ജോസഫ് ചിന്തകൾ 286: ഈശോയുടെ മുഖമുള്ള യൗസേപ്പിതാവ്

ജർമ്മനിയിലെ ബവേറിയൻ സംസ്ഥാനത്തിലെ മിറ്റൻവാൾഡ് (Mittenwald) എന്ന സ്ഥലത്തുള്ള വി. യൗസേപ്പിതാവിന്റെ നാമത്തിലുള്ള ഒരു ചെറിയ യൗസേപ്പ് കപ്പേളയിലെ ചിത്രമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. 1689 -ൽ കേവലം കുരിശടി മാത്രമായിരുന്ന ഈ ചെറിയ കപ്പേള 2000-2002 വർഷങ്ങളിൽ നവീകരിക്കുകയും യൗസേപ്പിതാവിന്റെയും ഉണ്ണിശോയുടെയും ചിത്രം സ്ഥാപിക്കുകയും ചെയ്തു.

ഈ ചിത്രത്തിലെ യൗസേപ്പിതാവിന്റെ മുഖഛായ ഈശോയുടെതു പോലെയാണ്. ആശാരിപ്പണി എടുക്കുന്നതിനിടയിൽ യൗസേപ്പിതാവ് ഉണ്ണീശോയെ മടിയിലിരുത്തി അല്പം ലാളിക്കുന്നു. അദ്ധ്വാനത്തിന്റെ ക്ഷീണം യൗസേപ്പിതാവിന്റെ മുഖത്തുണ്ടെങ്കിലും ഈശോയെ പരിചരിക്കാൻ ആ നല്ല പിതാവ് സമയം കണ്ടെത്തുന്നു. ജോലിത്തിരക്കുകൾക്കിടയിൽ മക്കളോടുള്ള കടമ മറക്കുന്നവർക്കുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഈ ചിത്രം.

യൗസേപ്പിതാവിന്റെ അരയിൽ കെട്ടിയിരിക്കുന്ന ചരടിൽ ഉണ്ണീശോ പിടിച്ചിരിക്കുന്നു. അവർ തമ്മിലുള്ള ആന്തരികബന്ധത്തിന്റെ അടയാളമാണത്. യൗസേപ്പിതാവിന്റെ കൈവശം കാണുന്ന ലില്ലിപുഷ്പം ഈ ചിത്രത്തിൽ ഉണ്ണീശോയാണ് പിടിച്ചിരിക്കുന്നത്. തന്റെ വളർത്തുപിതാവിന്റെ പരിശുദ്ധിയും നിർമ്മലതയും ഉണ്ണീശോ ലോകത്തോടു പ്രഘോഷിക്കുകയാണിവിടെ.

നമ്മൾ കണ്ടുശീലിച്ച ഈശോയുടെ പരസ്യജീവിതത്തിലെ മുഖത്തിന് ഈ ചിത്രത്തിലെ യൗസേപ്പിതാവിന്റെ മുഖഛായയാണ്. ദൈവഹിതം പരാതിയോ, പരിഭവമോ ഇല്ലാതെ അനുസരിച്ച് അത് നിറവേറ്റി ജീവിച്ച യൗസേപ്പിതാവിന് ദൈവപിതാവ് നൽകിയ അംഗീകാരമായി യൗസേപ്പിതാവിന്റെ ഈ മുഖത്തെ നമുക്കു കാണാൻ കഴിയും. യൗസേപ്പിതാവിന്റെ പക്കലണയുന്നവർ അവസാനം ഈശോയുടെ പക്കലെത്തും എന്ന വലിയൊരു സന്ദേശവും ഈ ചിത്രം നൽകുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.