ജോസഫ് ചിന്തകൾ 284: യൗസേപ്പിതാവ് ആഘോഷിച്ചിരുന്ന ഒരു പ്രധാന യഹൂദ തിരുനാൾ

യഹൂദമതത്തിലെ പ്രധാന തിരുനാളുകളിലൊന്നാണ് ‘യോംകിപ്പൂർ’ അഥവാ പാപ പരിഹാരദിനം (The Day of Atonement). യോം, കിപ്പൂർ എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് ഈ പദത്തിന്റെ ഉൽപത്തി ‘യോം’ എന്നാൽ ദിവസം, ‘കിപ്പൂർ’ എന്നാൽ പ്രായശ്ചിത്തം എന്നുമാണർത്ഥം.

യഹൂദ കലണ്ടറിലെ ഏഴാം മാസമായ (Tishrei) പത്താം ദിനം ആഘോഷിക്കുന്ന ഈ തിരുനാൾ സാബത്തുകളുടെ സാബത്ത് എന്നാണ് അറിയപ്പെടുന്നത്. ലേവ്യരുടെ പുസ്തകം പതിനാറാം അദ്ധ്യായത്തിൽ പാപ പരിഹാരദിനത്തെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്: “ഇത് നിങ്ങള്ക്ക്‌ എന്നേക്കുമുള്ള നിയമമാണ്‌. ഏഴാം മാസം പത്താം ദിവസം നിങ്ങള് ഉപവസിക്കണം. നിങ്ങളോ നിങ്ങളുടെ ഇടയിലുള്ള വിദേശീയരോ അന്ന് ജോലി ചെയ്യരുത്‌. പാപങ്ങളില് നിന്നെല്ലാം ശുദ്ധീകരിക്കപ്പെടാനായി നിങ്ങള്ക്കു വേണ്ടി പരിഹാരം ചെയ്യുന്ന ദിവസമാണത്‌” (ലേവ്യ. 16:29-30). ഈ വർഷം സെപ്റ്റംബർ 15, 16 തീയതികളിലായിരുന്നു യോംകിപ്പൂർ തിരുനാൾ. അനുതാപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും 25 യാമങ്ങള് വിശ്വസ്തതയോടെ ചിലവഴിക്കുന്ന ഒരു യഹൂർക്കാണ് യോം കിപ്പൂര് ആചരണം ഫലവത്താകുന്നത്.

മിദ്രാഷ് പാരമ്പര്യമനുസരിച്ച് മോശയ്ക്ക് ദൈവം പത്തു കൽപനകളുടെ രണ്ടാം ഭാഗം നൽകിയത് യോം കിപ്പൂർ ദിനത്തിലാണ്. സ്വർണ് ണകാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചതിന് ഇസ്രായേൽ ജനത്തിന് ദൈവം പാപ പരിഹാരം നൽകിയ ദിനം കൂടിയാണിത്.

നീതിമാനായ ഒരു യഹൂദൻ എന്ന നിലയിൽ യൗസേപ്പിതാവ് ഏറ്റവും വിശുദ്ധമായി ഈ തിരുനാൾ ആഘോഷിച്ചിരിക്കണം. ഈ ദിനത്തിൽ ദൈവത്തിൽ നിന്ന് പാപപരിഹാരം നേടുന്നതിനു വേണ്ടി മൂന്നു കാര്യങ്ങൾ ചെയ്യണം എന്നാണ് യഹൂദമതം അനുശാസിക്കുന്നത്. പ്രാർത്ഥിക്കുക, പാപങ്ങളെക്കുറിച്ച് അനുതപിക്കുക, ദാനധർമ്മം ചെയ്യുക. ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ ഈശോയെ വളർത്തിയ യൗസേപ്പിതാവ് തീർച്ചയായും യോം കീപ്പൂർ ദിനത്തിന്റെ ശ്രേഷ്ഠതയെപ്പറ്റി ഈശോയോടു പറഞ്ഞു കൊടുത്തട്ടുണ്ടാവും.

സീറോ മലബാർ കുർബാന ക്രമത്തിലെ അനുസ്മരണഗീതത്തിലെ “അവിടുത്തെ സന്നിധിയിൽ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ ഉപവാസവും പ്രാർത്ഥനയും അനുതാപവും വഴി മിശിഹായും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്കു പ്രസാദിപ്പിക്കാം” എന്ന പ്രാർത്ഥനയിലും യോം കീപ്പൂർ ദിനത്തിന്റെ ചൈതന്യം കാണാൻ കഴിയും.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.