ജോസഫ് ചിന്തകൾ 288: ജോസഫ് – ഓർമ്മകൾ സൂക്ഷിക്കുന്ന മനുഷ്യൻ

ലോകാരോഗ്യ സംഘടന സെപ്റ്റംബര്‍ മാസം അല്‍ഷൈമേഴ്‌സ് മാസമായും സെപ്റ്റംബര്‍ 21 അല്‍ഷൈമേഴ്‌സ് ദിനമായും ആചരിക്കുന്നു.

ഓർമ്മകളുടെ മരണമാണല്ലോ അൽഷൈമേഴ്സിനെ (Alzheimer’s) ഏറ്റവും ഭീകരമായ രോഗങ്ങളിലൊന്നാക്കി മാറ്റുന്നത്. ജീവിതാനുഭവങ്ങൾ മസ്തിഷ്കത്തിൽ ആലേഖനം ചെയ്യുന്നത് ഓർമ്മയുടെ ഭാഷയിലാണ്. സന്തോഷകരമായ അനുഭവങ്ങൾ മധുരമുള്ള ഓർമ്മകൾ സമ്മാനിക്കുമ്പോൾ മുറിപ്പെടുത്തുന്ന അനുഭവങ്ങൾ ദു:ഖത്തിന്റെ ഓർമ്മകൾ തരുന്നു.

അൽഷൈമേഴ്സ് ഒരു രോഗമാണങ്കിൽ ബോധപൂർവ്വം മറവി അഭിനയിക്കുന്ന ഒരു സമൂഹം ഇവിടെ കൂടിവരുന്നു. ചില കാഴ്ചകളും വസ്തുതകളും വെല്ലുവിളികൾ സൃഷ്ടിക്കുമെന്നറിയുമ്പോൾ അതിൽ നിന്നു ബോധപൂർവ്വം ഒഴിഞ്ഞുമാറാൻ വെമ്പൽ കൊള്ളുന്നവരാണ് മനുഷ്യർ. സ്വാർത്ഥതാൽപര്യങ്ങൾക്കും സ്വജനപക്ഷപാതത്തിനുമായി സ്വയം മറവി അഭിനയിക്കുന്ന സമൂഹം കാലഘട്ടത്തിന്റെ വേദനയാണ്.

വി. യൗസേപ്പിതാവ് ഇതിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്നു. ഓർമ്മകൾ സൂക്ഷിക്കുന്ന വ്യക്തിയായിരുന്നു അവൻ. ദൈവം തന്നോടു പറഞ്ഞ കാര്യങ്ങൾ അവൻ നിരന്തരം ഓർമ്മയിൽ നിലനിർത്തി. സാഹചര്യങ്ങൾക്കനുസരിച്ച് ഓർമ്മകൾ അവൻ ബോധപൂർവ്വം മറന്നില്ല. ഓർമ്മകൾ ഇല്ലാതാകുമ്പോഴാണല്ലോ യഥാർത്ഥത്തിൽ ഹൃദയത്തിൽ മരണം സംഭവിക്കുന്നത്. ദൈവവിചാരം അവന്റെ ഓർമ്മയിൽ നിന്നു മങ്ങാത്തതുകൊണ്ട് ദൈവം ഏല്പിച്ച ഉത്തരവാദിത്വങ്ങൾ വിശ്വസ്തതയോടെ അവൻ നിറവേറ്റി.

വിശുദ്ധ കുർബാന സ്ഥാപിച്ചശേഷം ഈശോ അരുളിചെയ്തു: “ഇത് നിങ്ങൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ.” ഈ ഓർമ്മ സജീവമായി നിലനിർത്തുവോളം സഭയുണ്ട്. ദൈവവചനത്തിന്റെയും ദൈവിക ഇടപെടലുകളുടെയും സജീവ ഓർമ്മ നിലനിർത്തിയാലേ ജീവിതം ഐശ്വര്യപ്രദമാകൂ എന്ന് യൗസേപ്പിതാവ് നമ്മെ പഠിപ്പിക്കുന്നു. ദൈവത്തെ ഓർക്കുന്നവരെ ദൈവം കൈവെടിയുകയില്ല. “ദൈവമേ, അങ്ങ്‌ എന്നെ ഓര്‍മ്മിച്ചിരിക്കുന്നു. അങ്ങയെ സ്‌നേഹിക്കുന്നവരെ അങ്ങ്‌ ഉപേക്ഷിച്ചിട്ടില്ല” (ദാനി. 14:38).

ഓർമ്മകൾ സൂക്ഷിക്കുന്ന യൗസേപ്പിതാവിന്റെ പക്കൽ പോകാൻ മടിക്കേണ്ട. കാരണം ആ പിതാവിന്റെ മദ്ധ്യസ്ഥനിഘണ്ടുവിൽ മറവി എന്നൊരു വാക്കില്ല.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.