ജോസഫ് ചിന്തകൾ 290: വി. യൗസേപ്പിതാവിന്റെ അടുത്തേക്കു പോവുക

“അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിൻ.”‍ റോസറി ഡോക്ടർ (Rosary Doctor) എന്നറിയപ്പെടുന്ന അമേരിക്കൻ സുവിശേഷപ്രഘോഷകനായ ബ്രയാൻ കിസെകിന്റെ (Brian Kiczek) യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരു പുസ്തകമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. Go to St. Joseph, Do Whatever He tells You (വി. യൗസേപ്പിതാവിന്റെ അടുത്തേക്കു പോവുക; അവന്‍ നിങ്ങളോടു പറയുന്നത് ചെയ്യുവിന്‍) എന്നതാണ് പുസ്തകത്തിന്റെ നാമം.

“അവന്‍ നിങ്ങളോട് പറയുന്നതു ചെയ്യുവിൻ” (യോഹ. 2:5) എന്ന മറിയത്തിന്റെ ആഹ്വാനം ഈ ഗ്രന്ഥത്തിന്റെ ശീർഷകമായി തിരഞ്ഞെടുത്തതു വഴി പരിശുദ്ധ കന്യകാമറിയത്തിന്റെ വലിയ ഭക്തനായ ബ്രയാൻ, ദൈവപുത്രന്റെ വളർത്തുപിതാവിനെ ശക്തനായ ഒരു സഹായകനായി മറിയത്തിന്റെ ആഹ്വാനത്തിലൂടെ അവതരിപ്പിക്കുകയാണിവിടെ.

അമേരിക്കൻ മുൻ നാവികസേനാംഗവും നിരീശ്വരവാദത്തിൽ നിന്നും ന്യൂ എയ്ജ് പ്രസ്ഥാനങ്ങളിൽ നിന്നും കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെ വന്ന ബ്രയാന്റെ യൗസേപ്പിതാവിനോടുള്ള വ്യക്തിപരമായ ഭക്തിയുടെ മനോഹരമായ ഉദാഹരണമാണ് ഈ പുസ്തകം. വി. യൗസേപ്പിതാവിന്റെ അത്ഭുതകരമായ ഇടപെടലുകളെക്കുറിച്ചുള്ള നിരവധി അനുഭവങ്ങൾ ഈ ഗ്രന്ഥത്തിലുണ്ട്. വായനക്കാരുടെ ഉപയോഗത്തിനായി വി. യൗസേപ്പിതാവിനോടുള്ള ശക്തമായ മദ്ധ്യസ്ഥപ്രാർത്ഥനകളും ഇതിൽ ഉൾചേർത്തിരിക്കുന്നു. സുവിശേഷാദർശങ്ങളായ ദാരിദ്രവും അനുസരണവും വിശുദ്ധിയും യൗസേപ്പിതാവിനെ അനുകരിച്ച് സാധാരണജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാം എന്ന മാർഗ്ഗനിർദ്ദേശങ്ങളും ഈ ഗ്രന്ഥത്തിലുണ്ട്.

യൗസേപ്പിതാവിനോടുള്ള സ്നേഹവും ഭക്തിയും ഈ പുസ്തകം നിങ്ങളിൽ രൂഢമൂലമാക്കും. ജീവിതത്തിലെ ആവശ്യങ്ങളിലെല്ലാം യൗസേപ്പിതാവിലേക്കു തിരിയാനും അവന്റെ സഹായം എപ്പോഴും യാചിക്കാനും ഈ ഗ്രന്ഥം നമ്മെ സഹായിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.