ജോസഫ് ചിന്തകൾ 287: യൗസേപ്പിതാവും മത്തായി ശ്ലീഹായും

സെപ്റ്റംബർ മാസം ഇരുപത്തിയൊന്നാം തീയതി മത്തായി ശ്ലീഹായുടെ തിരുനാൾ ആണ്. “ഈശോയുടെ പന്ത്രണ്ട് ശ്ലീഹന്മാരിൽ ഒരുവനായിരുന്ന മത്തായി, ഹല്പൈയുടെ പുത്രനായിരുന്നു. ചുങ്കം പിരിക്കലായിരുന്നു അവന്റെ ജോലി. അവന്റെ ആദ്യത്തെ നാമം ലേവി എന്നായിരുന്നു” (മര്ക്കോ. 2:14).

ശിഷ്യനാകാനുള്ള അവന്റെ വിളിയെപ്പറ്റി മത്തായി സുവിശേഷം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “യേശു അവിടെ നിന്നു നടന്നുനീങ്ങവേ, മത്തായി എന്നൊരാള് ചുങ്കസ്ഥലത്ത്‌ ഇരിക്കുന്നതു കണ്ടു. യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന് എഴുന്നേറ്റ്‌ യേശുവിനെ അനുഗമിച്ചു” (മത്തായി 9:9). എന്നെ അനുഗമിക്കുക എന്ന ഈശോയുടെ ഒറ്റ ആഹ്വാനത്താൽ സകലതും ഉപേക്ഷച്ച് ഈശോയെ അനുഗമിച്ച വ്യക്തിയാണ് മത്തായി.

“ആരോഗ്യമുള്ളവര്ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട്‌ ആവശ്യം. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ് ഞാന് വന്നത്‌” (മര്ക്കോ. 2:17) എന്ന തന്റെ ദൗത്യം ഈശോ വ്യക്തമാക്കുന്നത് ലേവിയുടെ ഭവനത്തിൽ ഭക്ഷണത്തിനിരിക്കുമ്പോഴാണ്.

വി. യൗസേപ്പിതാവിനെക്കുറിച്ച് നല്ല ഒരു വിവരണം മത്തായിയുടെ സുവിശേഷത്തിലൂടെ നമുക്ക് ലഭിക്കുന്നു. ഒന്നാം അദ്ധ്യായത്തിൽ, യൗസേപ്പിതാവിനെ അഞ്ചു തവണ പേരെടുത്ത് പരാമർശിച്ചിരിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ കാണുന്ന യൗസേപ്പിതാവിന്റെ സ്വഭാവത്തെക്കുറിച്ചു പരാമർശിക്കുന്ന ഏകഭാഗം മത്തായി സുവിശേഷത്തിലാണ്. “അവളുടെ ഭര്ത്താവായ ജോസഫ്‌ നീതിമാനാകയാലും അവളെ അപമാനിതയാക്കാന് ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന് തീരുമാനിച്ചു” (മത്തായി 1:19).

എന്നെ അനുഗമിക്കുക എന്ന ഒറ്റ ആഹ്വാനത്തെ തുടർന്ന് ഈശോയെ മത്തായി ശ്ലീഹാ അനുഗമിച്ചുവെങ്കിൽ കര്ത്താവിന്റെ ദൂതന്റെ ഒരു സ്വപ്‌നദർശനത്തോടെ (മത്തായി 1:20) ദൈവപിതാവിന്റെ ഭൂമിയിലെ പ്രതിനിധിയാകാൻ യൗസേപ്പിതാവ് സമ്മതമരുളി. രണ്ടു പേരും തങ്ങളുടെ വിളിയോട് വിശ്വസ്തരായിരുന്നുകൊണ്ട് ജീവിതം സമ്പൂർണ്ണമാക്കി. നമ്മുടെ വിളിയും ദൗത്യയും പൂർത്തിയാക്കാൻ യൗസേപ്പിതാവും മത്തായി ശ്ലീഹായും നമ്മെ സഹായിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.