ജോസഫ് ചിന്തകൾ 27: ജോസഫ് – സ്ഥിരതയോടെ വളർത്തുന്നവൻ

ക്രൈസ്തവ ജീവിതത്തിൽ പുണ്യപൂർണ്ണതയിൽ വളരാൻ അത്യന്ത്യാപേക്ഷിതമായ സ്ഥിരത എന്ന ഗുണത്തെപ്പറ്റിയാണ് യൗസേപ്പിതാവ് ഇന്നു സംസാരിക്കുന്നത്. നിലപാടുകളിൽ സ്ഥിരതയുണ്ടായിരുന്ന വ്യക്തിയായിരുന്നു ജോസഫ്. ഉറച്ച ബോധ്യങ്ങളും നിതാന്തമായ ആത്മസമർപ്പണവും ദൈവാശ്രയബോധവും ജോസഫിനെ സ്ഥിരതയുള്ളവനാക്കി.

യാക്കോബ് ശ്ലീഹായുടെ ലേഖനത്തിൽ വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള് നിങ്ങള്ക്ക്‌ അതില് സ്‌ഥിരത ലഭിക്കുമെന്നും ഈ സ്ഥിരത പൂര്‍ണ്ണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള് പൂര്‍ണ്ണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആവുകയും ചെയ്യും (യാക്കോബ്‌ 1:3- 4) എന്നു നാം വായിക്കുന്നു. ദൈവപുത്രന്റെ വളർത്തുപിതാവാകാൻ തിരഞ്ഞെടുക്കപ്പെട്ട ജോസഫ്, നിരവധി വിശ്വാസപരീക്ഷണങ്ങളിലൂടെ കടന്നുപോയങ്കിലും അവയിലെല്ലാം സ്ഥിരതയോടെ നിലകൊണ്ടു. ദൂതൻ സ്വപ്നത്തിൽ ദർശനം നൽകിയ മുതൽ, ബാലനായ യേശുവിനെ കാണാതാകുന്നതുവരെയുള്ള പരീക്ഷണങ്ങൾ സുവിശേഷങ്ങളിൽ നാം വായിക്കുന്നു. അവയിലെല്ലാം ചഞ്ചലചിത്തനാകാതെ ജോസഫ് നിലകൊണ്ടു.

സ്ഥിരതയില്ലാത്ത, നിലപാടുകളില്ലാത്ത, സാഹചര്യത്തിനനുസരിച്ച് മലക്കം മറിയുന്ന വ്യക്തികൾ ജോസഫിന്റെ ചൈതന്യത്തിൽ നിന്ന് അകലെയാണ്. യൗസേപ്പ് എന്ന വാക്കിന്റെ അർത്ഥം വളർത്തുന്നവൻ എന്നാണ്. യൗസേപ്പിനോടു ചേർന്നുനിന്നാൽ സ്ഥിരതയുള്ള വ്യക്തികളാകും. അപ്പോൾ യൗസേപ്പിതാവ് നമ്മെ വളർത്തുകയും ചെയ്യും. നമ്മുടെ ജീവിതം എത്ര കൂടുതൽ യൗസേപ്പിൻ്റേതു പോലെയാക്കുന്നുവോ അത്ര കൂടുതൽ വിശ്വാസ സ്ഥിരതയിൽ നാം പുരോഗമിക്കും.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.