്ന ചോദ്യത്തോടെ ദൈവമഹത്വം പ്രഘോഷിക്കുന്നവരും ദൈവത്തിന്റെ ശക്തിയായ ഗബ്രിയേലിനെപ്പോലെ സത്യവിശ്വാസം സംരക്ഷിക്കുന്നവരും ദൈവത്തിന്റെ ഔഷധമായ റഫായേലിനെപ്പോലെ ലോകത്തിനു സൗഖ്യം പകരുന്നവരുമാകാൻ വി. യൗസേപ്പിതാവിനോടു പ്രാർത്ഥിക്കാം.

ഫാ. ജയ്‌സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.