ജോസഫ് ചിന്തകൾ 295: ജോസഫ് – ഹൃദയപൂർവ്വം ഒന്നിപ്പിക്കുന്നവൻ

ലോകാരോഗ്യ സംഘടനയുമായി (Who) സഹകരിച്ച് 1999 -ൽ വേൾഡ് ഹാർട്ട് ഫൗണ്ടേഷൻ (World Heart Foundation) എല്ലാ വർഷവും ലോക ഹൃദയദിനം എന്ന ആശയം മുന്നോട്ടുവച്ചു. ആദ്യ ലോക ഹൃദയദിനാചരണം 2000 സെപ്റ്റംബർ 24 -നായിരുന്നു.പിന്നീട് എല്ലാ വർഷവും സെപ്റ്റംബർ 29 ലോക ഹൃദയദിനമായി ആചരിക്കുന്നു. ഹൃദയപൂർവ്വം ഏവരെയും ഒന്നിപ്പിക്കുക (use your heart to connect) എന്നതാണ് ഈ വർഷത്തെ (2021) ഹൃദയദിന സന്ദേശത്തിന്റെ മുഖ്യസന്ദേശം.

ലോക ഹൃദയദിനത്തിന്റെ ഈ വർഷത്തെ സന്ദേശം യൗസേപ്പിതാവിന്റെ ജീവസന്ദേശമാണ്. ഹൃദയപൂർവ്വം എല്ലാവരെയും ഒന്നിപ്പിക്കുന്ന മനുഷ്യനാണ് ഈശോയുടെ വളർത്തപ്പൻ യൗസേപ്പിതാവ്. ദൈവപിതാവിന്റെ ഹൃദയം സ്വന്തമാക്കിയ യൗസേപ്പിന് എല്ലാവരെയും സ്നേഹിക്കാനും മനസ്സിലാക്കാനും സാധിച്ചതിനാൽ എല്ലാവരെയും ഒന്നിപ്പിക്കാനും എളുപ്പമായിരുന്നു. ആ ദൗത്യം കുടുംബങ്ങളിലും സഭയിലും ആ നല്ല പിതാവ് തുടരുന്നു.

ഹൃദയം കൊണ്ട് സ്നേഹിക്കുന്നവർക്കേ യഥാർത്ഥ ജീവൻ പകരാൻ കഴിയൂ. അതുകൊണ്ടു തന്നെ യൗസേപ്പിതാവിനെ സമീപിച്ചാൽ വഴിയും സത്യവും ജീവനുമായ ഈശോയിൽ നമ്മൾ എത്തിച്ചേരും. എപ്പോഴും ദൈവത്തിനായി ദാഹിക്കുന്ന ഹൃദയമായിരുന്നു യൗസേപ്പിൻ്റേത്. അതിനാൽ നീതിക്കു നിരക്കാത്തതൊന്നും അവൻ ചെയ്തില്ല. ദൈവപിതാവിന്റെ ഭൂമിയിലെ പ്രതിനിധി അവന്റെയും ഹൃദയഭാവവും ഉൾക്കൊണ്ടതിനാൽ മാനുഷികനീതിയെ അതിലംഘിക്കുന്ന ദൈവകാരുണ്യം നീതിമാനായ യൗസേപ്പിനെ നയിച്ചു.

യൗസേപ്പിതാവ് കുടുംബങ്ങളുടെയും തിരുസഭയുടെയും മദ്ധ്യസ്ഥനാണ്. യൗസേപ്പിതാവിന്റെ സന്നിധേ മദ്ധ്യസ്ഥതയുമായി എത്തിയാൽ ഹൃദയപൂർവ്വം എല്ലാവരെയും അവൻ ഒന്നിപ്പിക്കും. വി. യൗസേപ്പിതാവിന്റെ വര്ഷാചരണത്തോട് അനുബന്ധിച്ച് ഫ്രാന്സിസ് പാപ്പാ പുറപ്പെടുവിച്ച അപ്പോസ്തലിക ലേഖനത്തിന്റെ പേരു തന്നെ ‘പിതാവിന്റെ ഹൃദയത്തോടെ’ (Patris Corde) ആണ് എന്നതു തന്നെ ഈ ദിനത്തിന്റെ മാറ്റു കൂട്ടുന്നു.

പിതാവിന്റെ ഹൃദയത്തോടെ നമ്മളെ സ്നേഹിക്കുകയും നമ്മുടെ നന്മ ആഗ്രഹിക്കുകയും ചെയ്യുന്ന യൗസേപ്പിതാവിന്റെ സന്നിധിയിൽ പ്രത്യാശയോടെ നമുക്കണയാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.