ജോസഫ് ചിന്തകൾ 271: ജോസഫ് ചൈതന്യത്തിൽ വിരിഞ്ഞ മദർ തെരേസായുടെ എളിമ

കാരുണ്യത്തിന്റെ മാലാഖയായ കൽക്കത്തയിലെ വി. മദർ തേരാസായുടെ തിരുനാൾ ദിനത്തിൽ ജോസഫ് ചിന്തയ്ക്ക് വിഷയം അമ്മ തന്നെയാകട്ടെ.

ലോകം എളിമ എന്ന സുകൃതത്തിന്റെ ശക്തി മനസ്സിലാക്കുകയോ, മൂല്യം തിരിച്ചറിയുകയോ ചെയ്തിട്ടില്ല, യേശു ലോകത്തെ രക്ഷിച്ചത് എളിമയിലൂടെയാണ്. മദർ തെരേസ എളിമയെ എല്ലാ പുണ്യങ്ങളുടെയും മാതാവായാണ് കണ്ടത്. മദർ ഒരിക്കൽ പറഞ്ഞു: “നിങ്ങൾ എളിമയുള്ളവരാണങ്കിൽ ഒന്നിനും സ്തുതികൾക്കോ, അപമാനത്തിനോ നിങ്ങളെ സ്പർശിക്കാനാവില്ല, കാരണം നിങ്ങൾ ആരാണെന്നു നിങ്ങൾക്കറിയാം. നിങ്ങളെ കുറ്റപ്പെടുത്തുകയാണങ്കിൽ നിങ്ങൾ നിരാശരാവുകയില്ല, അവർ നിങ്ങളെ വിശുദ്ധൻ എന്നു വിളിച്ചാൽ നിങ്ങൾ നിങ്ങളെത്തന്നെ ഒരു പീഠത്തിൽ പ്രതിഷ്ഠിക്കില്ല.”

എളിമയിൽ വളരാൻ മദർ തെരേസ നിർദ്ദേശിക്കുന്ന പതിനഞ്ചു മാർഗ്ഗങ്ങളിൽ യൗസേപ്പിതാവിന്റെ ചൈതന്യം നമുക്കു കാണാൻ കഴിയും. അത് താഴെപ്പറയുന്നവയാണ്.

1. നമ്മെക്കുറിച്ച് കഴിവതും കുറച്ചു മാത്രം സംസാരിക്കുക.
2. സ്വന്തം കാര്യങ്ങളിൽ ഉത്സാഹിയായിരിക്കുക. അല്ലാതെ മറ്റുള്ളവരുടെ കാര്യങ്ങളിൽ അല്ല.
3. ജിജ്ഞാസ ഒഴിവാക്കുക.
4. മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടാതിരിക്കുക.
5. ചെറിയ അസ്വസ്ഥതകൾ പുഞ്ചിരിയോടെ സ്വീകരിക്കുക.
6. മറ്റുള്ളവരുടെ തെറ്റുകളിൽ കൂട്ടുകൂടാതിരിക്കുക.
7. അർഹതപ്പെട്ടതല്ലെങ്കിലും ശാസനകൾ സ്വീകരിക്കുക.
8. മറ്റുള്ളവരുടെ ഹിതങ്ങൾക്കു മുന്നിൽ വഴങ്ങിക്കൊടുക്കുക.
9. അപമാനവും ദ്രോഹവും അംഗീകരിക്കുക.
10. മറ്റുള്ളവർ പരിഗണിക്കാതിരിക്കുന്നതും മറക്കുന്നതും അവരുടെ അവജ്ഞയും ഈശോയെപ്രതി സ്വീകരിക്കുക.
11. മറ്റുള്ളവരാൽ പ്രകോപിക്കപ്പെടുമ്പോഴും വിനീതനും മൃദുലനുമായിരിക്കുക.
12. സ്നേഹവും ആരാധനയും അന്വേഷിക്കാതിരിക്കുക.
13. നിന്റെ മഹത്വത്തിന്റെ പിന്നിൽ നിന്നെത്തന്നെ സംരക്ഷിക്കാതിരിക്കുക.
14. ചർച്ചകളിൽ നമ്മൾ ശരിയാണങ്കിലും വിട്ടുവീഴ്ചകൾക്കു വഴങ്ങുക.
15. ബുദ്ധിമുട്ടുള്ള കർത്തവ്യം എപ്പോഴും തിരഞ്ഞെടുക്കുക.

ഈശോ ലോകത്തെ രക്ഷിച്ചത് എളിമയിലൂടെയാണ്. “ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ” (മത്തായി 20:28).

ഈ ചൈതന്യം തിരിച്ചറിഞ്ഞ് ജീവിച്ച യൗസേപ്പിതാവും മദർ തെരേസയും എളിമയിൽ വളരാൻ നമ്മെ സഹായിക്കട്ടെ. ദൈവത്തിലേക്കു വളരുന്നതിന് ഏറ്റവും വലിയ തടസ്സം ദൈവത്തേക്കാൾ കൂടുതലായി നാം നമ്മെത്തന്നെ ആശ്രയിക്കുന്നതാണ് എന്ന സത്യം മറക്കാതിരിക്കുക.

ഫാ. ജയ്സൺ കുന്നേൽ MCBS

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.