ജോസഫ് ചിന്തകൾ 272: ജോസഫ് – ദൈവാനുഗ്രഹത്തിന്റെ ഉറവകളിൽ ജീവിതം രൂപപ്പെടുത്തിയവൻ

52-മത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ സെപ്റ്റംബർ അഞ്ചാം തീയതി തിരി തെളിഞ്ഞു. 87 -ആം സങ്കീർത്തനത്തെ ആസ്പദമാക്കിയുള്ള “എല്ലാ ഉറവകളും അങ്ങില്‍ നിന്നാണ്” എന്നതാണ് ദിവ്യകാരുണ്യ കോൺഗ്രസിന്റെ ആപ്തവാക്യം.

വി. യൗസേപ്പിതാവിന്റെ ജിവിതനിയമം ഈ സങ്കീർത്തന വാക്യത്തിൽ നമുക്ക് കണ്ടെത്താൻ കഴിയും. ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങളുടെയും ഉറവിടം ദൈവമാണന്നുള്ള ഒരു ഭക്തന്റെ ആത്മസംതൃപ്തിയാണ് ഈ വാക്യം.

ഉറവകൾ പ്രതീക്ഷയുടെ അടയാളമാണ്. ദാഹിച്ചുവരണ്ട മനുഷ്യന് ജീവന്റെ കുളിർമ്മ സമ്മാനിക്കുന്ന ഉറവകൾ ദൈവാനുഗ്രഹത്തിന്റെ ഭൂമിയിലെ പ്രതീകമാണ്. ഉറവ വറ്റാത്തിടത്തോളം ജീവന് സുരക്ഷിതത്വമുണ്ട്. ഉറവയില്ലാത്ത കിണർ പൊട്ടക്കിണറായി പരിണമിക്കും. ദൈവത്തിൽ നിന്നുത്ഭവിക്കുന്ന ഉറവകൾ ഒരിക്കലും വറ്റുകയില്ല. സ്നേഹത്തിന്റെ ആ ഉറവയിൽ എന്നും ജീവിതത്തിന് സംതൃപ്തി ലഭിക്കും. ഈ ഉറവയിൽ ആശ്രയിക്കുന്ന ആരും നിരാശരാവുന്നില്ല.

പുതിയ നിയമത്തിലെ ജോസഫ് ദൈവത്തിൽ നിന്നുത്ഭവിക്കുന്ന ഉറവകളിൽ ജീവന്റെ താളം തിരിച്ചറിഞ്ഞവനാണ്. എല്ലാ നന്മകളും പുണ്യങ്ങളും ഉറവ പൊട്ടുന്ന ദിവ്യകാരുണ്യത്തെ ഹൃദയത്തിൽ സ്വീകരിക്കാൻ യൗസേപ്പിതാവ് നമുക്ക് മാതൃകയാണ്.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.